ADVERTISEMENT

സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്കു മടങ്ങിയെത്തുമ്പോൾ അവരെ കാത്തിരിക്കുന്നത് എന്തൊക്കെ ആരോഗ്യപ്രശ്നങ്ങളാകും? ഇന്ന് മനോരമ ഓൺലൈൻ സന്ദർശിച്ച ഏറ്റവും കൂടുതൽ വായനക്കാരുടെ ശ്രദ്ധ കവർന്ന വാർത്തയാണിത്. പാക്ക് സേനാംഗങ്ങൾ സഞ്ചരിച്ച ബസിൽ കാറിടിച്ചുണ്ടായ അപകടത്തിൽ 90 സൈനികർ കൊല്ലപ്പെട്ട സംഭവം, ആധാർ, വോട്ടര്‍ ഐഡി കാര്‍ഡുകൾ ബന്ധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം, മംഗളൂരുവിൽനിന്ന് 73 കോടി രൂപ വിലമതിക്കുന്ന 38.87 കിലോ എംഡിഎംഎയുമായി രണ്ടു ദക്ഷിണാഫ്രിക്കൻ വനിതകൾ അറസ്റ്റിലായ സംഭവം, കളമശേരി ഗവ. പോളിടെക്നിക് കോളജിലെ ഹോസ്റ്റലിൽനിന്ന് ലഹരിമരുന്ന് കണ്ടെത്തിയ കേസിലെ മുഖ്യപ്രതി പിടിയിലായ സംഭവം തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാന വാർത്തകളിൽ മറ്റു ചിലത്.

സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്കു മടങ്ങിയെത്തുന്നത് വരുന്ന ബുധനാഴ്ചയാണ്. ദീർഘകാലത്തെ ബഹിരാകാശ വാസത്തിനുശേഷം ഭുമിയിലെത്തുന്ന യാത്രികർക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് വിദഗ്ധർ പറയുന്നു. ബഹിരാകാശ നിലയത്തിൽ മാസങ്ങൾ പിന്നിട്ടു ഭൂമിയിലേക്കു തിരിച്ചെത്തുന്ന സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുക ഒട്ടും എളുപ്പമായിരിക്കില്ല.

പാക്കിസ്ഥാനെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം. പാക്ക് സേനാംഗങ്ങൾ സഞ്ചരിച്ച ബസിൽ കാറിടിച്ചുണ്ടായ അപകടത്തിൽ 90 സൈനികർ കൊല്ലപ്പെട്ടെന്നാണു റിപ്പോർട്ട്. ബലൂചിസ്ഥാനിൽ ട്രെയിൻ റാഞ്ചിയ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണമുണ്ടായെന്നു സ്ഥിരീകരിച്ച പാക്ക് സേന, 5 പേർ കൊല്ലപ്പെട്ടെന്നും 10 പേർക്ക് പരുക്കേറ്റെന്നും സ്ഥിരീകരിച്ചു.

ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നിർണായക നീക്കം. വോട്ടര്‍മാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെട്ട് വന്ന പരാതികൾ ചർച്ച ചെയ്യാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ചൊവ്വാഴ്ച നിശ്ചയിച്ചിരിക്കുന്ന ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇക്കാര്യത്തിൽ‌ തീരുമാനമുണ്ടായേക്കും എന്നാണ് വിവരം.

മംഗളൂരുവിൽനിന്ന് 73 കോടി രൂപ വിലമതിക്കുന്ന 38.87 കിലോ എംഡിഎംഎ പിടികൂടി. കേസിൽ രാജ്യാന്തര ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമായ രണ്ടു ദക്ഷിണാഫ്രിക്കൻ വനിതകൾ അറസ്റ്റിലായി. ബാംബ ഫന്റ (31), അബിഗയിൽ അഡോണിസ് (30) എന്നിവരാണ് പിടിയിലായത്. ഇന്ത്യയിൽ ലഹരി വിതരണം ചെയ്യുന്ന കണ്ണികളിലെ പ്രധാനികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

കളമശേരി ഗവ. പോളിടെക്നിക് കോളജിലെ ഹോസ്റ്റലിൽനിന്ന് ലഹരിമരുന്ന് കണ്ടെത്തിയ കേസിലെ മുഖ്യപ്രതി കൊല്ലം സ്വദേശി അനുരാജ് പിടിയിൽ. കളമശേരി പോളിടെക്നിക്കിലെ മൂന്നാം വർഷ വിദ്യാർഥിയാണ് അനുരാജ്. കളമശേരിയിൽനിന്നുതന്നെയാണ് അനുരാജിനെ പിടികൂടിയത്. കഞ്ചാവ് വാങ്ങിയത് അനുരാജിന്റെ നേതൃത്വത്തിലാണെന്ന് പൊലീസ് കണ്ടെത്തി.

English Summary:

Today's Recap: Major Headlines of 16-03-25

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com