ADVERTISEMENT

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി 2020)ന്റെ ഭാഗമായി ത്രിഭാഷാ നയം നടപ്പിലാക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങിയപ്പോൾ മുതൽ തമിഴ്നാട്ടിൽ പ്രതിഷേധം തുടങ്ങിയതാണ്. ത്രിഭാഷാ നയത്തിന്റെ പേരിൽ ഹിന്ദി അടിച്ചേൽപിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്ന് ആരോപിച്ചാണ് തമിഴ്നാടിന്റെ പ്രതിഷേധം. പാർലമെന്റിൽ ഉൾപ്പെടെ പ്രതിഷേധ സ്വരമുയർന്ന ത്രിഭാഷാ നയം എന്നാൽ എന്താണ്? പരിശോധിക്കാം.

∙ എന്താണ് ത്രിഭാഷാ നയം

ഇന്ത്യയിൽ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ പുതിയ വിദ്യാഭ്യാസ നയം (എൻഇപി 2020) നടപ്പിലാക്കിയത്. ഇതിലാണ് ത്രിഭാഷാ നയത്തെപറ്റി പ്രതിപാദിക്കുന്നത്. മാതൃഭാഷയ്ക്കും ഇംഗ്ലിഷിനും പുറമേ മറ്റൊരു പ്രാദേശിക ഭാഷ കൂടി സ്കൂൾ തലം മുതൽ പഠിപ്പിക്കുക എന്നതാണ് ത്രിഭാഷാ നയത്തിന്റെ ലക്ഷ്യം. സർക്കാർ സ്വകാര്യ സ്കൂളുകൾക്കെല്ലാം ത്രിഭാഷാ നയം ബാധകമാണ്. 3 ഭാഷകളിൽ ഏതെങ്കിലുമൊന്ന് പഠന മാധ്യമമാകാം എന്നാണ് ത്രിഭാഷാ നയം പറയുന്നത്. പഠിക്കേണ്ടതിൽ 2 ഭാഷകൾ ഇന്ത്യൻ പ്രാദേശിക ഭാഷകൾ ആയിരിക്കണം. 3 ഭാഷകളിൽ വിദ്യാർഥികൾക്ക് പ്രാവീണ്യം നേടിക്കൊടുക്കുക എന്നതാണ് ലക്ഷ്യം. കോത്താരി കമ്മിഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ ആദ്യമായി വിദ്യാഭ്യാസ നയം (1968) രൂപീകരിച്ചത്. ത്രിഭാഷാ നയത്തെ പറ്റി ആദ്യമായി പറയുന്നതും അതേ വിദ്യാഭ്യാസ നയത്തിലാണ്. 2020ന് പുറമേ 1986ലും 1968ലും ദേശീയ വിദ്യാഭ്യാസ നയം പരിഷ്കരിച്ചു.

∙ അന്തിമതീരുമാനം സംസ്ഥാനങ്ങളുടേത്!

സ്കൂൾ തലം മുതൽ ബഹുഭാഷ പഠനം പ്രോത്സാഹിപ്പിക്കുക എന്നതാണ് ത്രിഭാഷാ നയത്തിന്റെ ലക്ഷ്യം. എൻഇപി നിർദേശിക്കുന്നതും ഇതുതന്നെയാണ്. ഭരണഘടനാ വ്യവസ്ഥകൾ, ജനങ്ങളുടെയും പ്രദേശങ്ങളുടെയും ആവശ്യങ്ങൾ, ദേശീയ ഐക്യം എന്നിവ കൂടി പരിഗണിച്ച് മാത്രമേ ത്രിഭാഷാ നയം നടപ്പാക്കൂ എന്ന് എൻഇപിയിൽ പറയുന്നുണ്ട്. ഒരു സംസ്ഥാനത്തിനു മേലും ഒരു ഭാഷയും അടിച്ചേൽപിക്കില്ലെന്നും എൻഇപി വ്യക്തമാക്കുന്നു. മൂന്ന് ഭാഷകളിൽ രണ്ടെണ്ണമെങ്കിലും ഇന്ത്യൻ പ്രാദേശിക ഭാഷയായിരിക്കണം എന്നതു മാത്രമാണ് വ്യവസ്ഥ. ഇത് തിരഞ്ഞെടുക്കാനുള്ള അവകാശം അതത് സംസ്ഥാനങ്ങൾക്കായിരിക്കും.

സെക്കൻഡറി തലങ്ങളിലെ വിദ്യാർഥികൾ ഇന്ത്യൻ ഭാഷകൾ‌ക്കും ഇംഗ്ലിഷിനും ഒപ്പം വിദേശ ഭാഷകളായ കൊറിയൻ, ജാപ്പനീസ്, ജർമൻ, സ്പാനിഷ് എന്നിവയിൽ ഏതെങ്കിലുമൊന്ന് പഠിക്കാമെന്നും എൻഇപി വ്യക്തമാക്കുന്നുണ്ട്.

∙ തമിഴ്നാടും ഹിന്ദി വിരുദ്ധ പ്രക്ഷോഭവും

പഠിക്കേണ്ട ഭാഷകളിൽ ഒന്ന് മാതൃഭാഷയും മറ്റൊന്ന് ഇംഗ്ലിഷും പിന്നെ മറ്റൊരു ഇന്ത്യൻ പ്രാദേശിക ഭാഷ എന്നുമാണ് നയത്തിൽ പറയുന്നതെങ്കിലും മൂന്നാമത്തെ ഭാഷയായി ഹിന്ദി അടിച്ചേൽപിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് തമിഴ്നാട് ആരോപിക്കുന്നത്. പിന്നാലെയാണ് അവർ ത്രിഭാഷാ നയത്തിനെതിരെ പ്രക്ഷോഭം തുടങ്ങിയത്. ഈ വിഷയത്തിൽ തമിഴ്നാട് പ്രക്ഷോഭം ആരംഭിച്ചത് ആദ്യമായല്ല. സംസ്ഥാനങ്ങളുടെ മേൽ ഹിന്ദി അടിച്ചേൽപിക്കാനായി പതിറ്റാണ്ടുകളായി നടക്കുന്ന ശ്രമങ്ങൾക്ക് തമിഴ്നാട് എതിരാണ്.

1937ൽ മദ്രാസ് പ്രസിഡൻസിയുടെ മുഖ്യമന്ത്രിയായിരുന്ന സി. രാജഗോപാലാചാരി സ്കൂളുകളിൽ ഹിന്ദി നിർബന്ധമാക്കിയതിന് പിന്നാലെയാണ് തമിഴ്നാട്ടിൽ ആദ്യമായി ഹിന്ദി വിരുദ്ധ പ്രക്ഷോഭം തുടങ്ങിയത്. സാഹിത്യകാരൻ മറൈമലൈ അടിഗൾ, ഇ.വി.ആർ.പെരിയോർ എന്നിവരുടെ നേതൃത്വത്തിലാണ് 3 വർഷത്തോളം നീണ്ടുനിന്ന പ്രക്ഷോഭം അരങ്ങേറിയത്. ഹിന്ദി വിരുദ്ധ സമരം കൊടുമ്പിരി കൊണ്ട അന്ന് ഒട്ടേറെപ്പേർക്കാണ് ജീവൻ നഷ്ടമായത്. ജനങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് സ്കൂളുകളിൽ ഹിന്ദി നിർബന്ധമാക്കിയുള്ള ഉത്തരവ് പിൻവലിച്ചത്. ഹിന്ദി അടിച്ചേൽപിക്കുന്നതിനെതിരെ 1948ലും തമിഴ്നാട്ടിൽ പ്രക്ഷോഭം നടന്നിരുന്നു. 1963ലെ ഔദ്യോഗിക ഭാഷാ നിയമം, ഹിന്ദിയെ ഏക ഔദ്യോഗിക ഭാഷയാക്കി മാറ്റാൻ ശ്രമം തുടങ്ങിയതിന് പിന്നാലെയാണ് തമിഴ്നാട്ടിൽ വീണ്ടും പ്രക്ഷോഭമുണ്ടായത്. ഹിന്ദി ഔദ്യോഗിക ഭാഷയാക്കാനുള്ള നിയമം ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പു നൽകിയതിന് പിന്നാലെയാണ് ഈ പ്രക്ഷോഭം അവസാനിച്ചത്.

1968ൽ ത്രിഭാഷാ നയം വന്നെങ്കിലും തമിഴ്നാട് ദ്വിഭാഷാ നയം പിന്തുടരാൻ തീരുമാനിക്കുകയായിരുന്നു. 1968 ജനുവരി 23ന് ആണ് ദ്വിഭാഷാ നയം മദ്രാസ് നിയമസഭയിൽ അവതരിപ്പിക്കുന്നത്. മൂന്നു ദിവസത്തെ വാദപ്രതിവാദത്തിന് ശേഷമാണ് ദ്വിഭാഷാ നയം പ്രാവർത്തികമാക്കിയത്. അതിനുശേഷം തമിഴ്നാട്ടിൽ ഇംഗ്ലിഷും തമിഴുമാണ് പഠിപ്പിക്കുന്നത്. സിബിഎസ്ഇ സ്കൂളുകളിൽ മാത്രമാണ് ഹിന്ദി പഠിപ്പിക്കുന്നത്.

English Summary:

Trilingual Policy : What is The Trilingual Policy that is Part of the National Education Policy (NEP) 2020? - Explainer

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com