ADVERTISEMENT

ലോകജനതയുടെ കാത്തിരിപ്പിനൊടുവിൽ സുനിത വില്യംസും സംഘവും തിരികെ ഭൂമിയിലെത്തിയതായിരുന്നു ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത. കേരളത്തിൽ ഒരു മാസത്തിലധികമായി സമരം നടത്തുന്ന ആശാവർക്കർമാർ നിരാഹാര സമരത്തിലേക്ക് പോകാൻ തീരുമാനിച്ചതും മയ്യനാട് രണ്ടുവയസ്സുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി മാതാപിതാക്കൾ ആത്മഹത്യ ചെയ്തതും കേരളം ചർച്ച ചെയ്തു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.

ഒൻപത് മാസം‌...കൃത്യമായി പറഞ്ഞാൽ നീണ്ട 287 ദിവസം...കാത്തിരിപ്പിനു വിരാമമിട്ട് സുനിത വില്യംസും കൂട്ടരും ഭൂമി തൊട്ടു. ഇന്ത്യൻ സമയം പുലർച്ചെ 3.40 നാണ് സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ചുള്ള ഡ്രാഗൺ പേടകം ഫ്ലോറിഡ തീരത്തിനു സമീപം അറ്റ്ലാന്റിക് സമുദ്രത്തിലെ മെക്സിക്കൻ ഉൾക്കടലിൽ വീണത്.

സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരു മാസത്തിലേറെയായി സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുമായി നടത്തിയ മന്ത്രിതല ചർച്ചയും പരാജയം. ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയാണ് സമവായമാകാതെ പിരിഞ്ഞത്. നാളെ മുതൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് സമരസമിതി നേതാവ് മിനി പറഞ്ഞു. നേരത്തെ എന്‍എച്ച്എം ഡയറക്ടര്‍ ഡോ.വിനയ് ഗോയൽ സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

പുതുപ്പാടി ഈങ്ങാപ്പുഴ കക്കാട് നക്കിലമ്പാട് കുടുംബ വഴക്കിനിടയിൽ ഭർത്താവിന്റെ കുത്തേറ്റു മരിച്ച ഷിബിലയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴുത്തിലെ രണ്ടു മുറിവും ആഴത്തിലുള്ളതാണ്. ശരീരത്തിലാകെ 11 മുറിവുകൾ ഉള്ളതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

മയ്യനാട് താന്നിയിൽ 2 വയസ്സുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. ആദി എന്നാണ് മരിച്ച കുട്ടിയുടെ പേര്. അജീഷ്(38), സുലു (36) എന്നിവരാണ് മാതാപിതാക്കൾ. വാടകവീട്ടിൽ അജീഷിന്റെ മാതാപിതാക്കൾക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. രാവിലെ ഉണരുന്ന പതിവ് സമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാതെ വന്നതോടെ മാതാപിതാക്കൾ ചെന്ന് നോക്കിയപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ഗാസയിൽ നടന്ന വ്യോമാക്രമണങ്ങൾ ഒരു തുടക്കം മാത്രമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഹമാസിനെ നശിപ്പിക്കുക, തീവ്രവാദികൾ തടവിലാക്കിയ എല്ലാ ബന്ദികളെയും മോചിപ്പിക്കുക എന്നീ യുദ്ധലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതു വരെ ഇസ്രയേൽ ആക്രമണവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വെടിനിർത്തൽ ചർച്ചകളും ഇതിനിടയിൽ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:

Today's Recap: Major Headlines of 19-03-2025

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com