നഷ്ടപരിഹാരം 26 കോടി, ടൗൺ ഷിപ്പ് നിർമാണത്തിന് എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം; അനുമതി നൽകി ഹൈക്കോടതി

Mail This Article
കൊച്ചി ∙ വയനാട് മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗണ്‍ഷിപ്പ് നിർമാണത്തിന് എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കുന്നതിന് ഹൈക്കോടതി അനുമതി. ഇതിന്റെ നഷ്ടപരിഹാരമായി 26 കോടി രൂപ സർക്കാർ ഹൈക്കോടതി റജിസ്ട്രിയിൽ കെട്ടിവയ്ക്കാനും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുട ബെഞ്ച് നിർദേശിച്ചു.
ഈ മാസം 27നാണ് പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ഹൈക്കോടതി ഭൂമിയുടെ കാര്യത്തിൽ തീരുമാനമാക്കിയതോടെ ഉദ്ഘാടനവുമായി സര്‍ക്കാരിനു മുന്നോട്ട് പോകാം. നിർമാണോദ്ഘാടന ചടങ്ങ് തടസപ്പെടുത്തുന്നില്ലെന്ന് എൽസ്റ്റൺ എസ്റ്റേറ്റ് അധികൃതരും കോടതിയെ അറിയിച്ചു. ദുരന്ത നിവാരണ നിയമ പ്രകാരം എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനെതിരെ ഹാരിസൺ, എൽസ്റ്റൺ എന്നിവര്‍ സമർപ്പിച്ച അപ്പീലുകളായിരുന്നു കോടതി മുൻപാകെ ഉണ്ടായിരുന്നത്.
ഹാരിസന്റെ ഉടമസ്ഥതയിലുള്ള നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും എൽസ്റ്റൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയുമാണ് പുനരധിവാസ പദ്ധതിക്കായി ഏറ്റെടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ തൽക്കാലം എൽസ്റ്റൺ എസ്റ്റേറ്റ് മാത്രം ഏറ്റെടുത്താൽ മതി എന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം സർക്കാർ കോടതിയെ അറിയിച്ചു. പിന്നീട് ഏറ്റെടുക്കേണ്ട ആവശ്യം വന്നാൽ കോടതിയിൽ അപേക്ഷ നൽകാമെന്നും സർക്കാർ അറിയിച്ചു.
തങ്ങൾക്ക് നഷ്ടപരിഹാര തുക നേരിട്ടു ലഭിക്കണമെന്നും അതല്ലാതെ ഭൂമി ഏറ്റെടുക്കുന്നത് തടയണമെന്നുമായിരുന്നു എൽസ്റ്റണിന്റെ ആവശ്യം. മാത്രമല്ല, 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം വേണം ഭൂമി ഏറ്റെടുക്കാൻ. സർക്കാർ നിശ്ചയിച്ചിട്ടുള്ള 26 കോടി രൂപയുടെ നഷ്ടപരിഹാരം തീരെ കുറവാണെന്നും എൽസ്റ്റൺ അഭിഭാഷകൻ വാദിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച് തർക്കമുണ്ടെങ്കിൽ ഉചിതമായ ഫോറത്തെ സമീപിക്കാമെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിട്ടുള്ള കാര്യം സർക്കാർ ചൂണ്ടിക്കാട്ടി.
അതേസമയം മുണ്ടക്കൈ- ചൂരല്‍മല ദുരിത ബാധിതർക്കായി സര്‍ക്കാര്‍ ഒരുക്കുന്ന പുനരധിവാസ പദ്ധതിയിലേക്ക് 235 ഗുണഭോക്താക്കള്‍ സമ്മതപത്രം കൈമാറി. പുനരധിവാസത്തിനായുള്ള ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലുള്‍പ്പെട്ട 242 പേരില്‍ 235 ആളുകളാണ് കലക്ടറേറ്റിലെത്തി സമ്മതപത്രം കൈമാറിയത്. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ നിർമിക്കുന്ന ടൗണ്‍ഷിപ്പിലേക്ക് ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട 170 പേര്‍ വീടിനായും 65 പേര്‍ സാമ്പത്തിക സഹായത്തിനും സമ്മതപത്രം കൈമാറി. സമ്മതപത്രം കൈമാറാനുള്ള അവസാന ദിനമായ തിങ്കളാഴ്ച 113 ഗുണഭോക്താക്കളാണ് കലക്ടറേറ്റിലെത്തി സമ്മതപത്രം കൈമാറിയത്. ഇതില്‍ 63 പേര്‍ ടൗണ്‍ഷിപ്പില്‍ വീടിനായും 50 പേര്‍ സാമ്പത്തിക സഹായത്തിനുമാണ് ഓപ്ഷന്‍ നല്‍കിയത്.
കല്‍പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന ടൗണ്‍ഷിപ്പില്‍ 1000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് വീട് നിര്‍മിക്കുക. പ്രധാന മുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് വീടില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവ ടൗണ്‍ഷിപ്പിന്റെ ഭാഗമായി നിര്‍മ്മിക്കും. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം പാടില്ലെന്നതാണ് വ്യവസ്ഥ. പാരമ്പര്യ കൈമാറ്റം നടത്താം.
സാമ്പത്തിക സഹായം തിരഞ്ഞെടുക്കുന്നവര്‍ക്ക് 15 ലക്ഷം രൂപ സഹായം ലഭിക്കും. ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിലാണ് വീടും സാമ്പത്തിക സഹായവും ലഭിക്കുക. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണെങ്കില്‍ പ്രായപൂര്‍ത്തിയായ ശേഷം കുട്ടിയുടെ പേരിലേക്കും ഉടമസ്ഥാവകാശം ലഭിക്കും. സംഘടനകള്‍, സ്പോണ്‍സര്‍മാര്‍, വ്യക്തികള്‍ വീടുവെച്ച് നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിശ്ചിത തുക സാമ്പത്തിക സഹായമായി ലഭിക്കും.
രണ്ടാംഘട്ട 2-എ, 2-ബി പട്ടികയിലുള്‍പ്പെട്ട ഗുണഭോക്താകളില്‍ നിന്നും ടൗണ്‍ഷിപ്പില്‍ വീട്, സാമ്പത്തിക സഹായം എന്നിവ തിരഞ്ഞെടുക്കാനുള്ള സമ്മതപത്രം മാര്‍ച്ച് 25 മുതല്‍ സ്വീകരിക്കും. ടൗണ്‍ഷിപ്പില്‍ വീട് വേണോ, സാമ്പത്തിക സഹായം വേണോ എന്നത് സംബന്ധിച്ച ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20 ന് പ്രസിദ്ധീകരിക്കും.