ഗാസ പുനർനിർമാണ പദ്ധതിയുമായി ഈജിപ്ത്; രാജ്യാന്തര പിന്തുണ തേടി അറബ് ഉച്ചകോടി

Mail This Article
കയ്റോ ∙ യുദ്ധാനന്തര ഗാസയുടെ പുനർനിർമാണത്തിനു 5300 കോടി ഡോളറിന്റെ പദ്ധതിയുമായി ഈജിപ്ത്. 5 വർഷത്തിനകം പദ്ധതി പൂർത്തിയാക്കാനും പലസ്തീൻകാരെ കുടിയൊഴിപ്പിക്കുന്നത് ഒഴിവാക്കാനും അറബ് നേതാക്കൾ പിന്തുണയ്ക്കണമെന്ന് ഈജിപ്ത് അറബ് ഉച്ചകോടിയിൽ ആവശ്യപ്പെട്ടു. പലസ്തീൻകാരെ ഒഴിപ്പിച്ചു ഗാസയെ ഏറ്റെടുത്തു ഉല്ലാസകേന്ദ്രമാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതിക്കു ബദലായാണിത്. യുദ്ധത്തിൽ തകർന്നടിഞ്ഞ ഗാസയിൽ 2 ലക്ഷം വീടുകളെങ്കിലും നിർമിക്കേണ്ടിവരും.
ഇന്നലെ കയ്റോയിൽ നടന്ന അറബ് ഉച്ചകോടിയുടെ അന്തിമ പ്രമേയത്തിൽ പദ്ധതിനിർദേശം ഉൾപ്പെടുത്തുമെന്നാണു സൂചന. ഗാസയുടെ കാര്യങ്ങൾക്കായി ഒരു ഭരണനിർവഹണ സമിതി ഉണ്ടാക്കണമെന്ന ആഹ്വാനവും അറബ് ഉച്ചകോടി നടത്തി. ഹമാസിനെ ഒഴിവാക്കി ഗാസയുടെ ഭാവിഭരണത്തിനുള്ള ശുപാർശ അന്തിമ പ്രമേയത്തിൽ പരാമർശിക്കുന്നില്ലെന്നാണു സൂചന. പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഈജിപ്ത് പദ്ധതിയെ സ്വാഗതം ചെയ്തു. ഗാസയുടെ പുനർനിർമാണത്തിനുള്ള അറബ് രാജ്യങ്ങളുടെ ശ്രമത്തിന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് പിന്തുണ അറിയിച്ചു. അതേസമയം, അവശേഷിക്കുന്ന 59 ബന്ദികളെ വിട്ടയയ്ക്കാൻ ഹമാസ് തയാറാകുമെങ്കിൽ വെടിനിർത്തൽ രണ്ടാം ഘട്ടത്തിലേക്കു പോകാമെന്ന് ഇസ്രയേൽ പറഞ്ഞു. ഗാസയിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം ഇസ്രയേൽ തടഞ്ഞതോടെ ഭക്ഷ്യസാധനങ്ങളുടെ ദൗർലഭ്യവും വിലക്കയറ്റവും ഉണ്ടാകുമെന്ന ആശങ്ക ഉയർന്നു. റമസാൻ കാലമായതിനാൽ വിലക്കയറ്റം തടയാൻ മാർക്കറ്റുകളിൽ ഹമാസ് കർശന പരിശോധന നടത്തുന്നുണ്ട്.