പുരുഷന്മാർക്ക് ആഴ്ചയിൽ രണ്ടു കുപ്പി മദ്യം നൽകണം: ദൾ എംഎൽഎ സഭയിൽ

Mail This Article
ബെംഗളൂരു ∙ സ്ത്രീകൾക്കു ക്ഷേമപദ്ധതികൾ അനുവദിക്കുന്നതിനു സമാനമായി പുരുഷന്മാർക്ക് ആഴ്ചയിൽ രണ്ടു കുപ്പി മദ്യം വീതം നൽകണമെന്ന് ജനതാദൾ എംഎൽഎ എം.ടി.കൃഷ്ണപ്പ നിയമസഭയിൽ ആവശ്യപ്പെട്ടു. എക്സൈസ് നികുതിയിൽനിന്ന് കൂടുതൽ വരുമാനം പ്രതീക്ഷിക്കുന്ന ബജറ്റിനെയും അദ്ദേഹം പരിഹസിച്ചു. മദ്യത്തിന്റെ നികുതി ഇടയ്ക്കിടെ കൂട്ടുന്ന സർക്കാർ നടപടി അന്യായമാണെന്നു പറഞ്ഞ എംഎൽഎ, പുരുഷന്മാർക്കു മദ്യപാനശീലം നിർത്താനാകില്ലെന്നും ചൂണ്ടിക്കാട്ടി.
എന്നാൽ, ദളും ബിജെപിയും ഉൾപ്പെടുന്ന എൻഡിഎ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയശേഷം സൗജന്യ മദ്യവിതരണം നടത്തിയാൽ മതിയെന്ന് ഊർജമന്ത്രി കെ.ജെ.ജോർജ് മറുപടി നൽകി. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കാനാണു സിദ്ധരാമയ്യ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.