നോമ്പുകാല ധ്യാനത്തിൽ ആശുപത്രിയിൽ നിന്ന് പങ്കെടുത്ത് മാർപാപ്പ

Mail This Article
വത്തിക്കാൻ സിറ്റി ∙ ശ്വാസകോശ അണുബാധയിൽ നിന്നു സുഖംപ്രാപിച്ചുവരുന്ന ഫ്രാൻസിസ് മാർപാപ്പ വത്തിക്കാൻ ഭരണകേന്ദ്രത്തിലെ വൈദികർക്കും മെത്രാന്മാർക്കും കർദിനാൾമാർക്കുമുള്ള ഒരാഴ്ചത്തെ നോമ്പുകാല ധ്യാനത്തിൽ ആശുപത്രി മുറിയിലിരുന്ന് പങ്കെടുക്കുന്നു. ഞായറാഴ്ച ആരംഭിച്ച ധ്യാനത്തിൽ വിഡിയോ കോൺഫറൻസിലൂടെയാണ് മാർപാപ്പ പങ്കുചേരുന്നത്. ധ്യാനത്തിനു നേതൃത്വം നൽകുന്നത് ഫാ. റോബർട്ടോ പസോളിനിയാണ്.കഴിഞ്ഞ മാസം 14 മുതൽ റോമിലെ ജമേലി ആശുപത്രിയിൽ കഴിയുന്ന മാർപാപ്പയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്.
ഏഴു ദിവസമായി പനിയില്ല. രാത്രി ശാന്തമായി വിശ്രമിക്കുന്നു. ഓക്സിജൻ തെറപ്പി തുടരുന്നുണ്ടെങ്കിലും വലിയ ബുദ്ധിമുട്ടുകളില്ല.സങ്കീർണതകൾ പൂർണമായും ഒഴിവായിട്ടില്ലെങ്കിലും ചികിത്സയോടു നന്നായി പ്രതികരിക്കുന്നത് ആശാവഹമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഭരണകാര്യങ്ങൾ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയും ചീഫ് ഓഫ് സ്റ്റാഫുമായി ആശുപത്രി മുറിയിൽ ചർച്ച ചെയ്ത് വേണ്ട നിർദേശങ്ങൾ നൽകുന്നുണ്ട്. താൻ ചുമതലയേറ്റതിന്റെ 12–ാം വാർഷികം വ്യാഴാഴ്ച ആഘോഷിക്കുന്നതും ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസം ഇവരുമായി ചർച്ച ചെയ്തിരുന്നു.