‘ഒരു കാര്യം പറയാനുണ്ട്’: ബാങ്ക് കാഷ്യറായ യുവതിയെ പുറത്തേക്ക് വിളിച്ച് വെട്ടിക്കൊല്ലാൻ ശ്രമം; ഭർത്താവ് പിടിയിൽ

Mail This Article
തളിപ്പറമ്പ് (കണ്ണൂർ) ∙ കാഞ്ഞിരങ്ങാടിനു സമീപം പൂവത്ത് ഭാര്യയെ ബാങ്കിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച് ഭർത്താവ്. ബാങ്കിലെ കാഷ്യറായ ആലക്കോട് അരങ്ങം സ്വദേശി അനുപമയ്ക്കാണു (35) വെട്ടേറ്റത്. തലയിലും ദേഹത്തും വെട്ടേറ്റ ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് അനുരൂപിനെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി.
വ്യാഴാഴ്ച വൈകിട്ട് 3.45ഓടെയാണു നാടിനെ നടുക്കിയ ആക്രമണമുണ്ടായത്.അനുപമയെ, ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു ഭർത്താവ് പുറത്തേക്ക് വിളിക്കുകയായിരുന്നു. പുറത്തിറങ്ങിയ ഉടനെ ഇയാൾ കൈയിൽ കരുതിയ വാക്കത്തിയെടുത്ത് അനുപമയെ വെട്ടി.
വെട്ടേറ്റ അനുപമ ബാങ്കിലേക്ക് ഓടിക്കയറി. അനുരൂപ് പിന്നാലെ എത്തി വീണ്ടും വെട്ടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടി കത്തി പിടിച്ചു വാങ്ങിയത്. പിന്നീട് പൊലീസ് എത്തി അനുരൂപിനെ കസ്റ്റഡിയിലെടുത്തു. എന്തിനായിരുന്നു ആക്രമണമെന്ന് അന്വേഷിക്കുകയാണെന്നു പൊലീസ് പറഞ്ഞു.