ADVERTISEMENT

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരു മാസത്തിലേറെയായി സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുമായി നടത്തിയ മന്ത്രിതല ചർച്ചയും പരാജയം. ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയാണ് സമവായമാകാതെ പിരിഞ്ഞത്. നാളെ മുതൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് സമരസമിതി നേതാവ് മിനി പറഞ്ഞു. നേരത്തെ  എന്‍എച്ച്എം ഡയറക്ടര്‍ ഡോ.വിനയ് ഗോയൽ സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി ചർച്ചയ്ക്കു വിളിച്ചത്. നിയമസഭയിൽ മന്ത്രിയുടെ ഓഫിസിലായിരുന്നു ചർച്ച. 

സര്‍ക്കാരിനു പണമില്ലെന്നും സമയം നല്‍കണമെന്നും സമരത്തില്‍നിന്നു പിന്തിരിയണമെന്നുമാണ് എന്‍എച്ച്എം അധികൃതര്‍ ആവശ്യപ്പെട്ടത്. ഓണറേറിയത്തിന്റെ മാനദണ്ഡങ്ങള്‍ മാറ്റിയെന്നു പറയുമ്പോഴും ഇന്‍സെന്റീവിന് ഏര്‍പ്പെടുത്തിയ പുതിയ മാനദണ്ഡങ്ങള്‍ ഓണറേറിയത്തിനു കൂടി ബാധമാക്കുന്ന പുതിയ വിചിത്ര ഉത്തരവിനെക്കുറിച്ചാണ് കൂടുതലും ചര്‍ച്ച നടന്നതെന്നും മിനി പറഞ്ഞു. സമരത്തില്‍നിന്നു പിന്മാറണമെന്ന ആവശ്യം അംഗീകരിക്കില്ല. നാളെ മുതല്‍ നിരാഹാര സമരം കൂടുതല്‍ ശക്തമാക്കും. ഓണറേറിയം 700 രൂപ ആക്കണമെന്ന ആവശ്യം ചര്‍ച്ച ചെയ്യാന്‍ പോലും എന്‍എച്ച്എം ഡയറക്ടര്‍ തയാറായില്ല. വിരമിക്കല്‍ ആനുകൂല്യം സംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിലെ ഉത്തരവുകള്‍ ഡയറക്ടറെ കാണിച്ചു. അതും ചര്‍ച്ച ചെയ്യാന്‍ അവര്‍ തയാറല്ല. 62-ാം വയസില്‍ പിരിച്ചുവിടാമെന്ന മുന്‍ ഉത്തരവ് മരവിപ്പിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ അതു സംബന്ധിച്ച് യാതൊരു അറിയിപ്പും ഇല്ലെന്നും മിനി പറഞ്ഞു.

എന്‍എച്ച്എം ഡയറക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെ ഞങ്ങളെ പറഞ്ഞുപറ്റിക്കാന്‍ വേണ്ടിയാണോ വീണ്ടും ചര്‍ച്ചയ്ക്കു വിളിക്കുന്നതെന്ന ചോദ്യത്തോടെ സമരപ്പന്തലില്‍ കഴിയുന്ന ഒരു ആശാവര്‍ക്കര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു. ‘‘ഇനിയും പറ്റിച്ചാല്‍ ഇവരൊക്കെ നശിച്ചുപോകുമെന്ന പറഞ്ഞ് വിങ്ങിക്കരഞ്ഞ പ്രവര്‍ത്തകയെ ആശ്വസിപ്പിക്കാന്‍ ഒപ്പമുള്ളവര്‍ പാടുപെട്ടു. ഞങ്ങള്‍ പെണ്ണുങ്ങള്‍ ഭൂമിയോളം ക്ഷമിച്ചില്ലേ, അവരുടെ വീട്ടിലും ഇല്ലേ സ്ത്രീകള്‍. ഞങ്ങളോട് ഈ ചതി ചെയ്തിട്ടല്ലേ അവരൊക്കെ വീട്ടില്‍ പോയി കുടുംബത്തിനൊപ്പം ഇരിക്കുന്നത്.’’– കണ്ണീരോടെ ആശാ വര്‍ക്കര്‍ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 11 മുതല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് എസ്. മിനി പറഞ്ഞു. ആദ്യം നിരാഹാരം കിടക്കാന്‍ നിരവധി ആശമാരാണ് പേര് നല്‍കിയിരിക്കുന്നത്. അതിനായി നറുക്കെടുപ്പ് വേണ്ടിവരുമെന്നും മിനി പറഞ്ഞു.

English Summary:

ASHA Workers' Strike: Kerala ASHA workers' indefinite strike continues despite government talks. Workers demand ₹21,000 remuneration, retirement benefits, and other allowances, refusing to end the strike until all demands are met.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com