‘ടൗൺഷിപ്പിനായി ഒഴിഞ്ഞു കൊടുക്കില്ല’, എൽസ്റ്റൺ എസ്റ്റേറ്റിൽ ജോലി നഷ്ടപ്പെടുന്നത് 160 പേർക്ക്; ഉറപ്പ് നൽകാതെ സർക്കാർ

Mail This Article
കൽപറ്റ ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിൽ അനിശ്ചിതത്വം. എസ്റ്റേറ്റിൽ ടൗൺഷിപ്പ് നിർമിക്കുന്നതോടെ 160 പേർക്കാണ് ജോലി നഷ്ടപ്പെടുന്നത്. തൊഴിൽ സുരക്ഷയുമായി ബന്ധപ്പെട്ട് യാതൊരു ഉറപ്പും ലഭിക്കാത്തതിനാൽ ഇവർ സമരത്തിനൊരുങ്ങുകയാണ്. എല്‍സ്റ്റൺ എസ്റ്റേറ്റിലെ മൂന്നു ഡിവിഷനുകളിലായി വിരമിച്ച ശേഷവും ജോലിയില്‍ തുടരുന്നവരടക്കം മുന്നൂറോളം തൊഴിലാളികളുണ്ട്. ഇത്രയും പേര്‍ക്ക് ഏകദേശം 11 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ മാനേജ്‌മെന്റ് നല്‍കാനുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്.
27ന് മുഖ്യമന്ത്രിയാണ് എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺ ഷിപ്പിന് തറക്കല്ലിടുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രിയങ്ക ഗാന്ധി എംപി ഉൾപ്പെടെ പങ്കെടുക്കുന്ന വിപുലമായ ചടങ്ങാണ് സർക്കാർ സംഘടിപ്പിക്കുന്നത്. ചടങ്ങിനുള്ള പന്തൽ കെട്ടുന്നതിനുള്ള സാമഗ്രികൾ ഉൾപ്പെടെ എസ്റ്റേറ്റിനു സമീപത്തെത്തിച്ചു.
അർഹമായ ആനുകൂല്യങ്ങൾ പൂർണമായി നൽകാതെ ടൗൺഷിപ്പിനായി ഒഴിഞ്ഞു കൊടുക്കില്ല എന്നാണ് എൽസ്റ്റൺ എസ്റ്റേറ്റ് സംയുക്തസമരസമിതി കൺവെൻഷൻ പ്രഖ്യാപിച്ചത്. നാലുമാസത്തെ ശമ്പളകുടിശ്ശിക, 2016 മുതലുള്ള പിഎഫ് കുടിശ്ശിക, ഗ്രാറ്റുവിറ്റി, ഏഴ് വർഷമായുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ, രണ്ടുവർഷത്തെ ലീവ് വിത്ത് വേജസ്, നാലു വർഷങ്ങളിലെ ബോണസ്, വെതർ പ്രൊട്ടക്റ്റീവ് ഉപകരണങ്ങളുടെ തുക, കൂലി പുതുക്കിയതിനു ശേഷമുള്ള രണ്ടുവർഷത്തെ കുടിശ്ശിക തുടങ്ങി തുകകൾ തൊഴിലാളികൾക്കു ലഭിക്കാനുണ്ട്.
അതേസമയം, വിഷയം ചർച്ച ചെയ്യാൻ 24ന് ലേബര്‍ കമ്മിഷണർ തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ട്. തോട്ടം ഉടമ, മാനേജര്‍, വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ (സിഐടിയു), മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐഎന്‍ടിയുസി), എസ്റ്റേറ്റ് മസ്ദൂര്‍ യൂണിയന്‍ (എച്ച്എംഎസ്), കോഴിക്കോട് ഡിസ്ട്രിക്ട് പ്ലാന്റേഷന്‍ ലേബര്‍ കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) പ്രതിനിധികള്‍ എന്നിവരെയാണ് യോഗത്തിനു വിളിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്ന മുറയ്ക്കു തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാമെന്ന നിലപാടിലാണ് എസ്റ്റേറ്റ് മാനേജ്‌മെന്റ്. എന്നാല്‍, ആനുകൂല്യങ്ങള്‍ പൂര്‍ണമായും ലഭിക്കാതെ തോട്ടത്തില്‍നിന്നു ഒഴിഞ്ഞുപോകില്ലെന്നാണു തൊഴിലാളികളുടെ പക്ഷം.