ആളിക്കത്തി ‘എമ്പുരാൻ’, വിമർശനവുമായി വീണ്ടും ഓർഗനൈസർ; തലമുണ്ഡനം ചെയ്ത് ആശമാർ– പ്രധാനവാർത്തകള്‍

Mail This Article
എമ്പുരാൻ സിനിമയ്ക്കെതിരെയുള്ള ആരോപണ പ്രത്യാരോപണങ്ങൾ ഇന്നും തുടരുകയാണ്. വീണ്ടും സിനിമയ്ക്കെതിരെ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ രംഗത്തെത്തിയിരിക്കുകയാണ്. ആശാവർക്കർമാരുടെ സമരം 50 ദിവസം പിന്നിട്ടതും മോദി മോഹൻ ഭാഗവതിനെ കണ്ടത് തന്റെ വിരമിക്കല്‍ തീരുമാനം അറിയിക്കാനാണെന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ വെളിപ്പെടുത്തലും ഇന്ന് ചർച്ചയായി.
എമ്പുരാൻ സിനിമയ്‌ക്കെതിരെ ആർഎസ്എസ് മുഖപത്രം വീണ്ടും ലേഖനവുമായെത്തി. സനാതന ധർമത്തിനും കേന്ദ്ര സർക്കാർ നയങ്ങൾക്കുമെതിരെ പൃഥ്വിരാജ് സ്വീകരിച്ച നിലപാടുകൾ എടുത്തുപറഞ്ഞുള്ള ലേഖനത്തിലാണ് വിമർശനം. ‘സേവ് ലക്ഷദ്വീപ്’ എന്ന പ്രചാരണത്തിന് പിന്നിലെ പ്രമുഖരിൽ ഒരാളായിരുന്നു പൃഥ്വിരാജ് എന്നും ഇതിൽനിന്നു തന്നെ അദ്ദേഹത്തിന്റെ ദേശവിരുദ്ധത വ്യക്തമാണെന്നും ഓർഗനൈസർ ആരോപിക്കുന്നു.
ഇതിനിടെ സിനിമയുടെ റി എഡിറ്റഡ് പതിപ്പ് ഇന്നുമുതൽ തിയറ്ററിലെത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ഇനിയും വൈകുമെന്നാണ് റിപ്പോർട്ടുകൾ. സിനിമയ്ക്ക് ഐക്യദാർഢ്യവുമായി ഇന്നും നിരവധി പേർ രംഗത്തെത്തി.
അന്നപാനീയങ്ങൾ വെടിഞ്ഞും ആരാധനാ കർമങ്ങളിൽ മുഴുകിയും നിരാലംബരെ സഹായിച്ചും നേടിയെടുത്ത ആത്മചൈതന്യത്തിൽ ഇസ്‌ലാം മതവിശ്വസികൾ ഇന്ന് ഈദുൽ ഫിത്ർ ആഘോഷിച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവരെ ഹൃദയത്തോടു ചേർത്തു മർദിതരോട് ഐക്യപ്പെട്ടു മൈത്രിയുടെ പെരുന്നാൾ ആഘോഷിക്കണമെന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ചെറിയ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് ആസ്ഥാനത്ത് എത്തി മോഹൻ ഭാഗവതിനെ കണ്ടത് അദ്ദേഹത്തിന്റെ വിരമിക്കല്‍ തീരുമാനം അറിയിക്കാനാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയുകയാണ്. മോദി ആർഎസ്എസ് ആസ്ഥാനത്തെത്തി 24 മണിക്കൂർ പിന്നിടുമ്പോഴാണ് സഞ്ജയ് റാവുത്തിന്റെ വെളിപ്പെടുത്തൽ.
അണ്ണാഡിഎംകെ വീണ്ടും എൻഡിഎ പാളയത്തിലെത്തിയതു നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകവുമായുള്ള (ടിവികെ) ചർച്ചകൾ പാളിയതിനെ തുടർന്നെന്നു റിപ്പോർട്ട്. കഴിഞ്ഞവർഷം നടന്ന ചർച്ചയ്ക്കിടെ, വിജയ് മുന്നോട്ടുവച്ച പല നിബന്ധനകളും അംഗീകരിക്കാൻ അണ്ണാഡിഎംകെ തയാറായിരുന്നില്ലെന്നാണു സൂചന.
ജീവിതം വഴി മുട്ടിയതിനെ തുടർന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാർ സമരത്തിന്റെ അൻപതാം ദിവസമായ ഇന്ന് മുടി മുറിച്ചും തല മുണ്ഡനം ചെയ്തും പ്രതിഷേധിച്ചു. അധികാരികളുടെ കണ്ണുതുറപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു സമരമെന്ന് സമരസമിതി നേതാവ് എസ്.മിനി പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ആദ്യം മുടി അഴിച്ചിട്ട് പ്രകടനം നടത്തി. പിന്നാലെ മുടി മുറിച്ച് പ്രതിഷേധിച്ചു. ഒരാൾ തല മുണ്ഡനം ചെയ്തു. പലരും വിതുമ്പിക്കരയുകയായിരുന്നു.