ADVERTISEMENT

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതും വിവാദത്തിൽ മുഖ്യമന്ത്രി അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ പ്രതികരണവുമായി എത്തിയതുമായിരുന്നു ഇന്ന് ഏറ്റവും ചർച്ചയായ വിഷയം. ചിത്രത്തിന്റെ സെൻസർ ചെയ്ത പതിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവാദം കൊഴുക്കുകയാണ്. മ്യാൻമറിലെ ഭൂകമ്പവുമായി ബന്ധപ്പെട്ട വാർത്തകൾ, പുട്ടിന്റെ കാറിന് തീപിടിച്ചത് തുടങ്ങിയതും ചർച്ചയായി. വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ.

എമ്പുരാൻ സിനിമാ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹന്‍ലാൽ. തന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർഥമായ ഖേദമുണ്ടെന്നു സമൂഹമാധ്യമത്തിലെ പോസ്റ്റിൽ മോഹൻലാൽ വ്യക്തമാക്കി. വിവാദ വിഷയങ്ങളെ സിനിമയിൽനിന്നു നീക്കം ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞു. ജനങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് തന്റെ ശക്തിയെന്നും മോഹൻലാൽ പറഞ്ഞു.

വർഗീയതയ്‌ക്കെതിരെ നിലപാടെടുത്തു എന്നതുകൊണ്ടും അതിന്റെ ഭീകരത ചിത്രീകരിച്ചതുകൊണ്ടും ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എമ്പുരാൻ സിനിമ കണ്ടതിന് ശേഷം സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ ആഡംബരക്കാറിനു തീപിടിച്ചതായി റിപ്പോർട്ട്. കാറിന‌ു തീപിടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. മോസ്കോയിലെ ഫെഡറൽ സെക്യൂരിറ്റി സർവീസ് ഓഫിസ് ആസ്ഥാനത്തിനു സമീപത്തായാണ് കാറിന് തീപിടിച്ചതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചയായിരുന്നു സംഭവം.

മ്യാൻമറിലുണ്ടായ ഭൂകമ്പത്തിന്റെ ആഘാതം 334 ആറ്റം ബോംബുകൾക്കു തുല്യമാണെന്ന് യുഎസ് ജിയോളജിസ്റ്റ് ജെസ് ഫീനിക്സ്. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 28ന് പ്രാദേശിക സമയം ഉച്ചയ്ക്കു 12.50നാണ് ഉണ്ടായത്. പിന്നാലെ 6.4 തീവ്രതയുള്ള മറ്റൊരു ഭൂകമ്പവുമുണ്ടായി. പതിനായിരത്തിലേറെപ്പേർ മരിച്ചിട്ടുണ്ടാകുമെന്നാണ് യുഎസ് ജിയോളജിക്കൽ സർവേയുടെ നിഗമനം. 3,400 പേർക്കു പരുക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരാമെന്നും സൈനിക ഭരണകൂടം വ്യക്തമാക്കി.

നവാഭിഷിക്തനായ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്ക് ജന്മനാടിന്റെ ഊഷ്മള സ്വീകരണം. ലബനനിലെ സ്ഥാനാരോഹണ ചടങ്ങുകൾക്കുശേഷം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് കൊച്ചി വിമാനത്താവളത്തിലെത്തിയ ബാവായെ വിശ്വാസി സമൂഹം സ്വീകരിച്ചു. പാത്രിയർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറിങ്കൽ ധൂപ പ്രാർഥനയ്ക്കു ശേഷം സ്ഥാനാരോഹണ ശുശ്രൂഷ (സുന്ത്രോണീസോ) നടന്നു. മലങ്കരയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഏബ്രഹാം മാർ സേവേറിയോസ് മുഖ്യ കാർമികത്വം വഹിച്ചു.

English Summary:

Today's Recap: Major Headlines of 30-03-25

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com