ആശമാരുടെ നിരാഹാര സമരം ആരംഭിച്ചു; പിന്തുണയുമായി വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ

Mail This Article
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിനു മുന്നിൽ ആശാ വർക്കർമാരുടെ പട്ടിണി സമരം ആരംഭിച്ചു. ഫെബ്രുവരി 10ന് തുടങ്ങിയ സമരം നാൽപതു ദിവസത്തോട് അടുക്കുമ്പോഴാണ് മൂന്നാം ഘട്ടമായ നിരാഹാരസമരത്തിലേക്കു കടക്കുന്നത്. ഇന്നലെ എൻഎച്ച്എം ഡയറക്ടറുമായും മന്ത്രി വീണാ ജോർജുമായും നടത്തിയ ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് സമരം ശക്തമാക്കാൻ തീരുമാനമായത്. ഇന്നു രാവിലെ എം.എ.ബിന്ദു, കെ.പി.തങ്കമണി, ആർ.ഷീജ എന്നിവരാണ് നിരാഹാരസമരം ആരംഭിച്ചത്. ഡോ. കെ.ജി. താര നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ പിന്തുണയുമായി സമരപ്പന്തലിൽ എത്തിയിരുന്നു. ഇന്നലെ നടന്ന ചർച്ചകൾ പ്രഹസനമായിരുന്നെന്ന് ആശമാർ പറഞ്ഞു.
സമരത്തിന്റെ 38–ാം ദിവസമായ ഇന്നലെ രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു സംസാരിച്ചിരുന്നു. ദേശീയ ഹെൽത്ത് മിഷന്റെ (എൻഎച്ച്എം) സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.വിനയ് ഗോയലാണ് ആദ്യം ആശാ വർക്കർമാരെ ചർച്ചയ്ക്ക് വിളിച്ചത്. ഓണറേറിയം 21,000 രൂപയാക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ അനുവദിക്കണമെന്നും ആശമാരുടെ പ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും സർക്കാരിന്റെ സാമ്പത്തിക ഞെരുക്കം ആശമാർ ഉൾക്കൊള്ളണമെന്നാണ് ഡോ.വിനയ് ഗോയൽ മറുപടി നൽകിയത്. ഒരു മണിക്കൂറിലേറെ നീണ്ട ചർച്ച ധാരണ പോലുമാകാതെ പിരിയുകയായിരുന്നു.
പിന്നാലെ മന്ത്രി വീണാ ജോർജുമായും ആശമാർ ചർച്ച നടത്തി. എന്നാൽ, ഓണറേറിയം വർധനയെക്കുറിച്ച് മന്ത്രി ഒന്നും പറഞ്ഞില്ല. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സാമ്പത്തിക നില മെച്ചപ്പെടുമ്പോൾ ആവശ്യങ്ങൾ പരിഗണിക്കാമെന്നും ഇപ്പോൾ സമരം അവസാനിപ്പിക്കണമെന്നുമാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് സമരം കടുപ്പിക്കാൻ ആശമാർ തീരുമാനിച്ചത്.