ഇസ്മായിലിനെ 6 മാസം പുറത്തുനിർത്താൻ സിപിഐ; നിരാഹാരം കടുപ്പിച്ച് ‘ആശ’മാർ, പിന്തുണയുമായി പ്രതിപക്ഷവും - പ്രധാനവാർത്തകൾ

Mail This Article
വിവാദ പരാമർശങ്ങളുടെ പേരിൽ മുതിർന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മായിലിനെ 6 മാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ പാർട്ടി തീരുമാനിച്ചതായിരുന്നു ഇന്ന് രാഷ്്ട്രീയ കേരളം ഏറ്റവുമധികം ചർച്ച ചെയ്ത വാർത്ത. മന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ആശാവർക്കർമാർ നിരാഹാര സമരം ആരംഭിച്ചതും ഷാബാ ഷെരീഫ് കൊലക്കേസിലെ വിധിയും ഇന്നത്തെ പ്രധാന തലക്കെട്ടുകളിൽ ചിലതാണ്. വായിക്കാം പ്രധാന വാർത്തകൾ വിശദമായി
മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലിനെ സസ്പെൻഡ് ചെയ്ത് സിപിഐ. 6 മാസത്തേക്കു സസ്പെൻഡ് ചെയ്യാനാണു ശുപാർശ. സിപിഐ എക്സിക്യുട്ടീവിലാണു തീരുമാനമെടുത്തത്. സംസ്ഥാന കൗൺസിലിനെ തീരുമാനം അറിയിക്കും. പി.രാജുവിന്റെ മരണത്തിൽ നടത്തിയ പ്രതികരണം വിവാദമായ സാഹചര്യത്തിലാണു നടപടി. പാർട്ടി നടപടിയിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ഇസ്മായിൽ പറഞ്ഞു.
പാരമ്പര്യ വൈദ്യൻ മൈസൂരു സ്വദേശി ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ കുറ്റക്കാരെന്ന് കോടതി. ജഡ്ജി എം.തുഷാർ ശിക്ഷ നാളെ വിധിക്കും. കേസിലെ 13 പ്രതികളെ വിട്ടയച്ചു. ഒന്നാം പ്രതി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫ്(37), രണ്ടാം പ്രതി ഷൈബിന്റെ മാനേജർ വയനാട് സുൽത്താൻ ബത്തേരി പൊന്നക്കാരൻ ഷിഹാബുദ്ദീൻ (39), ആറാം പ്രതി നിലമ്പൂർ മുക്കട്ട നടുതൊടിക നിഷാദ്(32) എന്നിവരെയാണ് കുറ്റക്കാരാണെന്നു കണ്ടെത്തിയത്.
കേന്ദ്രീകൃത വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള എക്സിക്യുട്ടിവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവയ്ക്കുമെന്നു റിപ്പോർട്ട്. വിദ്യാഭ്യാസ വകുപ്പ് പൊളിച്ചുമാറ്റുമെന്നുള്ള തിരഞ്ഞെടുപ്പ് പ്രചാരണവേളയിലെ ട്രംപിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായാകും നടപടിയെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സെക്രട്ടേറിയറ്റിനു മുന്നിൽ ആശാ വർക്കർമാരുടെ പട്ടിണി സമരം ആരംഭിച്ചു. ഫെബ്രുവരി 10ന് തുടങ്ങിയ സമരം നാൽപതു ദിവസത്തോട് അടുക്കുമ്പോഴാണ് മൂന്നാം ഘട്ടമായ നിരാഹാരസമരത്തിലേക്കു കടക്കുന്നത്. ഇന്നലെ എൻഎച്ച്എം ഡയറക്ടറുമായും മന്ത്രി വീണാ ജോർജുമായും നടത്തിയ ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് സമരം ശക്തമാക്കാൻ തീരുമാനമായത്. ഇന്നു രാവിലെ എം.എ.ബിന്ദു, കെ.പി.തങ്കമണി, ആർ.ഷീജ എന്നിവരാണ് നിരാഹാരസമരം ആരംഭിച്ചത്.
നിലമ്പൂർ മുൻ എംഎൽഎ പി.വി.അന്‍വറിനു വിവരം ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് ഡിവൈഎസ്പി എം.ഐ.ഷാജിയെ സസ്‌പെന്‍ഡ് ചെയ്തു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ചോര്‍ത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.