പത്തമടൈ പായ, തോഡ ഷോൾ, ഊട്ടി വർക്കി, ഗ്രാമ്പൂ, കടല മിഠായി, വെളുത്തുള്ളി; നേതാക്കൾക്ക് സ്റ്റാലിന്റെ സമ്മാനപ്പെട്ടി

Mail This Article
ചെന്നൈ ∙ ലോക്സഭാ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ അണിനിരന്ന നേതാക്കൾക്കു തമിഴ്നാടിന്റെ പാരമ്പര്യവും സംസ്കാരവും കോർത്തിണക്കിയ സമ്മാനങ്ങളാണു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നൽകിയത്. പത്തമടൈ പായ, തോഡ ഷോൾ, കാഞ്ചീപുരം കൈത്തറി പട്ടുസാരി, ഊട്ടി വർക്കി, കന്യാകുമാരി ഗ്രാമ്പൂ, കോവിൽപട്ടി കടല മിഠായി എന്നിവ കൂടാതെ ഈറോഡ് മഞ്ഞൾ, കൊടൈക്കനാൽ വെളുത്തുള്ളി എന്നിവയും സമ്മാനപ്പെട്ടിയിലുണ്ടായിരുന്നു. സ്റ്റാലിൻ നേരിട്ടാണ് അതിഥികൾക്ക് സമ്മാനങ്ങൾ കൈമാറിയത്. തമിഴ്നാട് വനിതാ സ്വയം സഹായ സംഘങ്ങളാണു സമ്മാനങ്ങൾ തയാറാക്കിയത്.
ലോക്സഭാ മണ്ഡല പുനർനിർണയം 25 വർഷത്തേക്കുകൂടി നീട്ടിവയ്ക്കണമെന്നു സ്റ്റാലിന്റെ നേതൃത്വത്തിൽ 6 സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കൾ പ്രമേയം പാസാക്കി. ഇന്ത്യാമുന്നണിയിലെ കോൺഗ്രസ് ഉൾപ്പെടെ പല കക്ഷികളും പങ്കെടുത്ത യോഗത്തിൽനിന്ന് തൃണമൂൽ കോൺഗ്രസ് വിട്ടുനിന്നു; മുന്നണിയുടെ ഭാഗമല്ലാത്ത ബിജെഡി, ബിആർഎസ്, ശിരോമണി അകാലി ദൾ എന്നിവയുടെ നേതാക്കൾ പങ്കെടുത്തു. 2026 നു ശേഷമുള്ള സെൻസസിന്റെ അടിസ്ഥാനത്തിൽ വേണം അടുത്ത മണ്ഡല പുനർനിർണയമെന്നാണ് ഭരണഘടനാ വ്യവസ്ഥ. എന്നാൽ, ജനസംഖ്യയെ അടിസ്ഥാനമാക്കി പുനർനിർണയിച്ചാൽ ജനനനിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കുൾപ്പെടെ സീറ്റെണ്ണത്തിൽ നഷ്ടവും ബിജെപിക്കു സ്വാധീനമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് നേട്ടവുമുണ്ടാകുമെന്നാണ് ആശങ്ക.
1971 ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ 543 ലോക്സഭാ മണ്ഡലങ്ങളെന്നു നിശ്ചയിച്ചത് 25 വർഷത്തേക്കുകൂടി തുടരട്ടെയെന്നാണ് ഇന്നലത്തെ യോഗത്തിലെ പ്രധാന നിലപാട്. ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടരുത്. അതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്നും ‘നീതിപൂർവകമായ മണ്ഡലപുനർനിർണയത്തിനുള്ള സംയുക്ത കർമ സമിതി’ എന്നു സ്റ്റാലിൻ പേരിട്ട കൂട്ടായ്മ പ്രമേയത്തിൽ പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ, തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവരും സന്നിഹിതരായിരുന്നു. അടുത്ത യോഗം ഹൈദരാബാദിൽ നടത്താമെന്ന രേവന്ത് റെഡ്ഡിയുടെ നിർദേശം യോഗം അംഗീകരിച്ചു.
കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ജോസ് കെ.മാണി (കേരള കോൺ എം), ഫ്രാൻസിസ് ജോർജ് (കേരള കോൺഗ്രസ്), എൻ.കെ.പ്രേമചന്ദ്രൻ (ആർഎസ്പി), പി.എം.എ.സലാം (മുസ്‌ലിം ലീഗ്), ബിആർഎസ് വർക്കിങ് പ്രസിഡന്റ് കെ.ടി.രാമറാവു, അകാലി ദൾ പ്രസിഡന്റ് ബൽവീന്ദർ സിങ് ഭുന്തർ എന്നിവർക്കൊപ്പം ബിജെഡിയുടെ രാജ്യസഭാംഗം അമർ പട്നായിക്കും മുൻ ഒഡീഷ മന്ത്രി സഞ്ജയ് ദാസ് ബർമയും യോഗത്തിൽ പങ്കെടുത്തു. ഒഡീഷ മുൻ മുഖ്യമന്ത്രി നവീൻ പട്നായിക് ഓൺലൈനായാണ് പങ്കെടുത്തത്. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും വൈഎസ്ആർസിപി അധ്യക്ഷനുമായ വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി, സ്റ്റാലിന്റെ ക്ഷണം നിരസിച്ചെങ്കിലും നിലപാടിനെ അനുകൂലിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും പകർപ്പ് ഡിഎംകെ നേതൃത്വത്തിന് ലഭ്യമാക്കുകയും ചെയ്തു.
∙ കരിങ്കൊടിയുമായി ബിജെപി
മണ്ഡലപുനർനിർണയ നീക്കത്തിനെതിരെ തമിഴ്നാട് സംഘടിപ്പിച്ച യോഗത്തിനെതിരെ കരിങ്കൊടി പ്രതിഷേധവുമായി ബിജെപി. തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലൈയുടെ നേതൃത്വത്തിൽ പ്രവർത്തകർ വീടുകൾക്കു മുന്നിലാണു കരിങ്കൊടി വീശി പ്രതിഷേധിച്ചത്. മുല്ലപ്പെരിയാർ വിഷയത്തിൽ വഞ്ചിക്കുകയും തമിഴ്നാട്ടിൽ മാലിന്യം തള്ളി നശിപ്പിക്കുകയും ചെയ്യുന്ന കേരളത്തിലെ രാഷ്ട്രീയ നേതാക്കളെയും കാവേരി ജലം വിട്ടുനൽകാത്ത കർണാടകയിലെ നേതാക്കളെയും മുഖ്യമന്ത്രി സ്റ്റാലിൻ ചുവപ്പു പരവതാനി വിരിച്ചു സ്വീകരിക്കുകയാണെന്ന് അണ്ണാമലൈ കുറ്റപ്പെടുത്തി. തർക്ക വിഷയങ്ങളിൽ ഇവരുമായി ചർച്ച നടത്താനെങ്കിലും മുഖ്യമന്ത്രി തയാറാകണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.