കേരളം വീണ്ടും എംഡിഎംഎ ഭീതിയിൽ; ലഹരിക്കടിമയായ മകനെ പൊലീസിൽ ഏൽപിച്ച് അമ്മ – പ്രധാനവാർത്തകൾ

Mail This Article
ലഹരിയുമായി ബന്ധപ്പെട്ട ഒട്ടേറെ വാർത്തകളാണ് ഇന്ന് റിപ്പോർട്ട് ചെയ്ത്. താമരശ്ശേരിയിൽ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം, ലഹരിക്ക് അടിമയായ മകനെ അമ്മ പൊലീസിൽ ഏൽപിച്ചു, ലഹരി ഉപയോഗം ചോദ്യം ചെയ്ത നാട്ടുകാരനെ കാറിന്റെ ബോണറ്റിൽ ഇരുത്തി ലഹരി സംഘത്തിന്റെ യാത്ര, വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിക്ക് പകരം കണ്ടത് ക്യൂബന്‍ ഉപപ്രധാനമന്ത്രി, സസ്പെൻഷനെക്കുറിച്ച് സിപിഐ നേതാവ് കെ.ഇ ഇസ്മായിലിന്റെ പ്രതികരണം എന്നിവയാണ് ഇന്നത്തെ ചില പ്രധാന തലക്കെട്ടുകൾ. വായിക്കാം പ്രധാന വാർത്തകൾ വിശദമായി.
താമരശ്ശേരിയിൽ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. അരയേറ്റുംചാലിൽ സ്വദേശി ഫായിസിനെയാണ് പൊലീസ് പിടികൂടിയത്. വൈദ്യ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഫായിസ് വീട്ടിൽ ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. വീട്ടുകാരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു ബഹളം. പൊലീസ് എത്തിയപ്പോൾ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ ഇയാൾ എംഡിഎംഎ വിഴുങ്ങിയതായാണ് സംശയം. ഫായിസിനെ പിടികൂടിയ പൊലീസ് ആദ്യം താമരശ്ശേരി ആശുപത്രിയിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിേലക്ക് കൊണ്ടുപോകുകയായിരുന്നു.
ലഹരിക്കടിമയായ മകനെ പൊലീസിൽ ഏൽപിച്ച് അമ്മ. എലത്തൂർ ചെട്ടികുളം സ്വദേശി രാഹുലിനെയാണ് (26) അമ്മ മിനി പൊലീസിൽ ഏൽപിച്ചത്. പോക്സോ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ രാഹുൽ 9 മാസത്തോളം ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി ഹാജരാകാതെ ഒളിവിൽ നടക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ വീട്ടിലെത്തി ബഹളമുണ്ടാക്കിയത്. തുടർന്ന് ഇന്നു രാവിലെ മിനി പൊലീസിെന വിളിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ രാഹുൽ കഴുത്തിൽ ബ്ലെയ്ഡ് വച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. തുടർന്ന് പൊലീസ് അനുനയിപ്പിച്ച് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കലൂർ എസ്ആർഎം റോഡിൽ ലഹരി ഉപയോഗിച്ച യുവാക്കളും നാട്ടുകാരും തമ്മിൽ സംഘർഷം. പുറത്തു നിന്നെത്തിയ നാലു യുവാക്കളും നാട്ടുകാരും തമ്മിലാണ് സംഘർഷമുണ്ടായത്. നാട്ടുകാരനായ ഒരു യുവാവിനെ കാറിടിച്ചു വീഴ്ത്താൻ ശ്രമിച്ച സംഘം ഇയാളെ ബോണറ്റിൽ വച്ച് ഒരു കിലോമീറ്ററോളം വാഹനമോടിച്ചു. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
നിർമലാ സീതാരാമൻ– പിണറായി കേരള ഹൗസ് കൂടിക്കാഴ്ചയ്ക്കു പിന്നാലെ മന്ത്രി വീണാ ജോർജിന്റെ ഡൽഹിയാത്രയും വിവാദത്തിൽ, സർക്കാരിന് തിരിച്ചടിയും. ആശാ വർക്കർമാരുടെ സമരം ഒത്തു തീർപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ മന്ത്രി വീണാ ജോർജ് നടത്തിയ ഡൽഹി യാത്രയാണ് തിരിച്ചടിച്ചത്. ആശാ വര്‍ക്കര്‍മാര്‍ നിരാഹാര സമരം ആരംഭിക്കുന്നതിന്റെ തലേദിവസം ബുധനാഴ്ച ഉച്ചയ്ക്ക് പൊടുന്നനെ ആശാ വര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്കു ക്ഷണിച്ചതിനു പിന്നാലെ വീണാ ജോര്‍ജ് പെട്ടെന്നു ഡല്‍ഹിക്കു പോയിരുന്നു.
താൻ വളർത്തിക്കൊണ്ടുവന്ന കുട്ടികൾ എൺപത്തിയഞ്ചാം വയസ്സിൽ തനിക്കു തന്ന അവാർഡാണ് സസ്പെൻഷനെന്ന് സിപിഐ നേതാവ് കെ.ഇ.ഇസ്മായിൽ. സിപിഐയിൽനിന്ന് ആറു മാസത്തെ സസ്പെൻഷൻ നേരിട്ടശേഷം മനോരമ ഓൺലൈനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സസ്പെൻഷൻ ഉത്തരവു കയ്യിൽ കിട്ടിയശേഷം പ്രതികരിക്കാം എന്നായിരുന്നു ഇസ്മായിൽ ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞത്.