ദക്ഷിണ കൊറിയൻ ഏകാധിപതി ചുൻ അന്തരിച്ചു
Mail This Article
സോൾ ∙ ജനാധിപത്യ പ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊന്നതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റ് ചുൻ ഡു ഹ്വാൻ (90) അന്തരിച്ചു. വീട്ടിലായിരുന്നു അന്ത്യം. സൈനിക മേധാവിയായിരുന്ന ചുൻ 1979ൽ സർക്കാരിനെ അട്ടിമറിച്ചാണ് പ്രസിഡന്റായത്. ഏകാധിപത്യ ഭരണത്തിനെതിരെ 1980ൽ ഗ്വൻഗ് ജു മേഖലയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ ചുൻ സൈന്യത്തെ ഉപയോഗിച്ചു നേരിട്ടപ്പോൾ 200 പേർ കൊല്ലപ്പെട്ടു. പ്രതിപക്ഷ നേതാവ് കിം ഡായ് ജുങ്ങിനെ അറസ്റ്റ് ചെയ്യുകയും വധശിക്ഷ വിധിക്കുകയും ചെയ്തു. എന്നാൽ അമേരിക്ക ഇടപെട്ടതോടെ പിന്തിരിയേണ്ടിവന്നു.
1983ൽ ചുൻ മ്യാൻമർ സന്ദർശിക്കവേ ഉത്തര കൊറിയ ഏർപ്പെടുത്തിയ കമാൻഡോകൾ വധിക്കാൻ ശ്രമിച്ചു. ഇതിനായി നടത്തിയ ബോംബ് സ്ഫോടനത്തിനിടെ ചുൻ പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ദക്ഷിണ കൊറിയൻ മന്ത്രിമാർ അടക്കം 21 പേർ കൊല്ലപ്പെട്ടു. 1986ൽ സോൾ ഏഷ്യൻ ഗെയിംസ് നടന്നത് ചുൻ ഭരണത്തിലിരിക്കുമ്പോഴാണ്.
ഏകാധിപത്യത്തിനും മനുഷ്യാവകാശ ലംഘനങ്ങൾക്കും എതിരെ പ്രതിഷേധം ശക്തമായതോടെ 1988ൽ ചുൻ സ്ഥാനമൊഴിയുകയും ഒളിവിൽ പോകുകയും ചെയ്തു. രണ്ടുവർഷത്തിനു ശേഷം അറസ്റ്റിലായി. വിചാരണയ്ക്കൊടുവിൽ വധശിക്ഷ ലഭിച്ചു. എന്നാൽ 1997ൽ മാപ്പുനൽകി വിട്ടയച്ചു.
English Summary: Former South Korean President Chun Doo-hwan passes away