ട്രംപ് എത്തുംമുൻപ് ചർച്ചാപൂരം

Mail This Article
ന്യൂഡൽഹി ∙ ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേൽക്കുന്നതിനു മുൻപായുള്ള നയതന്ത്രനീക്കങ്ങളുടെ തിരക്കിലാണു മിക്ക ലോകരാജ്യങ്ങളുടെയും തലസ്ഥാനങ്ങൾ. ട്രംപിന്റെ ആദ്യ ഭരണകാലത്തെ സമ്മർദത്തെത്തുടർന്ന് 2019ൽ ഇന്ത്യ ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി നിർത്തിവെച്ചതാണ്. ട്രംപ് മടങ്ങിയെത്തും മുൻപ് അതു പുനരാരംഭിക്കുന്നതു സംബന്ധിച്ച് ഇന്ത്യയുമായി ധാരണയുണ്ടാക്കാൻ തിരക്കിട്ട ശ്രമത്തിലാണ് ഇറാൻ. ജനുവരി 20നാണ് ട്രംപ് അധികാരമേൽക്കുന്നത്.
യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവിൽ കഴിയുന്ന മലയാളിയായ നിമിഷപ്രിയയെ രക്ഷപ്പെടുത്താൻ ശ്രമിക്കാമെന്ന് ഇറാൻ അറിയിച്ചതും ഇതിന്റെ ഭാഗമാണ്.
യെമന്റെ നല്ലൊരു പ്രദേശം കയ്യടക്കിവച്ചിരിക്കുന്ന ഹൂതി വിപ്ലവസംഘങ്ങളുടെ മേൽ ഇറാനുള്ള സ്വാധീനം ഉപയോഗിച്ച് ഇതിനു ശ്രമിക്കാമെന്നാണ് ഇറാൻ അറിയിച്ചത്.
ഇറാനിലെ ചാബഹാർ തുറമുഖത്തിൽ ഇന്ത്യയുടെ വാണിജ്യസാന്നിധ്യം ഉറപ്പിച്ചുകിട്ടുന്നതിലും ഇറാനു താൽപര്യമുണ്ട്. ചാബഹാറിലൂടെ എത്തിക്കുന്ന ചരക്കുകൾ റോഡ് മാർഗം ഇറാനിലേക്കും മധ്യേഷ്യൻ രാജ്യങ്ങളിലേക്കും അഫ്ഗാനിസ്ഥാനിലേക്കും റഷ്യയിലേക്കും അയയ്ക്കാനുള്ള സംവിധാനം പൂർത്തിയാക്കുന്നതിൽ ഇരുരാജ്യങ്ങൾക്കും മാത്രമല്ല, റഷ്യയ്ക്കും താൽപര്യമുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി മിക്ക ഏഷ്യൻ തലസ്ഥാനങ്ങളിലെയും റഷ്യൻ എംബസികൾ തങ്ങളുടെ ആതിഥേയരാജ്യങ്ങളിലെ വിദേശവകുപ്പുകളുമായി നിരന്തരസമ്പർക്കത്തിലാണ്.
ട്രംപ് അധികാരത്തിലെത്തിയാലും തങ്ങളുടെ താൽപര്യങ്ങൾക്കു ഹാനിയുണ്ടാകാത്തവിധം കാര്യങ്ങൾ ഉറപ്പിക്കാനാണ് റഷ്യയുടെ ശ്രമം.
ഇന്ത്യ–പാക്കിസ്ഥാൻ ബന്ധങ്ങളിലും ഇന്ത്യ–ചൈന ബന്ധങ്ങളിലും പുരോഗതിയുണ്ടാക്കാൻ റഷ്യ താൽപര്യമെടുക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ബ്രിക്സ് യോഗത്തിനായി വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ കഴിഞ്ഞമാസത്തെ ഇസ്‌ലാമാബാദ് സന്ദർശനത്തിനുപിന്നിലും റഷ്യയുടെ കൈകൾ കാണുന്നവരുണ്ട്.
യുക്രെയ്ൻ വിഷയത്തിൽ ട്രംപ് പൊതുവേ റഷ്യയ്ക്കുകൂടി താൽപര്യമുള്ള രീതിയിൽ നീങ്ങുമെന്നാണ് റഷ്യൻ നേതൃത്വത്തിന്റെ പ്രതീക്ഷ. യുക്രെയ്നുമായി ചർച്ചകൾക്കു തയാറാണെന്നു രണ്ടാഴ്ചമുൻപു വ്ലാഡിമിർ പുട്ടിൻ വ്യക്തമാക്കിയതും ഇതിന്റെ പശ്ചാത്തലത്തിലാണ്.
ഇതിനിടയിൽ യുഎസുമായി ഉയർന്നസാങ്കേതികവിദ്യാരംഗത്തെ സഹകരണം സംബന്ധിച്ചു നിലവിലുള്ളതും ചർച്ചചെയ്തുകൊണ്ടിരിക്കുന്നതുമായ വിഷയങ്ങളിൽ ഇന്ത്യയ്ക്ക് ആശങ്കകളുണ്ട്. യുഎസ് ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്റെ ഇന്ത്യാസന്ദർശനം ഇക്കാര്യങ്ങളിൽ വ്യക്തതയുണ്ടാക്കാനാണെന്നാണ് അറിയുന്നത്.