മൈക്കൽ ജാക്സന്റെ സഹോദരൻ ടിറ്റോ അന്തരിച്ചു
Mail This Article
ലൊസാഞ്ചലസ് ∙ പോപ് സംഗീത ഇതിഹാസം മൈക്കൽ ജാക്സന്റെ ജ്യേഷ്ഠ സഹോദരൻ ടിറ്റോ ജാക്സൻ (70) അന്തരിച്ചു. മൈക്കൽ ജാക്സനും ഉൾപ്പെട്ട ‘ജാക്സൻ 5’ കുടുംബ ബാൻഡിലെ അംഗമായിരുന്നു. ബാൻഡിലെ പശ്ചാത്തലഗായകനും ഗിറ്റാറിസ്റ്റുമായിരുന്ന ടിറ്റോ പിന്നീട് ടിറ്റോ ടൈം (2016), വൺ വേ സ്ട്രീറ്റ് (2017) സോളോ ആൽബങ്ങളിലൂടെയും ശ്രദ്ധ നേടി.
-
Also Read
മധ്യയൂറോപ്പിൽ പ്രളയം; 15 മരണം
ജാക്സൻ സഹോദരങ്ങൾ 9 പേരിലെ മൂന്നാമനായിരുന്നു ടിറ്റോ. പിതാവ് ജോ ജാക്സന്റെ ശിക്ഷണത്തിലായിരുന്നു എല്ലാവരും സംഗീതം അഭ്യസിച്ചത്. മൈക്കലിനും ടിറ്റോയ്ക്കും പുറമേ ജാക്കി, ജെർമെയ്ൻ, മാർലോൺ എന്നിവരായിരുന്നു ബാൻഡിലെ മറ്റ് അംഗങ്ങൾ. ‘എബിസി’, ‘ഐ വാണ്ട് യു ബാക്ക്’ തുടങ്ങിയ ശ്രദ്ധേയമായ സംഗീത ആൽബങ്ങളിലൂടെ 1970കളിൽ ഇവർ തരംഗം സൃഷ്ടിച്ചു. 2009 ജൂണിൽ 50–ാം വയസ്സിലായിരുന്നു മൈക്കൽ ജാക്‌സന്റെ മരണം. ടിറ്റോയുടെ മക്കളായ ടിജെ, ടാജ്, ടാരിൽ എന്നിവർക്ക് 3ടി എന്ന പേരിൽ സ്വന്തം സംഗീതബാൻഡുണ്ട്.