ഇറാൻ ബന്ധമുള്ള 85 താവളങ്ങളിൽ യുഎസ് ബോംബിട്ടു; 39 മരണം
Mail This Article
ബഗ്ദാദ് ∙ ഇറാൻ സൈന്യവുമായി ബന്ധമുള്ള സായുധ ഷിയാ സംഘടന കതബ് ഹിസ്ബുല്ലയുടെ ഇറാഖിലെയും സിറിയയിലെയും 85 കേന്ദ്രങ്ങളിൽ യുഎസ് ബോംബാക്രമണം നടത്തി. 39 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച ജോർദാനിലെ യുഎസ് സേനാത്താവളത്തിനുനേരെ കതബ് ഹിസ്ബുല്ല നടത്തിയ മിസൈൽ ആക്രമണത്തിനു തിരിച്ചടിയാണിത്. ഇറാൻ ബന്ധമുള്ള ഭീകരതാവളങ്ങളിൽ കൂടുതൽ ആക്രമണങ്ങൾ വരുംദിവസങ്ങളിലുണ്ടാകുമെന്നും യുഎസ് വ്യക്തമാക്കി. ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധം മൂലം മേഖലയാകെ പടരുന്ന സംഘർഷാവസ്ഥ ഇതോടെ കൂടുതൽ വഷളായി.
സിറിയയിൽ 23 പേരും ഇറാഖിൽ 16 പേരുമാണു കൊല്ലപ്പെട്ടത്. നിഴൽയുദ്ധം നടത്തുന്ന ഇറാനെ നേരിട്ട് ആക്രമിക്കണമെന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ മുറവിളിക്കിടെയാണു ബൈഡൻ ഭരണകൂടം ഇറാൻ പിന്തുണയുള്ള സായുധസംഘങ്ങളുടെ താവളങ്ങൾ ആക്രമിച്ചത്. സംഘർഷം ആളിക്കത്തിക്കുന്ന അപകടകരമായ നടപടിയാണ് യുഎസിന്റേതെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം പ്രസ്താവിച്ചു.
ഒക്ടോബർ 7നുശേഷം മേഖലയിലെ അമേരിക്കൻ സേനാതാവളങ്ങളുടെനേർക്കു വിവിധസായുധസംഘങ്ങൾ 160 വട്ടം റോക്കറ്റ് ആക്രമണം നടത്തിയെന്നാണ് യുഎസ് കണക്ക്. കഴിഞ്ഞ ഞായറാഴ്ച ജോർദാനിലെ യുഎസ് സേനാതാവളത്തിനുനേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 3 സൈനികർ കൊല്ലപ്പെടുകയും 40 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.
അതിനിടെ, തെക്കൻ ഗാസയിൽ അഭയാർഥികൾ തിങ്ങിക്കൂടിയ റഫയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കുട്ടികളും സ്ത്രീകളുമടക്കം 24 പേർ കൊല്ലപ്പെട്ടു. ഗാസയിൽ ഇന്നലെ ഇസ്രയേൽ ആക്രമണങ്ങളിൽ 107 പേരാണു കൊല്ലപ്പെട്ടത്. ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാർ 27,238 ആയി. 66,452 പേർക്കു പരുക്കേറ്റു.