ADVERTISEMENT

കൊച്ചി ∙ കളമശേരി ഗവ. പോളിടെക്നിക് കോളജ് ഹോസ്റ്റലിൽനിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ യൂണിയന്‍ ജനറൽ സെക്രട്ടറി ആർ.അഭിരാജിനെ എസ്എഫ്ഐ പുറത്താക്കി. ശനിയാഴ്ച ചേർന്ന കോളജ് യൂണിറ്റ് സമ്മേളനത്തിലാണ് നടപടി. അഭിരാജിനെ പുറത്താക്കിയെന്നും ഇപ്പോൾ എസ്എഫ്ഐയുമായി യാതൊരു ബന്ധവുമില്ലെന്നും സംഘടനയുടെ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ് വ്യക്തമാക്കി. 2 കിലോഗ്രാം കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ 3 പേരും കെഎസ്‍യുക്കാരാണെന്നും സഞ്ജീവ് ആരോപിച്ചു.

ഹോസ്റ്റലിൽ നടത്തിയ റെയ്‌ഡിൽ അഭിരാജിന്റെയും മറ്റൊരു വിദ്യാർഥിയായ ആദിത്യന്റെയും മുറിയിൽ നിന്ന് 9.70 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഇതിനു പുറമെ കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന സാധനങ്ങളും മദ്യക്കുപ്പികളുമെല്ലാം മുറിയിൽ ഉണ്ടായിരുന്നു. അളവിൽ കുറഞ്ഞ കഞ്ചാവാണ് പിടിച്ചത് എന്നതിനാല്‍ ഇരുവർക്കും ഉടൻ തന്നെ ജാമ്യം ലഭിച്ചിരുന്നു. പുറത്തിറങ്ങിയ അഭിരാജ്, തന്നെ കേസിൽ കുടുക്കുകയായിരുന്നു എന്ന് അഭിപ്രായപ്പെട്ടിരുന്നു. റെയ്‌ഡ് നടക്കുന്ന വിവരമറി‍ഞ്ഞാണ് ക്യാംപസിലായിരുന്ന താൻ ഹോസ്റ്റലിൽ എത്തിയതെന്നും തുടർന്ന് പൊലീസ് തന്നെ പ്രതിയാക്കുകയായിരുന്നു എന്നുമായിരുന്നു അഭിരാജിന്റെ വാദം. അഭിരാജ് നിരപരാധിയാണെന്ന് എസ്എഫ്ഐ ഏരിയ പ്രസിഡന്റ് എം.എസ്.ദേവരാജും അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിൽ നിന്നു വ്യത്യസ്തമായ നിലപാടാണ് എസ്എഫ്ഐ സംസ്ഥാന നേതൃത്വം തുടക്കം മുതൽ സ്വീകരിച്ചത്. അഭിരാജിന്റെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവുണ്ടായി എന്ന് സംസ്ഥാന സെക്രട്ടറി തന്നെ വ്യക്തമാക്കുകയും ചെയ്തു. പിന്നാലെയാണ് ഇന്നലെ ചേർന്ന യൂണിറ്റ് സമ്മേളനത്തിൽ അഭിരാജിനെ പുറത്താക്കാൻ തീരുമാനിച്ചത്.

എന്നാൽ എല്ലാവരും ചേര്‍ന്ന് എസ്എഫ്ഐയെ മാത്രം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് സഞ്ജീവ് ആരോപിച്ചു. 2 കിലോ കഞ്ചാവുമായി പിടിയിലായ ആകാശും ഇവർക്ക് കഞ്ചാവ് എത്തിച്ചു നൽകിയ ആഷിഖും ഷാലിഖും കെഎസ്‍യുക്കാരായിട്ടും ഇക്കാര്യം എല്ലാവരും ചേർന്ന് മറച്ചുവയ്ക്കുകയാണെന്ന് സഞ്ജീവ് കുറ്റപ്പെടുത്തി. ഷാലിഖ് പോളിടെക്നിക്കിൽ കെഎസ്‍യുവിന്റെ യൂണിറ്റ് സെക്രട്ടറിയായിരുന്നു, മെമ്പര്‍ഷിപ്പ് വിതരണം നടത്തുന്ന ചിത്രം പുറത്തു വന്നിട്ടും ഇക്കാര്യം പുറത്തു വരാതിരിക്കാൻ ശ്രമിക്കുകയാണെന്ന് സഞ്ജീവ് ആരോപിച്ചു. കുറെ നാളുകളായി എസ്എഫ്ഐയെ മാത്രം കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്ന കെഎസ്‍യുക്കാരുടെ കാര്യത്തിൽ എന്താണ് നിലപാടെന്നും സംഘടനയുടെ സംസ്ഥാന സെക്രട്ടറി ചോദിച്ചു. എവിടെ നിന്നാണ് ഇവര്‍ക്ക് കഞ്ചാവ് കിട്ടിയത് എന്ന അന്വേഷണത്തിൽ കാര്യങ്ങൾ പുറത്തു വരുമെന്നതിൽ സതീശന് ഭയമുണ്ടോ എന്നും സഞ്ജീവ് ചോദിച്ചു.

അതിനിടെ, പിടിച്ചെടുത്ത കഞ്ചാവിനായി പണം മുടക്കിയത് മറ്റൊരു വിദ്യാർഥിയാണെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്. കൊല്ലം സ്വദേശിയായ ഇയാള്‍ക്ക് വേണ്ടിയാണ് കഞ്ചാവ് നൽകിയത് എന്നാണ് ആഷിഖും ഷാലിഖും നൽകിയ മൊഴി. കേസില്‍ ആദ്യം അറസ്റ്റിലായ ആകാശിന്റെയൊപ്പം മുറി പങ്കുവയ്ക്കുന്ന ആദിൽ, അനന്തു എന്നിവരിൽ നിന്നും പൊലീസ് ഇന്ന് മൊഴിയെടുത്തിട്ടുണ്ട്.

English Summary:

SFI Expels Union General Secretary After Cannabis Seizure at Kalamassery College Hostel: expulsion follows Abhiraj's arrest and accusations against other students, leading to political controversy in Kerala.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com