ADVERTISEMENT

കോഴിക്കോട് ∙ അന്നപാനീയങ്ങൾ വെടിഞ്ഞും ആരാധനാ കർമങ്ങളിൽ മുഴുകിയും നിരാലംബരെ സഹായിച്ചും നേടിയെടുത്ത ആത്മചൈതന്യത്തിൽ ഇസ്‌ലാം മതവിശ്വസികൾക്ക് ഇന്ന് ഈദുൽ ഫിത്ർ. വ്രതവിശുദ്ധിയുടെ നിറവിൽ സഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശങ്ങൾ വിളംബരം ചെയ്യുന്ന ദിനമാണ് ചെറിയ പെരുന്നാൾ. പുതിയ വസ്ത്രങ്ങളണിഞ്ഞും ഈദ് ഗാഹുകളിൽ പങ്കെടുത്തും മധുരം പങ്കിട്ടും സൗഹൃദങ്ങൾ പുതുക്കിയും ബന്ധുക്കളെ സന്ദർശിച്ചും വിശ്വാസികൾ പെരുന്നാൾ കൊണ്ടാടുന്നു. 

ജീവിതയാത്രയിൽ സംഭവിച്ച പാപങ്ങൾ കഴുകിക്കളയാനും സർവശക്തന്റെ പ്രീതി കരസ്ഥമാക്കാനും വിശ്വാസികൾ റമസാനിന്റെ പകലിരവുകളിൽ നോമ്പുനോറ്റ് ഹൃദയമുരുകി പ്രാർഥിച്ചു. മനസ്സും ശരീരവും വെൺമയുള്ളതാക്കി പുത്തൻ ഉണർവോടെ ഓരോ വിശ്വാസിയും റമസാനോട് വിട പറഞ്ഞ് ശവ്വാൽ മാസത്തിലേക്ക് കടക്കുകയും ഈദുൽ ഫിത്ർ ആഘോഷിക്കുകയും ചെയ്യുന്നു. രാവിലെ ഏഴു മണി മുതൽ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പെരുന്നാൾ നമസ്കാരം നടത്തി. സാഹോദര്യത്തിന്റെ സന്ദേശം പകർന്ന് പലയിടത്തും സംയുക്തമായാണ് പെരുന്നാൾ നമസ്കാരം നടത്തിയത്. 

പത്തനംതിട്ട ടൗൺ ജുമാ മസ്ജിദിൽ  നടന്ന 
ചെറിയപെരുന്നാൾ
നമസ്ക്കാരം. ചിത്രം: ഹരിലാൽ/മനോരമ
പത്തനംതിട്ട ടൗൺ ജുമാ മസ്ജിദിൽ നടന്ന ചെറിയപെരുന്നാൾ നമസ്ക്കാരം. ചിത്രം: ഹരിലാൽ/മനോരമ

കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിന് സമീപം, പെരുമണ്ണ സിൻസിയർ ഫുട്ബോൾ ടർഫ്, എരഞ്ഞിക്കൽ കാട്ടുകുളങ്ങര കാച്ചിലാട്ട് സ്കൂൾ ഗ്രൗണ്ട്, പുറക്കാട്ടിരി ഹിൽടോപ്പ് പാർക്കിങ് ഗ്രൗണ്ട്, മെഡിക്കൽ കോളജ് റഹ്മാനിയ സ്കൂൾ ഗ്രൗണ്ട്, വെള്ളിമാടുകുന്ന് സലഫി മസ്ജിദ്, നടക്കാവ് ജില്ലാ മസ്ജിദ്, വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം കൺവൻഷൻ സെന്റർ, ബേപ്പൂർ മെയിൻ റോഡ് ടർഫ് ഗ്രൗണ്ട്, കോഴിക്കോട് മർകസ് കോംപ്ലക്സ് മസ്ജിദ്, കാരപ്പറമ്പ് ജുമഅത്ത് പള്ളി എന്നിവിടങ്ങളിൽ പെരുന്നാൾ നമസ്കാരം നടത്തി. കുട്ടികളും മുതിർന്നവരുമുൾപ്പെടെ നൂറുകണക്കിനാളുകളാണ് പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കുകയും ആശംസകൾ കൈമാറുകയും ചെയ്തത്.

കെഎൻഎം സംസ്ഥാനത്തിനകത്തും പുറത്തുമായി സംഘടിപ്പിച്ച ഈദ് ഗാഹുകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. രണ്ടായിരത്തിലേറെ ഈദ് ഗാഹുകളിലായി സ്ത്രീകളും കുട്ടികളുമടക്കം ലക്ഷങ്ങളാണ് പങ്കെടുത്തത്. പെരുന്നാൾ ഖുതുബകളിലും ലഹരിക്കെതിരായി സമൂഹത്തിന്റെ ജാഗ്രത വേണമെന്ന ബോധവത്കരണവുമുണ്ടായി.

സുന്നി മഹല്ല് ഫെഡറേഷന്റെ നേതൃത്വത്തിൽ മലപ്പുറം പൂക്കോട്ടൂർ പാപ്പാട്ടുങ്ങൽ മഹല്ലിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് അബ്ദുസ്സമദ് പൂക്കോട്ടൂർ നേതൃത്വം നൽകുന്നു
സുന്നി മഹല്ല് ഫെഡറേഷന്റെ നേതൃത്വത്തിൽ മലപ്പുറം പൂക്കോട്ടൂർ പാപ്പാട്ടുങ്ങൽ മഹല്ലിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് അബ്ദുസ്സമദ് പൂക്കോട്ടൂർ നേതൃത്വം നൽകുന്നു

കൊച്ചിയിൽ മറൈൻ ഡ്രൈവിലും കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലുമായിരുന്നു പ്രധാന ഈദ് ഗാഹുകൾ. ഗ്രേറ്റർ കൊച്ചി ഈദ് ഗാഹ് കമ്മിറ്റിയാണ് മറൈൻ ഡ്രൈവിൽ ഈദ് ഗാഹ് സംഘടിപ്പിച്ചത്. 7.15ന് പ്രഭാഷകനും എഴുത്തുകാരനുമായ സദറുദ്ദീൻ വാഴക്കാട് ഇവിടെ നമസ്കാരത്തിന് നേതൃത്വം നൽകി. കലൂർ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 7.15ന് കലൂർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹ് നമസ്കാരത്തിന്  പ്രമുഖ പണ്ഡിതനും പ്രബോധകനുമായ  സുബൈർ പീടിയേക്കൽ നേതൃത്വം നൽകി.

ഖത്തീബുമാരുടെ ഖുതുബ കൂടി ശ്രവിച്ചാണ് വിശ്വാസികൾ നമസ്കാരത്തിനു ശേഷം മടങ്ങിയത്. സമൂഹത്തിൽ മദ്യം, ലഹരി മരുന്ന് പോലുള്ള സാമൂഹിക തിന്മകൾക്കെതിരെ പോരാട്ടം ശക്തമാക്കാനുള്ള മനസ്സുറപ്പോടെയും ആത്മചൈതന്യം നിലനിർത്തി നല്ല നാളേക്കായി പോരാടാനുമുള്ള വാക്കുകൾ ശ്രവിച്ചാണ് വിശ്വാസികളുടെ മടക്കം. 

തിരുവനന്തപുരം മണക്കാട് വലിയ പള്ളിയിൽ നടന്ന ഈദ് നമസ്കാരം. (Photo: Arranged)
തിരുവനന്തപുരം മണക്കാട് വലിയ പള്ളിയിൽ നടന്ന ഈദ് നമസ്കാരം. (Photo: Arranged)

മൈത്രി പൂത്തുലയട്ടെ: സാദിഖലി തങ്ങൾ

പാർശ്വവൽക്കരിക്കപ്പെട്ടവരെ ഹൃദയത്തോടു ചേർത്തു മർദിതരോട് ഐക്യപ്പെട്ടു മൈത്രിയുടെ പെരുന്നാൾ ആഘോഷിക്കണമെന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ചെറിയ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. ഒരു മാസം വ്രതമെടുത്തു കാത്തിരുന്നതാണ് ഈ പെരുന്നാൾ; വലിയ സന്തോഷത്തിന്റെ ചെറിയ പെരുന്നാൾ. കെട്ടുകാഴ്ചകൾക്കപ്പുറം സ്വന്തത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും അകം തുറന്നു നോക്കാനുള്ള അവസരം.

മതിമറന്ന് ആഘോഷിക്കാനല്ല, മതബന്ധമായ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പങ്കുവയ്ക്കലുകളാണു വേണ്ടത്. ജാതി, മത, വർഗ, വർണ അതിരുകൾ ഭേദിച്ചു മൈത്രി പൂത്തുലയണം. സമ്പൂർണമായ സന്തോഷമാണ് അല്ലാഹു വിശ്വാസികൾക്കു കനിഞ്ഞേകിയത്. ആരാധനകൾ നിർവഹിച്ചും അവന്റെ കൽപനകൾ പാലിച്ചും മനുഷ്യനെ എല്ലാം മറന്ന് ആലിംഗനം ചെയ്തുമാണു സന്തോഷം പ്രകടിപ്പിക്കേണ്ടത്.

വിശപ്പിനെയും ദാഹത്തെയും സമീകരിച്ചും സകാത്ത്, ദാനധർമങ്ങളിലൂടെ ലഘൂകരിച്ചും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അതിർവരമ്പിനെ മായ്ക്കുന്ന സാമൂഹിക വിപ്ലവമാണു റമസാനിന്റെയും ഈദിന്റെയും അകംപൊരുൾ.

പെരുന്നാൾ ദിനത്തിൽ ആരും വിശന്നിരിക്കരുത്. എത്ര ഉള്ളവനായാലും ഇല്ലാത്തവനായാലും ഇന്നു വ്രതം അനുവദനീയമല്ല. ഒരു മാസത്തെ വ്രതത്തെ പൂർണതയിൽ സ്വീകരിക്കപ്പെടാൻ നാട്ടിലെ മുഖ്യാഹാരം (ഫിത്തർ സകാത്ത്) നിശ്ചിത അളവിൽ കുറയാതെ അർഹർക്ക് എത്തിച്ചു നൽകണമെന്ന് അനുബന്ധമായി ചേർത്തുവച്ചതു സമഭാവനയെ അടിവരയിട്ട് ഓർമിപ്പിക്കാൻ കൂടിയാണ്.

മദ്യവും ലഹരിമരുന്നും ഉൾപ്പെടെയുള്ള അധാർമികതകൾക്കെതിരെ ജാഗ്രതയോടെ പ്രതിജ്ഞ പുതുക്കുകയും വേണം. മതത്തിനോ, ജാതിക്കോ വിഭാഗീയതയ്ക്കോ ലഹരിയുമായി ബന്ധമില്ല. ലഹരി വ്യക്തിയെയും കുടുംബത്തെയും നാടിനെയും രാജ്യത്തെയുമാകെ നശിപ്പിക്കുന്ന, അരാജകത്വത്തിലേക്കു തള്ളിവിടുന്ന കൊടും വിഷമാണ്. താൽക്കാലികാസ്വാദനത്തിനായി ആ ദൂഷിത വലയത്തിലകപ്പെട്ടവരെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാനും സന്മാർഗത്തിൽ ചേർത്തുനിർത്താനും വിശ്വാസികൾക്കും മഹല്ലു സംവിധാനങ്ങൾക്കും സംഘടനകൾക്കും കൂട്ടായ്മകൾക്കുമെല്ലാം ബാധ്യതയുണ്ട്.

മദ്യത്തിലും ലോട്ടറി പോലുള്ള ചൂതാട്ടത്തിലും മുഖ്യ വരുമാനങ്ങൾ കാണുന്ന ഭരണകൂടങ്ങൾ നിയമപരമായ ബാധ്യതകളും നിയമവാഴ്ചയും ഉറപ്പാക്കുന്നതോടൊപ്പം, ലഹരിമുക്തരാജ്യമെന്ന ഭരണഘടനയുടെ മാർഗനിർദേശക ലക്ഷ്യത്തോടു ചേർന്നുനിൽക്കാനും പരിശ്രമിക്കണം.

പെരുന്നാൾ നമസ്‌കാരവും ഫിത്തർ സകാത്തുമാണു ചെറിയ പെരുന്നാൾ ദിനത്തിന്റെ മുഖ്യ കർമങ്ങൾ. അത്തറു പൂശി, പുതിയ വസ്ത്രങ്ങൾ ധരിച്ചു തക്ബീർ ധ്വനികളോടെ പള്ളിയിലേക്കു പോകുന്നതും ബന്ധങ്ങൾ കൂട്ടിയിണക്കുന്നതും നല്ല ഭക്ഷണം കഴിക്കുന്നതുമെല്ലാമാണു പെരുന്നാളിന്റെ പൊലിമ. പെരുന്നാൾ കേവലം ആചാരത്തിനപ്പുറമുള്ള പ്രാർഥനാ നിർഭരമായ സ്വത്വപ്രഖ്യാപനമാണ്. എല്ലാവർക്കും ഹൃദ്യമായ ചെറിയ പെരുന്നാൾ ആശംസകൾ; അല്ലാഹു അക്ബർ... വലില്ലാഹിൽ ഹംദ്...

പുതുജീവിതത്തിന്റെ തുടക്കം: ഖലീൽ ബുഖാരി തങ്ങൾ

സഹനത്തിന്റെയും ആത്മസംസ്കരണത്തിന്റെയും വ്രതക്കാലത്തിനു വിരാമം. ഇനി സന്തോഷപ്പെരുന്നാൾ. ഇതു നവീകരണത്തിന്റെയും നന്ദിയുടെയും നന്മകൾക്കായുള്ള സമർപ്പണത്തിന്റെയും സമയമാണ്. അനുഗൃഹീതമായ നോമ്പിന്റെ മാസത്തിൽ നാം പഠിച്ച ക്ഷമ, അനുകമ്പ, ആത്മനിയന്ത്രണം തുടങ്ങിയവയോടൊത്തുള്ള പുതുജീവിതത്തിന്റെ തുടക്കമാണു ചെറിയ പെരുന്നാളെന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ഈദ് സന്ദേശത്തിൽ പറഞ്ഞു.

ഈദ് എല്ലാവർക്കും സമാധാനവും സന്തോഷവും സമൃദ്ധിയും നൽകട്ടെ. നമ്മുടെ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധങ്ങളെ ശക്തിപ്പെടുത്തുന്ന ആത്മീയ വളർച്ചയുടെയും നവീകരണത്തിന്റെയും അതുല്യവേളയായി പെരുന്നാളിനെ മാറ്റാൻ നാം ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഷ്ടതയനുഭവിക്കുന്നവരിലേക്ക് ആശ്വാസത്തിന്റെ കരങ്ങൾ നീളണം. പ്രാർഥനകളിൽ അവരെ ഓർക്കേണ്ടതുണ്ട്. നമ്മുടെ രാജ്യവും സമൂഹവും നേരിടുന്ന വിവിധ വെല്ലുവിളികളെ നേരിടാനുള്ള ജാഗ്രതയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള സഹനബോധവും വിശുദ്ധ റമസാൻ നമുക്ക് നൽകിയിട്ടുണ്ട്. ആ കരുത്തുമായി മുന്നേറാനുള്ള പ്രചോദനമാകട്ടെ ഈദുൽ ഫിത്ർ. എല്ലാവർക്കും ഈദ് മുബാറക്! നമുക്ക് ഈദിന്റെ ചൈതന്യം ഉൾക്കൊള്ളുകയും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം വർഷം മുഴുവനും വഹിക്കുകയും ചെയ്യാം.

വേണ്ടത് ആത്മാവിന്റെ ശുദ്ധീകരണം: ആലിക്കുട്ടി മുസല്യാർ

ആത്മീയമായ ഉണർവിലൂടെ റമസാൻ നേടിത്തന്ന ഊർജം കൈമുതലാക്കി നിലകൊള്ളണമെന്നും പരസ്പര സ്‌നേഹവും കാരുണ്യവും കൈമാറ്റം ചെയ്തു നല്ല മനസ്സിന്റെ ഉടമകളായി തീരാനുള്ള സുകൃത നിമിഷങ്ങളാവട്ടെ പെരുന്നാൾ ആഘോഷമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസല്യാർ ചെറിയ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.

ആത്മാവിന്റെ ശുദ്ധീകരണമാണു റമസാനിന്റെ അന്തഃസത്ത. ‌ഫിത്തർ സക്കാത്ത് ചെറിയ പെരുന്നാൾ ദിനത്തിലെ പ്രധാന ആരാധനയാണ്. അക്രമങ്ങളും അനീതിയും പകയും വിദ്വേഷവും ഭീതിയുളവാക്കുമ്പോൾ, സത്യസന്ധതയുടെയും നീതിയുടെയും നന്മവാഹകരായി, മാതൃകയായി തീരുകയാണു വിശ്വാസി. അതിനുള്ള പരിശീലനമാണു റമസാൻ മാസം നൽകുന്നത്. ഇതു കൈമുതലാക്കി മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കാനുള്ള വേള കൂടിയാണു പെരുന്നാൾ ദിനം. പീഡനമനുഭവിക്കുന്നവർ, പട്ടിണിപ്പാവങ്ങൾ, അഭയാർഥികൾ, രോഗികൾ, പരസ്പരം പരിചരണം ആവശ്യമുള്ളവർ തുടങ്ങിയവരെ ചേർത്തുപിടിക്കാനും കാരുണ്യം ചൊരിയാനും പെരുന്നാൾ ദിനത്തിൽ ശ്രദ്ധ ചെലുത്തണം. പെരുന്നാൾ ദിനത്തിൽ പലസ്തീൻ ജനതയുടെ സമാധാനത്തിനു വേണ്ടി മനമുരുകി പ്രാർഥിക്കുക.

തിന്മയുടെ താക്കോലായ ലഹരിക്കെതിരെ സമൂഹത്തെ ഉദ്ബുദ്ധരാക്കിയും ഇവ നിർമാർജനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളായും സമൂഹത്തിൽ മാതൃകയാവാനുള്ള പ്രതിജ്ഞാ വേളയാവട്ടെ ചെറിയ പെരുന്നാൾ ആഘോഷമെന്നും ആലിക്കുട്ടി മുസല്യാർ ആശംസിച്ചു.

മനുഷ്യരോടുള്ള ബാധ്യതാനിർവഹണം വിശ്വാസത്തിന്റെ ജീവാത്മാവ്: മലപ്പുറം ഖാസി

റമസാൻ വ്രതത്തിലൂടെ നേടിയ സഹനവും ആത്മശുദ്ധിയും മനുഷ്യസ്നേഹത്തിനു പ്രേരണയാകണമെന്നു മലപ്പുറം ഖാസി ഒ.പി.എം.മുത്തുക്കോയ തങ്ങൾ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. വേദനയനുഭവിക്കുന്ന സഹജീവിയെ തിരിച്ചറിയാൻ പ്രേരണ നൽകിയ വ്രതം, പട്ടിണിയുടെ തീക്ഷ്ണത എന്താണെന്നു വിശ്വാസികളെ ബോധ്യപ്പെടുത്തി. മനുഷ്യരോടുള്ള ബാധ്യതാനിർവഹണം മതവിശ്വാസത്തിന്റെ ജീവാത്മാവാണെന്ന് ഓരോ വിശ്വാസിയും തിരിച്ചറിയണം.

എല്ലാ വിഭാഗം ജനങ്ങൾക്കും അവരുടെ വ്യക്തിത്വം നിലനിർത്തി സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം. സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവൽക്കരണം വേണം. സ്നേഹസംഗമങ്ങളിലൂടെ പെരുന്നാൾ സന്ദേശം സഹോദര സമുദായങ്ങൾക്കു കൂടി എത്തിച്ചുകൊടുക്കണമെന്നും ഖാസി പറഞ്ഞു.

പ്രതിജ്ഞാ വേള കൂടിയാണു പെരുന്നാൾ: ജിഫ്രി തങ്ങൾ

വിശുദ്ധ റമസാനിന്റെ ആത്മീയ ചൈതന്യത്തെ ജീവിത കർമപഥത്തിൽ പ്രാവർത്തികമാക്കാനുള്ള തയാറെടുപ്പോടു കൂടി പെരുന്നാൾ ആഘോഷം ധന്യമാക്കണമെന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഈദ് സന്ദേശത്തിൽ പറഞ്ഞു. ഒരു മാസത്തെ റമസാൻ കാലത്തു വ്രതാനുഷ്ഠാനത്തിലൂടെയും മറ്റ് ആരാധന കർമങ്ങളിലൂടെയും വിശുദ്ധി കൈവരിക്കാനുള്ള പ്രയത്നമാണു നാം ശീലിച്ചത്. സ്ഫുടം ചെയ്ത മനസ്സുമായി ശിഷ്ട ജീവിതം നയിക്കാനുള്ള ആത്മീയമ ായ കരുത്താണ് റമസാൻ.

നന്മയുടെ വാഹകരാവുകയും തിന്മയെ പ്രതിരോധിക്കുകയും ചെയ്തു ശിഷ്ടകാല ജീവിതം അർഥപൂർണമാക്കാനുള്ള പ്രതിജ്ഞാ വേളകൂടിയാണു പെരുന്നാൾ. പരസ്പര സ്‌നേഹവും സൗഹൃദവും മാനുഷിക നന്മയും നിലനിർത്തി ആഘോഷത്തെ അർഥപൂർണമാക്കണം.

വിശുദ്ധ റമസാൻ രാപകലുകളിലും പലസ്തീനിലെ ഗാസയിൽ നിരപരാധികൾക്കു നേരെ നിഷ്ഠുരമായ ആക്രമണങ്ങളാണു തുടർന്നത്. ദിവസവും മരിച്ചു വീഴുന്ന പലസ്തീനികളുടെ വേദനയ്ക്കൊപ്പം നിലകൊള്ളണം. ചെറിയ പെരുന്നാളിന്റെ ധന്യനിമിഷത്തിൽ ഗാസയിലെ ജനതയ്ക്കുവേണ്ടി മനമുരുകി പ്രാർഥിക്കണം.

വർധിച്ചു വരുന്ന ലഹരിയുടെയും ക്രൂരകൃത്യങ്ങളുടെയും ദുരന്തം ഏറെ ഭയാനകമാണ്. ഇതിനെതിരെ ശക്തമായ ചെറുത്തുനിൽപു വേണം. നന്മയും സ്‌നേഹവും സൗഹാർദവും പരസ്പരം കൈമാറ്റം ചെയ്തു മനസ്സുകൾ സ്ഫുടം ചെയ്തു വിശുദ്ധി കൈവരിക്കാൻ പെരുന്നാൾ ആഘോഷത്തിലൂടെ സാധ്യമാവട്ടെയെന്നു തങ്ങൾ ആശംസിച്ചു.

ആശംസകളർപ്പിച്ച് കെഎൻഎം

വിശുദ്ധ റമസാനിലെ പ്രാർഥനാനിർഭരമായ ദിവസങ്ങളിലെ ആത്മവിശുദ്ധി കൈവരിച്ചു ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന വിശ്വാസിസമൂഹത്തിനു കെഎൻഎം മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് സി.പി.ഉമർ സുല്ലമിയും ജനറൽ സെക്രട്ടറി എം.അഹമ്മദ്കുട്ടി മദനിയും ഈദ് ആശംസകളർപ്പിച്ചു. കൂട്ടക്കുരുതിക്കു വിധേയമായിക്കൊണ്ടിരിക്കുന്ന പലസ്തീനികൾക്കുവേണ്ടി ദൈവത്തിലേക്കു കൈ ഉയർത്താൻ നേതാക്കൾ വിശ്വാസികളെ ആഹ്വാനം ചെയ്തു. ഈദ്ഗാഹുകളിൽ പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്നും പറഞ്ഞു.

കേരളത്തിന്റെ സാമൂഹിക ഭദ്രത തകർക്കുന്ന ലഹരി മാഫിയയ്ക്കെതിരെ പോരാടാൻ യുവാക്കളെ സജ്ജമാക്കണം. ലഹരി മാഫിയയുടെ വേരറുക്കും വരെ പോരാടുമെന്നു പ്രതിജ്ഞ ചെയ്യണം. രാജ്യത്തു സംഘപരിവാർ ഫാഷിസം വീണ്ടും ക്രൂരമുഖം പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താനാവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്നും നേതാക്കൾ പ്രവർത്തകരോട് അഭ്യർഥിച്ചു.

English Summary:

Eid ul-Fitr: The Cheriya Perunnal marked the joyous end of Ramadan in Kozhikode. Muslims celebrated with prayers, new clothes, and shared meals, emphasizing brotherhood and community.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com