ADVERTISEMENT

ചെന്നൈ ∙ വിവാദ നായകനും സ്വയം പ്രഖ്യാപിത ആൾദൈവവുമായ നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം. നിത്യാനന്ദയുടെ അനുയായിയും സഹോദരിയുടെ മകനുമായ സുന്ദരേശ്വരനാണ് ഇക്കാര്യം അറിയിച്ചത്. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വിഡിയോ കോൺഫറൻസിലായിരുന്നു വെളിപ്പെടുത്തൽ. സനാതന ധർമം സ്ഥാപിക്കുന്നതിനു വേണ്ടി പോരാടിയ സ്വാമി ‘ജീവത്യാഗം’ ചെയ്തെന്നാണ് സുന്ദരേശ്വരൻ അനുയായികളെ അറിയിച്ചത്. എന്നാൽ നിത്യാനന്ദ മരണപ്പെട്ടുവെന്നുള്ള വാർത്തകൾ അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ നിഷേധിക്കുന്നുണ്ട്. നിത്യാനന്ദ ആരോഗ്യത്തോടെയിരിക്കുന്നുവെന്നാണ് കൈലാസയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. 

മരണവാർത്ത ഏപ്രിൽ ഫൂൾ എന്ന അർഥത്തിൽ പങ്കുവച്ചതാണോ എന്ന ചോദ്യവും സമൂഹമാധ്യമങ്ങളിൽ പലരും ഉന്നയിക്കുന്നുണ്ട്. നേരത്തെയും നിരവധി തമിഴ്, ദേശീയ മാധ്യമങ്ങൾ നിത്യാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. 

തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലാണ് നിത്യനന്ദയുടെ ജനനം. പിന്നീട് ആത്മീയതയിലൂടെ അദ്ദേഹം പ്രശസ്‌തിയിലേക്ക് ഉയരുകയായിരുന്നു. തനിക്ക് ദിവ്യമായ കഴിവുകൾ ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട്, അദ്ദേഹം വലിയ തോതിൽ ഭക്തരെ ആകർഷിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ഒന്നിലധികം ആശ്രമങ്ങളും കെട്ടിപ്പടുത്തു.  

പ്രശസ്‌തിയുടെ കൊടുമുടിയിൽ നിൽക്കവെയാണ് 2010ൽ സിനിമ നടിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ അശ്ലീല വിഡിയോ പുറത്തുവന്നത്. ഇതിനിടെ ബലാത്സംഗ, ലൈംഗിക പീഡന കുറ്റങ്ങളും അദ്ദേഹത്തിനെതിരെ ചുമത്തി. തങ്ങളുടെ മൂന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന ദമ്പതികളുടെ പരാതിയ്ക്കു പിന്നാലെ നിത്യാനന്ദ ഇന്ത്യ വിടുകയായിരുന്നു. ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് വാങ്ങി ‘കൈലാസ’ എന്ന പേരിൽ രാജ്യമുണ്ടാക്കി ജീവിക്കുകയാണെന്ന വാർത്തകൾ‌ പുറത്തുവന്നിരുന്നു. കൈലാസയ്ക്ക് സ്വന്തമായി പാസ്പോർട്ട് വരെയുണ്ടായിരുന്നു എന്നാതായിരുന്നു വാർ‌ത്തകൾ.

ലോകത്തിലെ തന്നെ ഏക പരമാധികാര ഹിന്ദു രാഷ്ട്രമാണിതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പാസ്‌പോർട്ടിന് പുറമേ പൗരത്വം, കറൻസി തുടങ്ങിയവ പ്രഖ്യാപിച്ചത്. എന്നാൽ കൈലാസം ഒരു വ്യാജ രാജ്യമാണെന്നും തട്ടിപ്പാണെന്നുമായിരുന്നു പലരുടെയും ആക്ഷേപം. അതിനിടയിലാണ് നിത്യാനന്ദ മരണപ്പെട്ടുവെന്ന വാർത്ത പ്രചരിക്കുന്നത്.

English Summary:

Nithyananda Dead? : Follower Claims 'Jeevatyagam,' But Doubts Remain

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com