അവിശ്വാസപ്രമേയം പാസായി, സർക്കാർ പുറത്ത്; ഫ്രാൻസിൽ വീണ്ടും ഭരണപ്രതിസന്ധി

Mail This Article
പാരിസ് ∙ പ്രധാനമന്ത്രി മിഷെൽ ബാർന്യേയ്ക്കെതിരായ അവിശ്വാസപ്രമേയം പാസായതോടെ ഫ്രാൻസിൽ വീണ്ടും ഭരണപ്രതിസന്ധി. 574 അംഗ പാർലമെന്റിൽ 331 പേർ സർക്കാരിനെതിരെ വോട്ടു ചെയ്തു. ഇടതുപക്ഷ പാർട്ടികൾ കൊണ്ടുവന്ന പ്രമേയത്തെ തീവ്ര വലതുപക്ഷ നാഷനൽ റാലി (ആർഎൻ) പിന്തുണച്ചു.
ആർഎൻ പിന്തുണയോടെ കഴിഞ്ഞ സെപ്റ്റംബറിലാണ് ബാർന്യോ പ്രധാനമന്ത്രിയായത്. 1962നു ശേഷം ഫ്രാൻസിൽ ആദ്യമായാണ് ഒരു സർക്കാർ അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെടുന്നത്. ആധുനിക ഫ്രാൻസിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രിയായ ബാർന്യോ(73), അധികാരമേറ്റ് 3 മാസത്തിനകം രാജിവയ്ക്കേണ്ടി വന്നതോടെ രാജ്യത്ത് ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച വ്യക്തി കൂടിയായി.