സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതാകരുത് നടപടികളെന്ന് സ്റ്റാലിൻ: ജെഎസിയുടെ അടുത്ത യോഗം ഹൈദരാബാദിൽ

Mail This Article
ചെന്നൈ∙ ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരെ രൂപീകരിച്ച ജോയിന്റ് ആക്‌ഷൻ കമ്മിറ്റിയുടെ അടുത്ത യോഗം ഹൈദരാബാദിൽ നടക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇത് മണ്ഡല പുനർനിർണയത്തിന് എതിരല്ലെന്നും സുതാര്യവും നീതിയുക്തവുമായി നടത്തണമെന്നുമാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം യോഗത്തിന്റെ ആരംഭത്തിൽ പറഞ്ഞിരുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി സംഭാവനകൾ നൽകിയ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതാകരുത് നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡല പുനർനിർണയത്തിന് എതിരെ സംയുക്ത കർമ സമിതി (ജെഎസി) രൂപീകരിക്കാൻ നടത്തിയ യോഗത്തിൽ കേരളം, കർണാടക, ആന്ധ്ര, തെലങ്കാന, ഒഡീഷ, ബംഗാൾ, പഞ്ചാബ് സംസ്ഥാനങ്ങളിൽനിന്നുള്ള നേതാക്കൾ പങ്കെടുത്തു. ഗിണ്ടിയിലെ ഐടിസി ഹോട്ടലിലായിരുന്നു യോഗം.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പുകൾ വെറുതെയാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. ‘‘സംസ്ഥാനത്തിന്റെ ശക്തി കുറയ്ക്കുക എന്നത് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപി. കോയമ്പത്തൂരിൽ അമിത് ഷാ നടത്തിയ പരാമർശങ്ങൾ അവ്യക്തമാണ്. സംസ്ഥാനത്തിന്റെ ശക്തി കുറയ്ക്കില്ലെന്നു പറഞ്ഞ ഷാ, അതെങ്ങനെയെന്ന് വിശദീകരിച്ചില്ല. കഴിഞ്ഞ രണ്ടു വർഷമായി മണിപ്പുർ കത്തുന്നത് എല്ലാവരും കണ്ടതാണ്. അവരുടെ ശബ്ദം പാർലമെന്റിൽ എത്തുന്നില്ല. കാരണം അവരുടെ അംഗബലം കുറവാണ്. ജനസംഖ്യാടിസ്ഥാനത്തിലെ മണ്ഡല പുനർനിർണയം അനീതിയാണ്’’ – സ്റ്റാലിൻ കൂട്ടിച്ചേർത്തു.
∙ ‘ഇപ്പോൾ ശബ്ദം ഉയർന്നില്ലെങ്കിൽ ചരിത്രം നമ്മളോടു പൊറുക്കില്ല’
നമ്മൾ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. അതിനെ ആൾക്കൂട്ട ഭരണമാക്കി മാറ്റാൻ അനുവദിക്കരുതെന്ന് ഭാരത് രാഷ്ട്ര സമിതി നേതാവ് കെ.ടി.. രാമറാവു. സഹകരണ ഫെഡറലിസം എന്നതിൽ യോഗത്തിൽ പങ്കെടുത്തവർക്കൊപ്പമാണെന്നും വിജയിക്കുന്നവരെ ശിക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘‘പല മേഖലകളിലും നമ്മൾ വിജയികളാണ്. എന്നാൽ രാഷ്ട്രീയ അധികാരം ഉപയോഗിച്ച് നമ്മളെ ശിക്ഷിക്കുകയാണ്. ഇപ്പോൾ ശബ്ദം ഉയർന്നില്ലെങ്കിൽ ചരിത്രം നമ്മളോടു പൊറുക്കില്ല. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളും ചേർന്ന് രാജ്യത്തിന്റെ ജിഡിപിയുടെ 36% സംഭാവന ചെയ്യുന്നു. എന്നിട്ടും കേന്ദ്രവിഭവങ്ങളുടെ വളരെക്കുറവ് പങ്കാളിത്തം മാത്രമേ ലഭിക്കുന്നുള്ളൂ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് കോട്ടം വരുന്ന തരത്തിൽ സമ്പദ്‌വിഭവങ്ങൾ കേന്ദ്രീകരിക്കപ്പെടുന്ന സ്ഥിതി മണ്ഡല പുനർനിർണയം ഉണ്ടാക്കും. ഇത് സംഭവിക്കാൻ അനുവദിച്ചാൽ ദക്ഷിണേന്ത്യൻ നേതാക്കൾ വരും തലമുറയോടു കാണിക്കുന്ന അന്യായമാണ്.
ദക്ഷിണേന്ത്യയ്ക്കെതിരായ വേർതിരിവ് പുതിയതല്ല. എന്നാൽ കഴിഞ്ഞ ഒരു വർഷമായി അതു പേടിപ്പിക്കുന്ന തരത്തിലേക്കു മാറി. ഹിന്ദി ഭാഷ നിർബന്ധമാക്കൽ മുതൽ വടക്കയിന്ത്യയ്ക്കു മാത്രമായി അനുവദിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതി പോലുള്ളവ വരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ കാണിക്കുന്ന വ്യക്തമായ വിവേചനമാണ്. കാര്യങ്ങൾ കുറച്ചുകൂടി മോശമാക്കാൻ ജനസംഖ്യാ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം കൂടി നടത്താൻ കേന്ദ്രം ഒരുങ്ങുന്നു. വികസനം, ഭരണനിർവഹണം, സാമ്പത്തിക സംഭാവന തുടങ്ങിയവയിൽ വേണം ഇന്ത്യയുടെ ജനാധിപത്യം കെട്ടിപ്പടുക്കേണ്ടത്. അല്ലാതെ ജനസംഖ്യയിൽ മാത്രമല്ല. പിന്നാക്കം നിൽക്കുന്ന മേഖലകളെ മുന്നോട്ടുകൊണ്ടുവരാൻ കഴിയുന്ന സുതാര്യമായ സംവിധാനം വേണം. സ്വാതന്ത്ര്യം ലഭിച്ച് നൂറുവർഷങ്ങൾക്കുശേഷം 2047ൽ ഇന്ത്യ സൂപ്പർ പവറാകണമെങ്കിൽ വികസനം കൊണ്ടുവരുന്നവരെ ശക്തരാക്കണം. അല്ലാതെ അവരെ നിശബ്ദരാക്കരുത്.
നമുക്ക് കേന്ദ്രത്തിന്റെ ഉദ്ദശ്യത്തെക്കുറിച്ച് സംശയങ്ങളുണ്ട്. മണ്ഡല പുനർനിർണയം സുതാര്യവും നീതിയുക്തവുമാകണം. പുനർനിർണയവുമായി മുന്നോട്ടുപോകാനാണെങ്കിൽ നിലവിലെ അനുപാതം നിലനിർത്തണം. 1971ലെ സെൻസസ് ആയിരിക്കണം അടിസ്ഥാനം. ബാക്കിയുള്ളവ മരവിപ്പിക്കണം. ജിഡിപിയിലേക്ക് 36% സംഭാവന നൽകുന്നുണ്ടെങ്കിൽ എന്തുകൊണ്ട് 36% പ്രാതിനിധ്യം പാർലമെന്റിൽ നൽകുന്നില്ല. രാജ്യത്തെ കെട്ടിപ്പടുക്കുന്നതിൽ നിർണായക സംഭാവന നൽകിയ സംസ്ഥാനങ്ങളെ എന്തുകൊണ്ട് പരിഗണിക്കുന്നില്ല?’’ – കെ.ടി. രാമറാവു ചോദിച്ചു.
∙‘പോരാട്ടം നമ്പറുകൾക്കല്ല, സ്വത്വത്തിനു വേണ്ടി’
ഇവിടെനിൽക്കുന്നത് കർണാടകയുടെ ഉപമുഖ്യമന്ത്രിയായിട്ടല്ലെന്നും സംസ്ഥാനത്തെ ആകെ പ്രതിനിധീകരിച്ചാണെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. ‘‘ഇന്ത്യയുടെ വികസനത്തിന് മുൻനിരയിൽനിന്ന് സംസ്ഥാനമാണ് കർണാടക. ജനാധിപത്യത്തിന്റെ തൂണുകൾ ഓരോ കട്ടകളായി ഇളക്കിമാറ്റുകയാണ്. ഇതു വെറും നമ്പറുകൾക്കായുള്ള പോരാട്ടമല്ല, പക്ഷേ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സ്വത്വവും പാരമ്പര്യവുമായി ബന്ധപ്പെട്ടതാണ്. ദക്ഷിണേന്ത്യയുടെ സംഭാവനകൾ വച്ചുനോക്കിയാൽ നമുക്ക് 1500ൽ അധികം വർഷത്തെ ചരിത്രമുണ്ട്. ലോക്സഭയുമൊത്തു നിൽക്കാൻ രാജ്യസഭയെ ശക്തിപ്പെടുത്തണം. കേന്ദ്രസർക്കാരിലും, സ്ഥാപനങ്ങളിലും എല്ലാ പ്രാദേശിക ഭാഷകൾക്കും തുല്യ പ്രാതിനിധ്യം വേണം’’ – ശിവകുമാർ പറഞ്ഞു.
ദക്ഷിണേന്ത്യയുടെ ഒരുമയെയും അദ്ദേഹം പ്രകീർത്തിച്ചു. കാലിലെ ചെറിയ പരുക്കു കാരണമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് യോഗത്തിൽ പങ്കെടുക്കാൻ പറ്റാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടക നിയമസഭ മണ്ഡല പുനർനിർണയത്തെ എതിർത്ത് പ്രമേയം പാസാക്കിയതും അദ്ദേഹം പരാമർശിച്ചു.
∙ തോൽക്കുന്ന സംസ്ഥാനങ്ങളുടെ സീറ്റുകൾ കുറയ്ക്കാൻ ബിജെപി
അധികാരം കിട്ടാത്ത സംസ്ഥാനങ്ങളുടെ ശക്തി കുറയ്ക്കാനായി അവിടുത്തെ സീറ്റുകൾ കുറയ്ക്കാനാണ് ബിജെപിയുടെ നീക്കമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. ബിജെപി ജയിക്കുന്ന സംസ്ഥാനങ്ങളിൽ അംഗബലം കൂട്ടണം. തോൽക്കുന്നിടത്ത് കുറയ്ക്കണം എന്നാണ് അവരുടെ അജൻഡ. ഹിന്ദിയിലാണ് മാൻ ആദ്യം സംസാരിച്ചത്. പിന്നീട് മണ്ഡല പുനർനിർണയത്തെക്കുറിച്ചുള്ള ഡേറ്റ അവതരിപ്പിക്കവെ അദ്ദേഹം സംസാരം ഇംഗ്ലിഷിലേക്കു മാറ്റി. ‘‘മണ്ഡല പുനർനിർണയം കൊണ്ട് വടക്കേയിന്ത്യയിൽ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങൾക്കുമാത്ര നേട്ടമുണ്ടാകുകയുള്ളൂ. പഞ്ചാബിലെ സീറ്റുകൾ കുറയും കാരണം അവിടെ ബിജെപി ജയിക്കുന്നില്ല’’ – അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയവുമായി ബന്ധപ്പെട്ട് അടുത്ത യോഗങ്ങൾ പഞ്ചാബിൽ നടത്താമെന്നും മാൻ നിർദേശിച്ചു.
∙ ‘25 വർഷത്തേക്ക് മണ്ഡല പുനർനിർണയം മരവിപ്പിക്കണം’
ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കേന്ദ്രം ശിക്ഷിക്കുകയാണെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ഈ സംസ്ഥാനങ്ങൾ എങ്ങനെ മികച്ചരീതിയിൽ ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയെന്നതു സംബന്ധിച്ചുള്ള ഒരു പ്രസന്റേഷൻ ഉദയനിധി യോഗത്തിൽ അവതരിപ്പിച്ചു. യോഗത്തിൽ പങ്കെടുക്കുന്ന വിശിഷ്ടാതിഥികളുടെ പേരുകൾ അവരവരുടെ മാതൃഭാഷയിലും എഴുതിയിട്ടുണ്ട്. സ്റ്റാലിൻ തമിഴിൽ പ്രസംഗിച്ചപ്പോൾ ഡിഎംകെ എംപി കനിമൊഴിയും ഉദയനിധിയും ഇംഗ്ലിഷിലാണ് പ്രസംഗിച്ചത്. തെലുങ്ക്, പഞ്ചാബി, ഒഡിയ ഭാഷകളിൽ പരിഭാഷകൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അടുത്ത 25 വർഷത്തേക്ക് മണ്ഡല പുനർനിർണയം മരവിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കനിമൊഴി അവതരിപ്പിച്ചു. അതേസമയം, ജനാധിപത്യത്തിന്റെ ഫെഡറൽ സ്വഭാവം ഉയർത്തിക്കാണിക്കുന്നതാവണം മണ്ഡല പുനർനിർണയമെന്ന് വൈഎസ്ആർ കോൺഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ‘‘ലോക്സഭയിലോ രാജ്യസഭയിലോ ഉള്ള സീറ്റുകളിൽ ഒരു സംസ്ഥാനത്തിനുപോലും കുറവുണ്ടാകരുത്. എല്ലാ മേഖലകളുടെയും ശബ്ദം കേൾക്കണം’’ – കത്തിന്റെ പകർപ്പ് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച് വൈഎസ്ആർ കോൺഗ്രസ് പാർട്ടി പറഞ്ഞു.
∙ പ്രാഥമിക പ്രശ്നം: ശിരോമണി അകാലിദൾ
മണ്ഡല പുനർനിർണയം മത, ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രാഥമിക പ്രശ്നമാണെന്ന് ശിരോമണി അകാലിദൾ പ്രസിഡന്റ് സർദാർ ബൽവീന്ദർ സിങ് ഭുൻഡാർ പറഞ്ഞു. കരുണാനിധിയും പ്രകാശ് സിങ് ബാദലും ഭാഷയ്ക്കും ന്യൂനപക്ഷങ്ങൾക്കുമായി നിരവധി പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
∙ ‘ജനസംഖ്യാടിസ്ഥാനത്തിലെ മണ്ഡല പുനർനിർണയം അനീതി’
യോഗത്തെ ഒഡീഷയിലെ ബിജു ജനതാദൾ അധ്യക്ഷൻ നവീൻ പട്നായിക് വിർച്വലായി അഭിസംബോധന ചെയ്തു. ‘‘ഇതു ജനാധിപത്യ പ്രാതിനിധ്യവും ജനസംഖ്യാ നിയന്ത്രണം മികച്ച രീതിയിൽ നടത്തിയ സംസ്ഥാനങ്ങളിൽ ജീവിക്കുന്ന ജനങ്ങളുടെ അവകാശവും ഉറപ്പാക്കുന്ന പ്രധാനപ്പെട്ട യോഗമാണ്. ജനസംഖ്യാ നിയന്ത്രണം രാജ്യ വികസനത്തിന് പ്രധാനപ്പെട്ട ദേശീയ അജൻഡയാണ്. ഈ ദേശീയ അജൻഡ വികേന്ദ്രീകരിച്ച് സംസ്ഥാനങ്ങളിലേക്കു നൽകി. വർഷങ്ങളായി കേന്ദ്ര സർക്കാർ ഇതിന് ഉയർന്ന പ്രാധാന്യം നൽകിയിരുന്നു.
സംസ്ഥാനങ്ങളും അവരുടെ പദ്ധതികളുമായി ദേശീയ അജൻഡ നടപ്പാക്കാൻ സംയുക്തമായി ശ്രമിച്ചു. ഈ സംസ്ഥാനങ്ങൾ ഇവ മികച്ചരീതിയിൽ നടപ്പാക്കിയില്ലായിരുന്നെങ്കിൽ ഇന്ത്യയ്ക്ക് ഇന്നത്തെ ഈ നേട്ടം കൈവരിക്കാനാകില്ലായിരുന്നു. ജനസംഖ്യാടിസ്ഥാനത്തിൽ മാത്രം നടത്തുന്ന മണ്ഡല പുനർനിർണയം അനീതിയാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഒഡീഷയും പഞ്ചാബും ബംഗാളും ജനസംഖ്യാ നിയന്ത്രണമെന്ന ദേശീയ അജൻഡ നടപ്പാക്കിയപ്പോൾ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മാത്രം മണ്ഡല പുനർനിർണയം നടപ്പാക്കുന്നത് അനീതിയാണ്. ഒഡീഷയിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ ബിജെഡി എന്നും ഉണ്ടാകും. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കേന്ദ്രസർക്കാർ വിശദമായ ചർച്ചകൾ നടത്തണം.