കേരളത്തിൽ ബിജെപിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖർ; യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ ‘ടെക്നോക്രാറ്റ്’

Mail This Article
തിരുവനന്തപുരം ∙ കേരളത്തിൽ ഇനി ബിജെപിയെ നയിക്കുക മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കോർ കമ്മിറ്റി യോഗത്തിലാണു സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിനെ തീരുമാനിച്ചത്. പ്രകാശ് ജാവഡേക്കറാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് കോര്‍ കമ്മിറ്റി യോഗത്തെ അറിയിച്ചത്. മത്സരം ഒഴിവാക്കാന്‍ കോര്‍ കമ്മിറ്റിയിലെ ധാരണയ്ക്കുശേഷം ഒരാളില്‍ നിന്നേ പത്രിക സ്വീകരിക്കൂ എന്ന് നേരത്തെ ധാരണയായിരുന്നു. തിങ്കളാഴ്ച 11ന് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിലാണ് സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചു കൊണ്ടുള്ള സമ്മേളനം നടക്കുന്നത്.
രാജീവിനെ കൂടാതെ എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ, വി.മുരളീധരൻ എന്നിവരുടെ പേരുകളും സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും ഉടൻ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കെ.സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്ത് തുടർന്നേക്കുമെന്നും പ്രചരിച്ചു. സംസ്ഥാന പ്രസിഡന്റാകാൻ താൽപര്യമില്ലെന്നാണു രാജീവ് ചന്ദ്രശേഖർ മുൻപ് കേന്ദ്രത്തെ അറിയിച്ചിരുന്നത്. എന്നാൽ, യുവാക്കളെ ഉൾപ്പെടെ പാർട്ടിയിലേക്ക് ആകർഷിക്കാനും സമൂഹമാധ്യമങ്ങളിലൂടെ സാന്നിധ്യം ശക്തമാക്കാനും രാജീവിന്റെ സാന്നിധ്യം അനിവാര്യമാണെന്നു കേന്ദ്രനേതൃത്വം നിലപാട് എടുക്കുകയായിരുന്നു.
ആരാകും ബിജെപിയെ കേരളത്തിൽ നയിക്കുക എന്നറിയാനായി പ്രവർത്തകരും നേതാക്കളും 3 മാസമായി കാത്തിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ പുതിയ ദേശീയ അധ്യക്ഷനെയും തിരഞ്ഞെടുക്കുമെന്നാണു സൂചന. ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ പകുതി സംസ്ഥാനങ്ങളില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു പൂര്‍ത്തിയാകണമെന്നാണു നിബന്ധന.
∙ സംഘപരിവാര്‍ പശ്ചാത്തലമില്ലാത്ത നേതാവ്
2 പതിറ്റാണ്ടിന്‍റെ രാഷ്ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റാകുന്ന ആദ്യ ബിജെപി നേതാവെന്ന പ്രത്യേകതയുമുണ്ട്. രണ്ടാം നരേന്ദ്ര മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു. ഐടി ആൻഡ് ഇലക്ട്രോണിക്സിന്‍റെയും നൈപുണ്യ വികസനത്തിന്‍റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രിയാകാന്‍ രാജീവിനെ സഹായിച്ചത് ഇലക്ട്രിക്കല്‍ എൻജിനീയറിങ് ബിരുദവും കംപ്യൂട്ടര്‍ സയന്‍സിലെ ബിരുദാനന്തര ബിരുദവുമാണ്.
വ്യോമസേനാ ഉദ്യോഗസ്ഥനായ എം.കെ.ചന്ദ്രശേഖറിന്‍റെയും വല്ലി ചന്ദ്രശേഖറിന്‍റെയും മകനായി 1964ല്‍ അഹമ്മദാബ്ദിലാണു രാജീവിന്‍റെ ജനനം. കര്‍ണാടകയില്‍നിന്നാണു കേരളത്തിലേക്കുള്ള വരവ്. തൃശൂർ കൊണ്ടയൂരിലാണ് അമ്മവീട്. ആദ്യം പേജറും പിന്നെ മൊബൈലും ഇറക്കി 1994ല്‍ ബിപിഎല്ലിലൂടെ രാജീവ് സാങ്കേതികവളര്‍ച്ചയുടെ സഹയാത്രികനായി. 2005ല്‍ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ രൂപീകരിച്ച് ബിസിനസ് ലോകം വിപുലമാക്കി. 2006 മുതല്‍ കര്‍ണാടകയില്‍നിന്ന് തുടര്‍ച്ചയായി 3 തവണ രാജ്യസഭയിലെത്തി. 2021ല്‍ കേന്ദ്രസഹമന്ത്രിയായി. കേരള എന്‍ഡിഎയുടെ വൈസ് ചെയര്‍മാനായിരുന്നു.