കോടമഞ്ഞിൻ താഴ്വരയിൽ...

Mail This Article
ഇടുക്കി ജില്ലയിലെ നാടുകാണി വ്യൂ പോയിന്റ് ഒരുക്കുന്ന കാഴ്ചകൾ ഒന്നല്ല, പലതാണ്!
നോക്കിനിൽക്കെ പ്രകൃതിയുടെ ഭാവം മാറുന്നത് കണ്ടിട്ടുണ്ടോ?
കണ്ടിട്ടില്ലാത്തവർക്ക് അതുകാണാനൊരിടമുണ്ട്. ഇടുക്കി ജില്ലയിലെ നാടുകാണി വ്യൂ പോയിന്റ്. കണ്ണുചിമ്മുമ്പോൾ സൂര്യപ്രകാശവും കോടമഞ്ഞും മാറിമാറി വരും. തണുത്ത കാറ്റിൽ തലമുടിയിഴകൾവരെ പിഴുതുപോകുമെന്നു തോന്നും.
ചിലപ്പോൾ അടുത്തുനിൽക്കുന്ന ആളെപ്പോലും കാണാനാവാത്ത രീതിയിൽ മഞ്ഞുവന്ന് പൊതിയും. തൊടുപുഴ – ഇടുക്കി സംസ്ഥാന പാതയിൽ കുളമാവ് ഡാമിനു നാലു കിലോമീറ്റർ മുൻപാണ് നാടുകാണി എന്ന ‘നാടു കാണൽ’ പോയിന്റ്.
പ്രധാന റോഡിൽ നിന്ന് 300 മീറ്ററോളം ഉള്ളിലേക്ക് മാറിയാണ് വ്യൂ പോയിന്റ്. പ്രവേശന കവാടം വരെ വാഹനങ്ങൾ എത്തും.
പച്ചയിലെത്ര പച്ച
മലമുകളിൽനിന്ന് ദൂരേയ്ക്കു നോക്കുമ്പോൾ പച്ചപ്പ് പുതച്ചു നിൽക്കുന്ന മൊട്ടക്കുന്നുകൾ കണ്ണിന് വിരുന്നാണ്. ഓരോ ഇളംകാറ്റിന്റെ ഇടവേളകളിലും നിറം മാറുന്ന കുന്നുകളാണ് നാടുകാണിയുടെ സവിശേഷത.
നല്ല കട്ടിപ്പച്ചയിൽ ആറാടിനിൽക്കുന്ന മരങ്ങൾ പെട്ടെന്ന് നീലകലർന്ന പച്ചയിലേക്കും തത്തമ്മപ്പച്ചയിലേക്കും നിറംമാറിക്കളയും.
മലങ്കര ഡാമും വൃഷ്ടിപ്രദേശവുമൊക്കെയായി പ്രകൃതിയുടെ സൗന്ദര്യം മുഴുവൻ ഊറ്റിക്കുടിക്കുവാൻ ഇതിലും നല്ല സ്ഥലം വേറെയുണ്ടോ എന്ന് സംശയം. മൂലമറ്റം പവർഹൗസും കാടിനെ റബർ ബാൻഡ് ഇട്ട് മുറുക്കിയതുപോലെ പോകുന്ന പെൻസ്റ്റോക്ക് പൈപ്പുകളും കണ്ടാസ്വദിക്കാനും നാടുകാണിയിലെ പാറക്കെട്ടുകൾക്കിടയിലെ ചാരുകസേരകൾ നല്ലൊരിടമാണ്.
ഇടുക്കിയുടെ കിളിവാതിൽ
ഇടുക്കിയിലെ കാഴ്ചകളിലേക്കൊരു കിളിവാതിൽ തുറന്നുവച്ച പോലാണ് വ്യൂ പോയിന്റ്. മനോഹരമായ ഡെസ്റ്റിനേഷനുകൾക്കിടയിലെ ചെറിയൊരു ഇടത്താവളം മാത്രമാണിത്.
ഇടുക്കി ആർച്ച് ഡാം എന്ന വിസ്മയവും ഹൈറേഞ്ചിന്റെ സൗന്ദര്യവും കുമളിയുടെ കുളിരും തേടിപ്പോകുന്ന യാത്രികർ നഷ്ടമാക്കാൻ പാടില്ലാത്ത ഒരിടത്താവളം. യാത്രയ്ക്കിടയിലെ ഒരു മണിക്കൂറുകൊണ്ട് മഞ്ഞും കാറ്റും അറിഞ്ഞ് ദൂരക്കാഴ്ചകളുടെ മാധുര്യം നുകർന്ന് ഫ്രഷായി യാത്ര തുടരാം.
വിനോദസഞ്ചാര വകുപ്പാണ് നാടുകാണി പവിലിയനും വ്യൂ പോയിന്റും നോക്കിനടത്തുന്നത്. കുട്ടികൾക്കു 10 രൂപയും മുതിർന്നവർക്കു 15 രൂപയുമാണ് പ്രവേശന നിരക്ക്. രാവിലെ 8 മുതൽ വൈകിട്ട് 8 വരെ പ്രവേശനമുണ്ട്.
∙ വഴി
തൊടുപുഴ– ഇടുക്കി റോഡിൽ
തൊടുപുഴയിൽ നിന്ന്
32 കിലോമീറ്റർ.
∙ താമസം
നാടുകാണിക്ക് സമീപം
സ്വകാര്യ റിസോർട്ട് ഉണ്ട്.