ഗുണ്ടയുടെ കാമുകിക്ക് ‘ഹലോ’ അയച്ചു; യുവാവിനെ തല്ലി വാരിയെല്ലൊടിച്ചു, ഗുരുതര പരുക്ക്

Mail This Article
ആലപ്പുഴ∙ ഗുണ്ടയുടെ പെണ്‍സുഹൃത്തിന് ഇന്‍സ്റ്റഗ്രാമില്‍ ‘ഹലോ’ അയച്ചതിനു യുവാവിനു ക്രൂരമര്‍ദനം. ആലപ്പുഴ അരൂക്കുറ്റിയിലാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു മര്‍ദിച്ചത്. മര്‍ദനമേറ്റ അരുക്കുറ്റി പഞ്ചായത്ത് കണിച്ചിക്കാട് ജിബിന്‍റെ (29) വാരിയെല്ലൊടിഞ്ഞ് ശ്വാസകോശത്തിനു ക്ഷതമേറ്റു. ഗുരുതര പരുക്കുകളോടെ ജിബിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിരവധി കേസുകളിൽ പ്രതിയായ പ്രഭിജിത്, കൂട്ടാളി സിന്തൽ എന്നിവർ ചേർന്നാണു മർദിച്ചതെന്ന് ജിബിന്റെ സഹോദരൻ ലിബിന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. കാറിലെത്തിയ രണ്ടുപേർ അരൂക്കുറ്റി പാലത്തിനു സമീപത്തുനിന്നാണ് ജിബിനെ കയറ്റിക്കൊണ്ടുപോയി മാത്താനം ക്ഷേത്രത്തിനു സമീപത്തെ വീട്ടിലെത്തിച്ചു മർദിച്ചത്.
ജിബിനെ കാറില്‍ കയറ്റി ഒഴിഞ്ഞ വീട്ടിലേക്കു കൊണ്ടു പോയി ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. പട്ടിക കൊണ്ട് ആഞ്ഞടിച്ചു. കഴുത്തില്‍ കയറിട്ടു വലിക്കുകയും ചെയ്തെന്ന് സഹോദരന്‍ പറഞ്ഞു. മർദ്ദിച്ച യുവാവിന്റെ പെൺസുഹൃത്തിന് മെസേജ് അയച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ആക്രമണമെന്ന് പൂച്ചാക്കൽ പൊലീസ് അറിയിച്ചു.