തിരുവനന്തപുരം കലക്ടറേറ്റിനു നേരെയും ബോംബ് ഭീഷണി; അജ്ഞാത സന്ദേശം ഇമെയിൽ വഴി

Mail This Article
തിരുവനന്തപുരം∙ പത്തനംതിട്ട കലക്ടറേറ്റിനു പിന്നാലെ തിരുവനന്തപുരം കലക്ടറേറ്റിനു നേരെയും ബോംബ് ഭീഷണി. ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ രംഗത്തെത്തി ജീവനക്കാരെ പുറത്തിറങ്ങി പരിശോധന നടത്തി. ഇമെയില്‍ വഴി ഉച്ചയോടെയാണ് ബോംബ് ഭീഷണി മുഴക്കി അജ്ഞാത സന്ദേശമെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെയും ജീവനക്കാരെയും അറിയിക്കുകയായിരുന്നു.
ഉടന്‍തന്നെ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ജീവനക്കാരെ എല്ലാവരെയും പുറത്തിറക്കി. തുടര്‍ന്ന് ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും എത്തി പരിശോധന നടത്തുകയായിരുന്നു. വലിയതോതിലുള്ള പൊലീസ് സന്നാഹമാണ് വിന്യസിച്ചത്. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ബോംബ് കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ കലക്ടറേറ്റ് ജീവനക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും തേനീച്ചയുടെ കുത്തേറ്റു. സാരമായി പരുക്കേറ്റ പന്ത്രണ്ടോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബ് പരിശോധനയ്ക്കിടെ കൂട് ഇളകി തേനീച്ചകള്‍ കൂട്ടത്തോടെ വന്നതോടെ ജീവനക്കാര്‍ പരിഭ്രാന്തരായി ഓടി. ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പലരും ഹെല്‍മറ്റ് വച്ചാണു രക്ഷാമാര്‍ഗം തേടി ഓടിയത്. വനിതാ ജീവനക്കാര്‍ ഷാളും സാരിയും ഉപയോഗിച്ചു മുഖംമറച്ചാണു രക്ഷപ്പെട്ടത്. കലക്ടറേറ്റ് കെട്ടിടത്തിനു പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതെ പലരും കുടുങ്ങി. ചിലര്‍ കാറിനുള്ളില്‍ അടച്ചിരുന്നതാണ് തേനീച്ചയാക്രമണം ഒഴിവാക്കിയത്.