ADVERTISEMENT

കാൻസർ ബാധിച്ച് നാവും മുഴുവൻ പല്ലുകളും ഇടത്തെ താടിയെല്ലും ഇടത്തെ സ്തനത്തിന്റെ ഭൂരിഭാഗവും നീക്കംചെയ്ത് ആശുപത്രിയിൽനിന്നു വീട്ടിലെത്തുമ്പോൾ ടോണിമോളുടെ കയ്യിലേക്കു നീട്ടിയത് 4 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ. കുഞ്ഞു ഷെയ്നിനെ കയ്യിലെടുത്തപ്പോൾ അവൻ ആദ്യം ഉറക്കെക്കരഞ്ഞു. പിന്നെ പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു. കുഞ്ഞിനു മുൻപിൽ അമ്മയും പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു. കുഞ്ഞു ചിരികൾ ചേർന്ന് അതൊരു വലിയ ചിരിയായി മാറി. ചികിത്സാദിനങ്ങളിൽ അനുഭവിച്ച കടുത്ത വേദനകൾ ആ കുഞ്ഞിളംചിരിയിൽ ഇല്ലാതായി.

വാക്കുകൾ നഷ്ടപ്പെട്ട ലോകത്ത് ചിരിയും ആംഗ്യങ്ങളുമായിരുന്നു അമ്മയ്ക്കും കുഞ്ഞിനുമിടയിലെ ആദ്യ ആശയവിനിമയ മാർഗം. അമ്മയുടെ സംസാരം കേട്ടു വേണം കുഞ്ഞു സംസാരിക്കാൻ പഠിക്കാൻ എന്നു മുതിർന്നവർ പറഞ്ഞതോടെ ശബ്ദം പുറപ്പെടുവിക്കാനുള്ള ശ്രമമായി. നാവിനു പകരം തൊണ്ടയിൽനിന്ന് അക്ഷരങ്ങൾ പുറപ്പെട്ടു. ഷെയ്ൻ ‘അക്കു’ എന്നും ‘അമ്മ’ എന്നും ‘അച്ഛ’ എന്നും പറയുന്നതിനൊപ്പം ടോണിമോളും സംസാരിച്ചു. അമ്മയും കു​ഞ്ഞും ഒരുമിച്ച് അക്ഷരങ്ങളിലേക്കു പിച്ചവച്ചു. അതുപിന്നെ വാക്കായും വാക്യങ്ങളായും ഒഴുകിപ്പരന്നു.

കുമരകം മേലുവള്ളിൽ വീട്ടിൽ ജോർജിന്റെയും ലീലാമ്മയുടെയും മകൾ ടോണിമോൾ ജോർജിനുമേൽ (42) കാൻസർ സെല്ലുകൾ ആദ്യ ആക്രമണം നടത്തുമ്പോൾ അവൾ കൗമാരം കടന്നിട്ടേയുള്ളു. ആഗ്രഹിച്ചു തുടങ്ങിവച്ച നഴ്സിങ് പഠനം മുടങ്ങിയ സങ്കടമായിരുന്നു അന്ന്. പക്ഷേ, അവൾ തളർന്നില്ല. വീണ്ടും നഴ്സിങ് പഠിച്ചു. 2 വർഷം നഴ്സായി ജോലി ചെയ്തു. സ്നേഹിച്ചയാളെ വിവാഹം കഴിച്ചു. കുഞ്ഞിനു ജന്മം നൽകി. എന്നാൽ സ്വസ്ഥമായ ആ കുടുംബജീവിതത്തിൽ കാൻസറിന്റെ രണ്ടാമത്തെ ആക്രമണം. അതിൽ അവൾക്കു നഷ്ടപ്പെട്ടത് നാവ് ഉൾപ്പെടെയുള്ള അവയവങ്ങൾ. എന്നിട്ടും അവൾ ജീവിതത്തിലേക്കു മടങ്ങി വന്നു. നാവില്ലാതെയും സംസാരിച്ചു. നഷ്ടപ്പെട്ട രൂപഭംഗിയെക്കുറിച്ച് സങ്കടപ്പെടാതെ സമൂഹത്തിലേക്ക് ഇറങ്ങി. നഴ്സിങ് ജോലി ചെയ്യാൻ സാധ്യമല്ലെന്നു കണ്ടപ്പോൾ കുമരകത്തിന്റെ തനതു കൃഷിയിലേക്കു തിരിഞ്ഞു. ഇന്നവൾ നൂറുകണക്കിനു മീൻകുഞ്ഞുങ്ങളെ വിരിയിച്ചു വിൽക്കുന്നു. മുയൽ, കോഴി കൃഷി നടത്തുന്നു.

പരീക്ഷണം: ഒന്നാം ഘട്ടം

2000ൽ ഹൈദരാബാദിൽ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിയായിരിക്കെയാണ് ടോണിമോൾക്ക് ആദ്യം കാൻസർ ബാധിക്കുന്നത്. ചുമയും ശ്വാസതടസ്സവുമായിരുന്നു ലക്ഷണങ്ങൾ. ശ്വാസകോശ കാൻസറിന്റെ ആദ്യ സ്റ്റേജാണെന്നു കണ്ടെത്തി. തിരുവനന്തപുരം ആർസിസിയിൽ 20 കീമോയും 20 റേഡിയേഷനും നടത്തി തിരിച്ചെത്തുമ്പോഴും ആ 19 വയസ്സുകാരിക്ക് രോഗത്തിന്റെ ഗൗരവം മനസ്സിലായിരുന്നില്ല. ചികിത്സയ്ക്കൊടുവിൽ കുറെക്കാലം വെറുതെയിരുന്നു. നഴ്സിങ് ക്യാപ് അണിഞ്ഞ ചേച്ചി ടീനയെ കാണുമ്പോഴൊക്കെ നഴ്സ് ആവണമെന്ന മോഹം വീണ്ടും മനസ്സിൽ കയറും. 

   അങ്ങനെ 25–ാം വയസ്സിൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ്ങിൽ ചേർന്നു. കോഴ്സ് പൂർത്തിയാക്കി ബെംഗളൂരുവിലും നാഗ്പുരിലും ജോലി ചെയ്തു. പിന്നീട് മാലദ്വീപിലെ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീടാണ് അയൽപക്കത്ത് കാമിച്ചേരി വീട്ടിലെ സ്റ്റീഫൻ ഫിലിപ്പ് വിവാഹാലോചനയുമായി വീട്ടുകാരെ സമീപിക്കുന്നത്. ചെറുപ്പം മുതൽക്കേ കളിച്ചു വളർന്നവർ. എല്ലാ കാര്യങ്ങളും പരസ്പരം അറിയാവുന്നവർ. രോഗത്തെക്കുറിച്ച് ആശങ്കപ്പെട്ടപ്പോൾ, ‘അതൊക്കെ കഴിഞ്ഞില്ലേ, ദൈവം ഈ മിടുക്കിയെ എനിക്കായി കരുതിവച്ചതാണ്’ എന്ന് ആശ്വസിപ്പിക്കൽ. 2010ലായിരുന്നു വിവാഹം.

പരീക്ഷണം: രണ്ടാം ഘട്ടം

സ്റ്റീഫനും ടോണിമോളും മാലിയിൽ ജോലിചെയ്യുന്ന കാലത്താണ് ഷെയ്ൻ ജനിക്കുന്നത്. ഗർഭകാലത്ത് നാവിൽ തൊലി പോകുന്നതും നീറ്റലുമൊക്കെ ശ്രദ്ധയിൽപെട്ടിരുന്നു. ബയോപ്സി ഉൾപ്പെടെ അവിടെ നടത്തിയെങ്കിലും കുഴപ്പമൊന്നും കണ്ടെത്തിയില്ല. ഗർഭകാല അസ്വസ്ഥതകളാണെന്നു കരുതി അവഗണിച്ചു.

മാലിയിലെ പ്രസവശേഷം നാട്ടിൽ എത്തിയപ്പോഴാണ് കോട്ടയം കാരിത്താസ് ആശുപത്രിയിൽ വീണ്ടും പരിശോധന നടത്തുന്നത്. അന്നു കിട്ടിയ റിസൽറ്റ് രണ്ടു കുടുംബങ്ങളെയാണു കണ്ണീരിലാഴ്ത്തിയത്. ടോണിമോളുടെ നാവിൽ ബാധിച്ച കാൻസർ താടിയെല്ലിലേക്കും വ്യാപിച്ചിരിക്കുന്നു. നാവും ഇടത്തെ താടിയെല്ലും നീക്കം ചെയ്യണം. സർജറിക്കു ശേഷം 20 റേഡിയേഷൻ നടത്തണം. താടിയെല്ലിനു പകരം മാംസം വച്ച് പ്ലാസ്റ്റിക് സർജറി ചെയ്യണം. മാസങ്ങൾ നീളും ചികിത്സ.

അമ്മിഞ്ഞപ്പാലിനായി പരതിയ, രണ്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ നെഞ്ചിൽനിന്ന് അടർത്തിമാറ്റി ടോണിമോൾ തിരുവനന്തപുരത്തേക്ക് ട്രെയിൻ കയറി. സ്റ്റീഫന്റെ അമ്മ ചിന്നമ്മയുടെയും പിതാവ് ഫിലിപ്പിന്റെയും കയ്യിലിരുന്ന് ഷെയ്ൻ അവൾക്കു മൗനയാത്രാമൊഴിയേകി.

ആർസിസിയിലെ ഡോ.രാമദാസിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. നാവും ഇടത്തെ താടിയെല്ലും നീക്കം ചെയ്യുകയാണ് ആദ്യം ചെയ്യുക. അതിനു മുന്നോടിയായി ഇടതു വശത്തെ പല്ലുകൾ മുഴുവൻ നീക്കും. റേഡിയേഷൻ കഴിയുന്നതോടെ ബാക്കി പല്ലുകളും കൊഴിയും. നാവ് ഇല്ലാതാകുന്നതോടെ സംസാരശേഷി മാത്രമല്ല നഷ്ടപ്പെടുന്നത്. ഭക്ഷണമോ വെള്ളമോ ഉമിനീരോ പോലും ഇറക്കാൻ കഴിയാത്ത അവസ്ഥയാവും ഇനിയങ്ങോട്ട്. താടിയെല്ലു പോകുന്നതോടെ മുഖത്തിന്റെ ആകൃതി നഷ്ടമാകും. കഴുത്തിലെയും കവിളിലെയും മാംസം ഏതാണ്ട് ഒരുമിച്ചാകും. തുടയിൽനിന്നു മസിൽ എടുത്ത് താടിയെല്ലിനു പകരം വയ്ക്കുന്ന ശസ്ത്രക്രിയയും വേണ്ടിവരും.

ഓരോ ചികിത്സാരീതിയെക്കുറിച്ചും അതിന്റെ വെല്ലുവിളികളെക്കുറിച്ചും ഡോക്ടർമാർ പറഞ്ഞുകൊടുത്തു. ശാരീരികവും മാനസികവുമായി അനുഭവിക്കേണ്ട ബുദ്ധിമുട്ടുകൾ വിവരിച്ചു. ടോണിമോൾ എല്ലാം മനസ്സിൽ സംവഹിച്ചു. പാതി അവയവങ്ങൾ ഇല്ലെങ്കിൽ പോലും, താൻ ജീവിതത്തിലേക്കു തിരിച്ചുവരാൻ കാത്തിരിക്കുന്ന ഒരുപാടു പേർ ചുറ്റിലുമുണ്ടെന്ന തിരിച്ചറിവ് കരുത്തായി മനസ്സിൽ പടർന്നു.

ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയമായി. പിന്നീടു റേഡിയേഷൻ തുടങ്ങി. ആഴ്ചയിൽ 5 ദിവസമാണു ചികിത്സ. എല്ലാ വെള്ളിയാഴ്ചയും സ്റ്റീഫൻ മാലിയിൽനിന്ന് ആർസിസിയിൽ പറന്നെത്തും. സ്റ്റീഫനൊപ്പം ടോണിമോൾ ട്രെയിനിൽ കുമരകത്തെ വീട്ടിലേക്ക്. മകനൊപ്പം രണ്ടു നാൾ ചെലവഴിച്ച് വീണ്ടും ആർസിസിയിലേക്ക്. വേദനയുടെയും നിരാശയുടെയും നിലയില്ലാക്കയത്തിൽനിന്ന് പ്രതീക്ഷയുടെ തീരത്തെത്തിച്ച യാത്രകൾ!

താടിയെല്ലിനു പകരം തുടയിലെ മസിൽ വയ്ക്കാനുള്ള ശ്രമമായി പിന്നീട്. എന്നാൽ കഠിനമായ മരുന്നുകളുടെ പ്രഹരമേറ്റുണങ്ങിയ ടോണിമോളുടെ തുടയിലെ മസിലെടുക്കാൻ കിട്ടുമായിരുന്നില്ല. പകരം ഇടത്തെ സ്തനം മുതൽ കക്ഷം വരെയുള്ള ഭാഗത്തെ മസിലെടുത്ത് താടിയെല്ലിനു പകരം വച്ചു. 5 മാസത്തെ ചികിത്സകൾക്കൊടുവിൽ, പാടവും കൈത്തോടുകളും അതിർവരമ്പിടുന്ന കുമരകത്തെ വീടിന്റെ സ്വസ്ഥതയിലേക്ക് അവൾ തിരിച്ചെത്തി. പതിയെ ജീവിതത്തിലേക്കു പിച്ചവച്ചു. പക്ഷേ, ഇപ്പോഴും അരച്ച ഭക്ഷണമാണു കഴിക്കുന്നത്. അക്കാര്യത്തിൽ മാത്രം അമ്മയ്ക്ക് മകന്റെ ഒപ്പം ‘വളരാൻ’ കഴിഞ്ഞിട്ടില്ല!

tonymol-3
ഷെയ്നും ടോണിമോളും

നാടിന്റെ നാവായി

കടുത്ത മരുന്നിന്റെയും റേഡിയേഷന്റെയും ഫലമായി ടോണിമോളുടെ ശരീരമാകെ കരുവാളിച്ചിരുന്നു. പണ്ടു പൂമ്പാറ്റയെപ്പോലെ പാറി നടന്നിരുന്ന ആ പെൺകുട്ടി കുറവുകളുള്ള ശരീരവുമായി മറ്റുള്ളവരുടെ മുൻപിലേക്ക് എങ്ങനെ ഇറങ്ങും എന്നതായിരുന്നു കുടുംബത്തിന്റെ ആശങ്ക. ആ സമയത്താണു കുമരകം സെന്റ് ജോൺസ് പള്ളിയിൽ പെരുന്നാൾ വന്നത്. ടോണിമോൾ പള്ളിയിൽ പോയി, പ്രാർഥിച്ചു, കഴുന്നെടുത്തു. പിന്നെ പള്ളിമുറ്റത്തു കണ്ട പരിചയക്കാരുടെ അടുത്തേക്ക് ഇറങ്ങി. ചിലർ ഞെട്ടി മാറി. പലരും ആളെ തിരിച്ചറിഞ്ഞില്ല. സംസാരിച്ചതു പലർക്കും വ്യക്തമായില്ല. പക്ഷേ, അവൾ പിന്മാറിയില്ല. എത്ര സംസാരിക്കുന്നോ അത്രയും നല്ലത് എന്ന ഡോക്ടറുടെ ഉപദേശം മാത്രമാണു മനസ്സിൽ.

സ്റ്റീഫൻ മാലിയിൽനിന്നു തിരികെ വന്ന ശേഷമാണ് ടോണിമോൾക്കായി മീൻ കൃഷിയും വളർത്തുമൃഗങ്ങളെയും ഒരുക്കിയത്. കുമരകം എസ്കെഎം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ഷെയ്ൻ അമ്മയ്ക്കു വലംകൈയായി കൂടെയുണ്ട്. സ്റ്റീഫനൊപ്പം യുകെയിലേക്കു പോകാനുള്ള ഒരുക്കത്തിലാണു ടോണിമോളും ഷെയ്നും. ശാരീരികാവസ്ഥയ്ക്കു യോജിച്ച ജോലി അവിടെ ലഭിക്കുമെന്നാണു പ്രതീക്ഷ.

tonymol-1
സ്റ്റീഫനും ടോണിമോളും– വിവാഹചിത്രം

കുമരകം തന്ന സ്നേഹം

‘സംസാര സാഗര’ത്തിൽ ടോണിമോൾക്കു കൂട്ടായിനിന്ന ഒരുപാടു പേരുണ്ട്. സംസാരിപ്പിച്ചു സംസാരിപ്പിച്ചു ടോണിമോളുടെ ‘സ്പീച്ച് തെറപ്പിസ്റ്റു’കളായി മാറിയ സഹോദരങ്ങളുടെ മക്കൾ, ടോണിമോളെ ഏതു നിമിഷവും ആശുപത്രിയിൽ കൊണ്ടുപോകാൻ ‘ആംബുലൻസ് പോലെ’ റെഡിയായിരിക്കുന്ന സഹോദരൻ ടോബിൻ, ഭർതൃസഹോദരങ്ങളായ ജോമോനും ജെനിമോളും, ഓരോ തവണയും ആർസിസിയിലേക്കു പോകാൻ ഫ്രീ ടിക്കറ്റും വീൽചെയർ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിക്കൊടുത്ത റെയിൽവേ അധികൃതർ, ചികിത്സയ്ക്ക് പണം കയ്യയച്ചു നൽകിയ ബന്ധുക്കൾ... ടോണിമോൾ ഓരോ ചുവടു വയ്ക്കുമ്പോഴും കരുതലിന്റെ കരങ്ങളുമായി ഒരു നാടുമുഴുവൻ കൂടെയുണ്ട്.

 പക്ഷേ, ഈ സ്നേഹത്തിനെല്ലാം മുകളിൽ ടോണിമോൾ ഓർത്തുവയ്ക്കുന്നത് ഭർത്താവിന്റെ ഒരു ചോദ്യമാണ്. ‘എനിക്കാണ് അസുഖം വന്നതെങ്കിൽ നീ ഇതിലേറെ എനിക്കായി ചെയ്യുമായിരുന്നില്ലേ?’ ഏത് അഗ്നിപരീക്ഷയും അതിജീവിക്കാൻ കരുത്തേകിയ വാക്കുകൾ, ജീവിതത്തോടു കൊതി തോന്നിപ്പിച്ച വാക്കുകൾ! 

English Summary:

Sunday Special about success story of tony mol who fought against cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com