ADVERTISEMENT

വാഷിങ്ടൻ∙ റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി യുഎസ് മുന്നോട്ടുവച്ച വെടിനിർത്തൽ കരാർ യുക്രെയ്ൻ അംഗീകരിച്ചതിനു പിന്നാലെ യുഎസ് പ്രതിനിധികളായ ഉദ്യോഗസ്ഥർ റഷ്യയിലേക്കു തിരിച്ചതായി റിപ്പോർട്ട്. 30 ദിവസത്തെ വെടിനിർത്തൽ കരാർ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനു സമർപ്പിക്കാൻ പ്രതിനിധികളെ അയച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. വെടിനിർത്തൽ കരാർ റഷ്യ അംഗീകരിക്കുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവച്ചു. 

വെടിനിർത്തൽ കരാറിനെക്കുറിച്ചു പഠിച്ചുകൊണ്ടിരിക്കുകയാണെന്നും പദ്ധതിയെക്കുറിച്ച് യുഎസിൽനിന്നുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും റഷ്യ അറിയിച്ചു. എന്നാൽ വെടിനിർത്തൽ കരാറിനെക്കുറിച്ചുള്ള ചോദ്യത്തിനു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് കൃത്യമായ മറുപടി നൽകിയില്ല. വിഷയം യുഎസുമായി ചർച്ച ചെയ്യണമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. 

അതേസമയം, യുക്രെയ്നെതിരായ യുദ്ധം റഷ്യ തുടർന്നാൽ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പു നൽകി. ‘‘പ്രതികൂലമായ സാമ്പത്തിക ആഘാതം ഉണ്ടാക്കാൻ കഴിയുന്ന നടപടികളുണ്ട്. അതു റഷ്യക്ക് വിനാശകരമാകും. എന്നിരുന്നാലും എനിക്ക് ആ ഫലം വേണ്ട. കാരണം എന്റെ ലക്ഷ്യം സമാധാനം കൈവരിക്കുക എന്നതാണ്.’’ – ട്രംപ് പറഞ്ഞു.

വൈറ്റ് ഹൗസിൽ യുക്രെയ്ൻ പ്രസി‍ഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി ട്രംപ്  നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടിരുന്നു. ഇതിനുപിന്നാലെ യുക്രെയ്നു നൽകിയിരുന്ന സൈനിക സഹായം യുഎസ് നിർത്താലാക്കി. എന്നാൽ സൗദിയിലെ ജിദ്ദയിൽ യുഎസ് – യുക്രെയ്ൻ പ്രതിനിധികൾ നടത്തിയ ചർച്ച വിജയിച്ചതിനു പിന്നാലെ യുക്രെയ്നു നൽകിയിരുന്ന സൈനിക സഹായം യുഎസ് പുനഃസ്ഥാപിച്ചു. 

2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്നിൽ പ്രത്യേക സൈനിക നടപടി ആരംഭിക്കുന്നത്. മൂന്നു വർഷമായി തുടരുന്ന യുദ്ധം പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടുത്തുകയും ജനങ്ങളെ കടുത്ത ദുരിതത്തിലാഴ്ത്തുകയും ചെയ്തു.

English Summary:

Russia-Ukraine War:Donald Trump Warns Vladimir Putin Ahead Of Russia Talks

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com