35 വർഷമായിട്ടും യുഎസ് പൗരത്വം കിട്ടിയില്ല; ദമ്പതികളെ നാടുകടത്തി, മക്കൾക്ക് കലിഫോർണിയയിൽ കഴിയാം

Mail This Article
സാക്രമെന്റോ (കലിഫോർണിയ)∙ 35 വർഷമായി യുഎസിൽ സ്ഥിരതാമസമാക്കിയിരുന്ന ദമ്പതികളെ ഇമിഗ്രേഷൻ അധികൃതർ കൊളംബിയയിലേക്കു നാടുകടത്തി. ഗ്ലാഡിസ് ഗോൺസേൽസ് (55), ഭർത്താവ് നെൽസൺ ഗോൺസേൽസ് (59) എന്നിവരെ ഫെബ്രുവരി 21നാണ് ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിൽ എടുത്തത്. യുഎസ് പൗരത്വമുള്ള മൂന്നു പെൺമക്കൾക്ക് കലിഫോർണിയയിൽ കഴിയാം. മാതാപിതാക്കളെ മാത്രമാണു രേഖകളില്ലെന്ന പേരിൽ യുഎസ് ഇമിഗ്രേഷൻ കസ്റ്റംസ് ആൻഡ് എൻഫോഴ്സ്മെന്റ് അധികൃതർ അറസ്റ്റ് ചെയ്ത് മൂന്നരയാഴ്ച തടവിൽ പാർപ്പിച്ചശേഷം നാടുകടത്തിയത്.
സാന്റ അനയിലെ കോടതിയിൽ കഴിഞ്ഞ മാസം പതിവുപോലെ എത്തിയതായിരുന്നു മാതാപിതാക്കളെന്ന് മകൾ സ്റ്റെഫാനി ഗോൺസാലസ് രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. ‘‘2000 മുതൽ എല്ലാ വർഷവും അവർ അങ്ങനെ പോകുന്നതാണ്. മാതാപിതാക്കൾ ഒരിക്കൽപ്പോലും നിയമം ലംഘിച്ചിട്ടില്ല. ഒരു അപ്പോയ്ന്റ്മെന്റ് പോലും മുടക്കിയിട്ടില്ല. നാലു ദശകത്തോളമായി ഇവിടെയൊരു ജീവിതം കെട്ടിപ്പടുക്കുകയായിരുന്നു. മൂന്നു പെൺമക്കളെ വളർത്തി വലുതാക്കി. ആദ്യ പേരക്കുട്ടിയെ അടുത്തിടെ അവർക്കു ലഭിച്ചു. ഈ സംഭവം ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു. അവരെ ഇപ്പോൾ ക്രിമിനലുകളെപ്പോലെയാണ് കണക്കാക്കുന്നത്. ഡിറ്റെൻഷൻ സെന്ററുകളിൽ പാർപ്പിച്ചു, നാടുകടത്തി. ഇതു ഞങ്ങളുടെ കുടുംബത്തെ മാനസികമായും സാമ്പത്തികമായും തകിടം മറിച്ചു’’ – മകൾ പറഞ്ഞു.
നാടുകടത്തപ്പെടുമെന്ന് അവർക്ക് അറിയാമായിരുന്നുവെന്ന് ദമ്പതികൾക്കായി 2018 മുതൽ ഹാജരാകുന്ന ഇമിഗ്രേഷൻ അഭിഭാഷക മോണിക്ക ക്രൂംസ് പറഞ്ഞു. ‘‘നാട്ടിലേക്കു പോകാൻ അവർ ഒരുക്കവുമായിരുന്നു. എന്നാൽ ഈ രീതിയിൽ അല്ല അവർ മടക്കം പ്രതീക്ഷിച്ചിരുന്നത്. കൃത്യമായി നികുതി അടച്ചിരുന്നു. പൗരത്വം നേടാനായി എല്ലാ മാർഗങ്ങളും നോക്കിയിരുന്നു. രാജ്യം വിട്ടുപോകണമെന്ന് 2018 മുതലാണ് ഇവരെ ഇമിഗ്രേഷൻ അധികൃതർ നിർബന്ധിക്കാൻ തുടങ്ങിയത്. യുഎസിലെ അവരുടെ ജീവിതം നിയമപരമാക്കാനാകില്ലെന്നും രാജ്യം വിടണമെന്നുമായിരുന്നു അവരുടെ ആവശ്യം’’ – മോണിക്ക പറഞ്ഞു.
ഇരുവർക്കും ക്രിമിനൽ പശ്ചാത്തലമില്ലെന്ന് ഇമിഗ്രേഷൻ അധികൃതർ പറഞ്ഞു. ‘‘1989 നവംബറിലാണ് ഇരുവരും കലിഫോർണിയയിലെ സാൻ സിദ്രോ വഴി യുഎസിലെത്തിയത്. താമസം നിയമപരമാക്കാൻ അവർ എല്ലാ മാർഗങ്ങളും നോക്കി. സ്വയം രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് 2000ൽ ഇമിഗ്രേഷൻ കോടതി ഇവരോട് ഉത്തരവിട്ടിരുന്നതാണ്. എന്നാൽ അവർ പോയില്ല. അങ്ങനെയുള്ളവർ സ്വന്തം ചെലവിൽ രാജ്യം വിടേണ്ടതാണ്’’ – ബന്ധപ്പെട്ടവർ പറഞ്ഞു.