ബൈഡൻ – ഷി കൂടിക്കാഴ്ച: നിലപാടുകളിലുറച്ച് സഹകരണ വാഗ്ദാനം

Mail This Article
സാൻഫ്രാൻസിസ്കോ ∙ യുഎസും ചൈനയും ഉന്നതതല സൈനിക ആശയവിനിമയം പുനരാരംഭിക്കാനും ലഹരി മാഫിയയ്ക്കെതിരായ പോരാട്ടത്തിൽ സഹകരിക്കാനും ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാർ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. ഒരു വർഷത്തിനുശേഷം ജോ ബൈഡനും ഷി ചിൻപിങ്ങും തമ്മിൽ ഏഷ്യ–പസിഫിക് സാമ്പത്തിക ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ച 4 മണിക്കൂർ നീണ്ടു. ഏഷ്യ–പസിഫിക് മേഖലയിൽ സമാധാനത്തിനും രാജ്യാന്തര നിയമങ്ങൾ ശരിയായി പാലിക്കുന്നതിനും ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് നേതാക്കൾ വ്യക്തമാക്കി.
നിർമിത ബുദ്ധി ഉയർത്തുന്ന വെല്ലുവിളികൾ നേരിടുന്നതിനെക്കുറിച്ചും അതിന്റെ ദൂഷ്യവശങ്ങൾക്കെതിരെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ആഗോള സമ്പദ് വ്യവസ്ഥയുടെ മുൻനിരയിലുള്ള യുഎസും ചൈനയും ലോകം നേരിടുന്ന വെല്ലുവിളികൾ അതിജീവിക്കാൻ സഹകരിക്കേണ്ടതിന്റെ ആവശ്യവും വ്യക്തമാക്കി. അഭിപ്രായവ്യത്യാസം ചർച്ചകളിലൂടെ പരിഹരിച്ച് സഹകരിച്ചു മുന്നേറുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്ന് ഇരുനേതാക്കളും പറഞ്ഞു.
ഷി ഏകാധിപതി തന്നെ: ബൈഡൻ
ഷി ചിൻപിങ്ങിനെ ഏകാധിപതിയായി കാണുന്ന തന്റെ നിലപാടിൽ മാറ്റമില്ലെന്നു ജോ ബൈഡൻ പറഞ്ഞു. കൂടിക്കാഴ്ചയ്ക്കുശേഷം ബൈഡൻ നടത്തിയ മാധ്യമസമ്മേളനത്തിലാണ് നിലപാട് ആവർത്തിച്ചത്. യുഎസ് പ്രസിഡന്റിന്റെ പ്രസ്താവന നിരുത്തരവാദപരമെന്നു ചൈന പ്രതികരിച്ചു. യുഎസിനെ പങ്കാളിയും സുഹൃത്തുമാക്കി മുന്നേറാൻ ചൈന തയാറാണെന്ന് ഷി, വ്യവസായ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരുമൊത്തുള്ള അത്താഴവിരുന്നിൽ വ്യക്തമാക്കി. ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താൻ ഒട്ടേറെ സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎസ് വാണിജ്യ സെക്രട്ടറി ഗീന റെയ്മണ്ടോ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. ഈ വിരുന്നിൽ പങ്കെടുക്കുന്നതിന് 40,000 ഡോളറായിരുന്നു ടിക്കറ്റ് നിരക്ക്. ഇത് വിവാദമായിരുന്നു.