യുഎസ് സന്ദർശനത്തിന് മാത്രം 22 കോടി രൂപ; രണ്ടര വർഷത്തിനിടെ നരേന്ദ്രമോദിയുടെ വിദേശ സന്ദർശനത്തിന് ചെലവായത് 258 കോടി

Mail This Article
ന്യൂഡല്‍ഹി ∙ രണ്ടര വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദർശനങ്ങൾക്കായി ചെലവായത് 258 കോടി രൂപ. 2023 ജൂണിൽ പ്രധാനമന്ത്രി നടത്തിയ അമേരിക്കൻ സന്ദർശനമായിരുന്നു ഏറ്റവും ചെലവേറിയത്. ഇതിനു മാത്രമായി 22 കോടിയിലധികം രൂപ ചെലവിടേണ്ടി വന്നു. വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ രാജ്യസഭയിൽ അറിയിച്ചതാണ് ഇക്കാര്യം.
2022 മേയ് മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിൽ നടത്തിയ സന്ദർശനത്തിനായാണ് ഇത്രയധികം രൂപ ചെലവഴിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ചോദ്യത്തിനാണ് ഉത്തരം. ഹോട്ടൽ താമസം, സ്വീകരണങ്ങൾ, ഗതാഗതം, മറ്റ് അനുബന്ധ ചെലവുകൾ എന്നിവ ഉൾപ്പെടെ ഓരോ സന്ദർശനത്തിനുമുള്ള ചെലവുകളുടെ വിവരങ്ങൾ നൽകണമെന്നാണ് ഖർഗെ ആവശ്യപ്പെട്ടത്.
2024 സെപ്റ്റംബറിലെ യുഎസ് സന്ദർശനത്തിന് ചെലവായത് 15,33,76,348 രൂപയാണ്. 2023 മേയ് മാസത്തിൽ പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനത്തിന് 17,19,33,356 രൂപയും, 2022 മേയിലെ നേപ്പാൾ സന്ദർശനത്തിന് 80,01,483 രൂപയും ചെലവായി. 2022ൽ ഡെന്മാർക്ക്, ഫ്രാൻസ്, യുഎഇ, ഉസ്ബക്കിസ്ഥാൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിച്ചത്. 2023-ൽ ഓസ്‌ട്രേലിയ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഗ്രീസ് എന്നീ രാജ്യങ്ങളും സന്ദർശിച്ചു.
2024ൽ പോളണ്ട് സന്ദർശനത്തിന് 10,10,18,686 രൂപ. യുക്രെയ്ൻ സന്ദർശനത്തിന് 2,52,01,169 രൂപ. ഇറ്റലി സന്ദർശനത്തിന് 14,36,55,289 രൂപ. ബ്രസീൽ സന്ദർശനത്തിന് 5,51,86,592 രൂപ. ഗയാന സന്ദർശനത്തിന് 5,45,91,495 രൂപ എന്നിങ്ങനെയാണ് കണക്കുകൾ.