ADVERTISEMENT

തിരുവനന്തപുരം ∙ കൊല്ലം കടയ്ക്കലില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ഗാനമേളയ്ക്കിടെ വിപ്ലവ ഗാനങ്ങള്‍ ആലപിക്കുകയും പിന്നിലെ സ്‌ക്രീനില്‍ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും കൊടികളുടെ ദൃശ്യം കാട്ടുകയും ചെയ്ത സംഭവം ദേവസ്വം വിജിലന്‍സ് അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ഒരു പാര്‍ട്ടിയുടെയും ചിഹ്നങ്ങളോ കൊടിയോ ഒന്നും പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് വ്യക്തമായ ഹൈക്കോടതി വിധി ഉണ്ടെന്നും പ്രശാന്ത് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ ക്ഷേത്രങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന് രാഷ്ട്രീയമില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിയോ പരിപാടിയോ ദേവസ്വങ്ങളില്‍ പാടില്ലെന്നാണ് സര്‍ക്കാരിന്റെയും കോടതിയുടെയും നിലപാട്. അതു കൃത്യമായി നടപ്പാക്കി മാത്രമേ ദേവസ്വം ബോർഡ് മുന്നോട്ടുപോകൂ എന്നും പ്രശാന്ത് പറഞ്ഞു.

ഉപദേശകസമിതികളില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും അംഗങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എല്ലാവരും ഒറ്റക്കെട്ടായി ആചാരങ്ങള്‍ പാലിച്ച് മുന്നോട്ടുപോകണം. കടയ്ക്കലില്‍ ഉത്സവം നടത്തിയ ഉപദേശകസമിതിയുമായി ബന്ധപ്പെട്ടാണ് ഈ സംഭവം ഉണ്ടായതെന്നാണ് അറിഞ്ഞത്. വിവരം അറിഞ്ഞപ്പോള്‍ തന്നെ ഉദ്യോഗസ്ഥരെ വിളിച്ച് ഉപദേശകസമിതിക്കു നോട്ടിസ് കൊടുക്കാന്‍ നിര്‍ദേശിച്ചു. ദേവസ്വം വിജിലന്‍സിനെ അന്വേഷണത്തിനു നിയോഗിച്ചു. അന്വേഷണ റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് ആരുടെ ഭാഗത്തുനിന്ന് തെറ്റുണ്ടായാലും നടപടി സ്വീകരിക്കും. പെരുമ്പാവൂരിലെ ക്ഷേത്രത്തില്‍ ആര്‍എസ്എസിന്റെ ഡ്രില്‍ നടക്കുന്നുവെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട് കിട്ടിയിരുന്നു. അവിടെയും സമാനമായ നിലപാടാണ് എടുത്തതെന്നും 19ന് തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് യോഗം ചേരുമ്പോള്‍ പ്രത്യേക അജന്‍ഡയായി വിഷയം ചര്‍ച്ച ചെയ്യുമെന്നും പ്രശാന്ത് പറഞ്ഞു. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി ഗായകന്‍ അലോഷി അവതരിപ്പിച്ച ഗാനമേളയ്ക്കിടെ വിപ്ലവഗാനം പാടിയതാണു വിവാദമായത്. കോണ്‍ഗ്രസും ബിജെപി - ഹൈന്ദവ സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. മാർച്ച് 10നാണ് സിപിഎമ്മിനോട് ആഭിമുഖ്യമുള്ള വ്യാപാരി വ്യവസായി സമിതി മടത്തറ യൂണിറ്റ്, കടയ്ക്കല്‍ ഏരിയ കമ്മിറ്റി എന്നിവർ ചേര്‍ന്നു ക്ഷേത്രത്തില്‍ ഗാനമേള നടത്തിയത്. ‘പുഷ്പനെ അറിയാമോ...’, ‘നൂറു പൂക്കളെ...’ തുടങ്ങിയ പാട്ടുകള്‍ അലോഷി ആലപിച്ചു. ഈ സമയം സ്റ്റേജിലെ എല്‍ഇഡി സ്‌ക്രീനില്‍ സിപിഎം, ഡിവൈഎഫ്‌ഐ കൊടികളും ചിഹ്നങ്ങളും തെളിഞ്ഞു. ഇതോടെ സദസ്സില്‍ നിന്ന് ഇന്‍ക്വിലാബ് സിന്ദാബാദ് വിളികളും മുഴങ്ങി. പ്രദേശത്തെ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ സദസ്സിന്റെ മുന്‍നിരയില്‍ ഇരുന്നു താളം പിടിക്കുന്നതു സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.

ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ക്കു വിരുദ്ധമായാണു ഗാനമേള എന്നാരോപിച്ചാണ് കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെ രംഗത്തെത്തിയത്. തിരുവാതിര ഉത്സവ നടത്തിപ്പിനു രൂപീകരിച്ച കമ്മിറ്റിയിലും ക്ഷേത്രോപദേശക സമിതിയിലും സിപിഎം പ്രാദേശിക നേതാക്കള്‍ക്കാണു മുന്‍തൂക്കം. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തിലെ ഉത്സവ പരിപാടി സിപിഎമ്മിന്റെ പ്രചാരണ വേദിയാക്കാന്‍ ശ്രമിച്ചെന്നാരോപിച്ചു കോടതിയെ സമീപിക്കാനാണു കോണ്‍ഗ്രസ് തീരുമാനം. അമ്പലത്തില്‍ ഉത്സവം നടക്കുമ്പോള്‍ എന്തിനാണ് ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചോദിച്ചു. സിപിഎമ്മുകാര്‍ ഇപ്പോള്‍ അമ്പലത്തില്‍ പോയി ‘പുഷ്പനെ അറിയാമോ’ എന്ന പാട്ടു പാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിവാദത്തില്‍ പ്രതികരിക്കാനില്ലെന്ന് അലോഷി അറിയിച്ചു.

അതേസമയം, ഉത്സവ പരിപാടികള്‍ നടത്തുന്നതുള്‍പ്പെടെയുള്ള ചുമതല അതതു വര്‍ഷം തിരഞ്ഞെടുക്കപ്പെടുന്ന ഉത്സവ കമ്മിറ്റിക്കും ക്ഷേത്രോപദേശക സമിതിക്കും ആണെന്നും ക്ഷേത്രാചാരത്തില്‍ മാത്രമാണു ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമെന്നും ബോര്‍ഡ് പുനലൂര്‍ അസി.കമ്മിഷണര്‍ ജെ. ഉണ്ണിക്കൃഷ്ണന്‍ നായര്‍ പറഞ്ഞു. വിപ്ലവ ഗാനം പാടിയതില്‍ തെറ്റില്ലെന്നും സ്‌ക്രീനില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയും ചിഹ്നവും ഉയര്‍ത്തിയതിനെ ന്യായീകരിക്കുന്നില്ലെന്നും ക്ഷേത്രോപദേശ സമിതി പ്രസിഡന്റും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ എസ്.വികാസ് പറഞ്ഞു.

English Summary:

Revolutionary Song Controvery: Pushpane Ariyamo, revolutionary song, was sung at a Kadakkal Devi Temple festival, igniting a political firestorm.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com