‘മ്യാൻമർ ഭൂകമ്പത്തിന്റെ ആഘാതം 334 ആറ്റം ബോംബുകൾക്ക് തുല്യം’; മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത

Mail This Article
നയ്പീഡോ (മ്യാൻമർ)∙ മ്യാൻമറിലുണ്ടായ ഭൂകമ്പത്തിന്റെ ആഘാതം 334 ആറ്റം ബോംബുകൾക്കു തുല്യമാണെന്ന് യുഎസ് ജിയോളജിസ്റ്റ് ജെസ് ഫീനിക്സ്. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 28ന് പ്രാദേശിക സമയം ഉച്ചയ്ക്കു 12.50നാണ് ഉണ്ടായത്. പിന്നാലെ 6.4 തീവ്രതയുള്ള മറ്റൊരു ഭൂകമ്പവുമുണ്ടായി.
‘‘334 ആറ്റം ബോംബുകളുടേതിനു തുല്യമായ ആഘാതമാണ് ഭൂകമ്പത്തിലുണ്ടായത്. തുടർചലനങ്ങൾ മാസങ്ങളോളം നീണ്ടു നിൽക്കാം’’– ജിയോളജിസ്റ്റ് ജെസ് ഫീനിക്സ് സിഎൻഎന്നിനോട് പറഞ്ഞു. ഭൂകമ്പത്തിൽ മരണം 1,600 കടന്നുവെന്നാണ് റിപ്പോർട്ട്. സൈനിക ഭരണകൂടമായതിനാലും ആഭ്യന്തരയുദ്ധം രൂക്ഷമായതിനാലും ഭൂകമ്പത്തിന്റെ ആഘാതം എത്രയാണെന്നു കൃത്യമായി വിലയിരുത്താൻ കഴിയാത്ത സാഹചര്യമാണ്. മ്യാൻമറിലെ സാഗെയിങ് നഗരത്തിനു സമീപത്താണു പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറയുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെയിൽ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്.
പതിനായിരത്തിലേറെപ്പേർ മരിച്ചിട്ടുണ്ടാകുമെന്നാണ് യുഎസ് ജിയോളജിക്കൽ സർവേയുടെ നിഗമനം. 3,400 പേർക്കു പരുക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരാമെന്നും സൈനിക ഭരണകൂടം വ്യക്തമാക്കി. നയ്പീഡോയിൽ ഗതാഗത, വൈദ്യുത, ഇന്റർനെറ്റ് സംവിധാനങ്ങൾ തകരാറിലായി. രാജ്യാന്തര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ ടവറടക്കം തകർന്നു. മ്യാൻമറിനു സഹായമെത്തിക്കാൻ ‘ഓപ്പറേഷൻ ബ്രഹ്മ’യുമായി ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയിലെ 80 അംഗങ്ങളെയും കരസേനയുടെ ഫീൽഡ് ഹോസ്പിറ്റൽ യൂണിറ്റിലെ 118 പേരെയും മ്യാൻമറിലേക്ക് ഇന്ത്യ അയച്ചു.