ലഹരിമരുന്ന് കേസ്: 4 കനേഡിയൻ പൗരന്മാർക്കു വധശിക്ഷ; നിയമാനുസൃതമെന്ന് ചൈന

Mail This Article
ബെയ്ജിങ് ∙ കനേഡിയൻ പൗരന്മാരെ ചൈനയിൽ വധശിക്ഷയ്ക്കു വിധേയമാക്കിയതു നിയമാനുസൃതമായെന്നു ചൈന. ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരിലാണു കനേഡിയൻ പൗരന്മാർക്കെതിരെ വധശിക്ഷ നടപ്പാക്കിയത്.
‘‘ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ചെറുക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണ്. ചൈന നിയമവാഴ്ചയിൽ അധിഷ്ഠിതമായ രാജ്യമാണ്. എല്ലാ രാജ്യങ്ങളിൽനിന്നുള്ള പ്രതികളെയും ചൈനയിൽ തുല്യാരായാണു പരിഗണിക്കുന്നത്. നിയമത്തിനനുസരിച്ച് കേസുകൾ ന്യായമായി കൈകാര്യം ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട കക്ഷികളുടെ നിയമപരമായ അവകാശങ്ങളും കാനഡയുടെ അവകാശങ്ങളും ചൈന സംരക്ഷിക്കും’’ –ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു.
കാനഡയുടെ ദയാഹർജി അവഗണിച്ചു 4 പൗരന്മാരെ ചൈന വധിച്ചതായി കനേഡിയൻ വിദേശകാര്യമന്ത്രി മെലാനി ജോളി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ചൈനയുടെ നടപടിയെ ശക്തമായി അപലപിക്കുന്നതായും ജോളി പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിച്ച് കേസിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും ജോളി വ്യക്തമാക്കി.
കാനഡയിലെ ഗ്ലോബ് ആൻഡ് മെയിൽ പത്രത്തിന് നൽകിയ പ്രസ്താവനയിലും ചൈന വധശിക്ഷകളെ ന്യായീകരിച്ചു. ലഹരിമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾ സമൂഹത്തിന് അത്യന്തം ഹാനികരവുമായ കുറ്റകൃത്യമായാണ് ലോകമെമ്പാടും കണക്കാക്കുന്നത്. ലഹിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ചൈന എപ്പോഴും കടുത്ത ശിക്ഷകൾ നൽകുമെന്നും വ്യക്തമാക്കി.