ട്രാൻസ് സൈനികരെ പുറത്താക്കാൻ യുഎസ്; 60 ദിവസത്തിനുള്ളിൽ പിരിച്ചുവിടൽ തുടങ്ങും

Mail This Article
വാഷിങ്ടൻ ∙ ട്രാൻസ്ജെൻഡർ സൈനികരെ ജോലിയിൽനിന്നു നീക്കാൻ യുഎസ് നടപടി തുടങ്ങി. ഇതിനനുകൂലമായി പെന്റഗൺ കോടതിയിൽ രേഖ സമർപ്പിച്ചു. 15,000 ട്രാൻസ് സൈനികർ പുറത്താക്കപ്പെടുമെന്ന് ആക്ടിവിസ്റ്റുകൾ പറയുന്നു. എന്നാൽ ഇത്രയും പേരില്ലെന്നാണ് ഔദ്യോഗികവൃത്തങ്ങൾ നൽകുന്ന സൂചന.
ട്രാൻസ്ജെൻഡറുകളെ ഇനി സൈന്യത്തിലെടുക്കില്ലെന്ന് ഈ മാസമാദ്യം പെന്റഗൺ വ്യക്തമാക്കിയിരുന്നു. എന്നാൽ നിലവിലുള്ളവരെയും ഒഴിവാക്കാനാണ് പുതിയ നീക്കം. ട്രാൻസ് സൈനികരെ തിരിച്ചറിയാൻ 30 ദിവസത്തിനുള്ളിൽ നടപടിക്രമം ഉണ്ടാക്കുമെന്നും അടുത്ത 30 ദിവസത്തിനുള്ളിൽ ഇവരെ പിരിച്ചുവിട്ടു തുടങ്ങുമെന്നും പെന്റഗൺ സൂചിപ്പിക്കുന്നു.
എന്നാൽ യുദ്ധശേഷിയുള്ളവരെ നിലനിർത്താൻ സർക്കാരിനു താൽപര്യമുണ്ടെങ്കിൽ ഇളവനുവദിക്കാം. പിരിച്ചുവിടലിൽനിന്ന് ഒഴിവാകണമെങ്കിൽ തുടർച്ചയായി 3 വർഷം ലിംഗപരമായ സ്ഥിരത പുലർത്തുകയും വേണം. സൈന്യത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് വിലക്കേർപ്പെടുത്തുമെന്ന് ഒന്നാം ഭരണകാലത്തു തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.