ഇസ്രയേൽ ബോംബിങ്ങിൽ 29 പലസ്തീൻകാർ കൊല്ലപ്പെട്ടു; ഗാസയിൽ വീണ്ടും പലായനഭീതി

Mail This Article
ജറുസലം ∙ ഗാസയിൽ ഇസ്രയേൽ തുടരുന്ന ബോംബാക്രമണങ്ങളിൽ ഇന്നലെ 29 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ബെയ്ത്ത് ഹനൂം, തെക്കൻ ഗാസയിലെ ഖാൻ യൂനിസ് എന്നിവിടങ്ങളിൽ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ പോർവിമാനങ്ങൾ ലഘുലേഖകൾ വിതറി. മധ്യഗാസയിലെ ദേയ്റൽ ബലാഹിലെ ജീവകാരുണ്യപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന യുഎൻ കേന്ദ്രത്തിലും ബോംബിട്ടു; ഒരാൾ കൊല്ലപ്പെട്ടു. 5 പേർക്കു പരുക്കേറ്റു. കഴിഞ്ഞദിവസത്തെ കൂട്ടക്കുരുതിയിൽ മരണം 436 ആയി. ഇതിൽ 183 പേർ കുട്ടികളാണ്. ആക്രമണം തുടങ്ങിയിട്ടേയുള്ളുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ചർച്ചയുടെ വാതിൽ അടച്ചിട്ടില്ലെന്ന് ഹമാസ് വക്താവ് താഹിർ അൽ നോനോ പറഞ്ഞു.
അതിനിടെ, യുദ്ധം വീണ്ടും തുടങ്ങിയതിനെതിരെ ഇസ്രയേലിൽ നെതന്യാഹുവിനെതിരെ രോഷമുയർന്നു. ചൊവ്വാഴ്ച ആയിരങ്ങളാണു വിവിധ നഗരങ്ങളിൽ പ്രതിഷേധറാലി നടത്തിയത്. ജറുസലമിലെ നെതന്യാഹുവിന്റെ വസതിയിലേക്കു ജനങ്ങൾ പ്രതിഷേധ മാർച്ച് നടത്തി. നെതന്യാഹുവിനെതിരെ തെരുവിലിറങ്ങാൻ പ്രതിപക്ഷ നേതാവ് യയ്ർ ലപീദ് ആഹ്വാനം ചെയ്തു. അതിനിടെ, തീവ്രവലതുപക്ഷ നേതാവ് ഇതാമർ ബെൻഗിറിനെ സുരക്ഷാമന്ത്രിയായി വീണ്ടും നിയമിച്ചു. ഹമാസുമായി കരാറുണ്ടാക്കിയതിൽ പ്രതിഷേധിച്ചു ജനുവരിയിൽ മന്ത്രിസഭ വിട്ട ബെൻ ഗിറിന്റെ പാർട്ടി, യുദ്ധം പുനരാരംഭിച്ചതിനു പിന്നാലെ സർക്കാരിൽ തിരിച്ചെത്തുകയായിരുന്നു.
ഗാസയിലെ സ്ഥിതിയിൽ ഇന്ത്യ ആശങ്ക അറിയിച്ചു. ബന്ദികളെ വിട്ടയയ്ക്കണമെന്നും ഗാസയിൽ സഹായവിതരണം പുനരാരംഭിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഗാസയിൽ ഇസ്രയേൽ ചെയ്യുന്നത് അസ്വീകാര്യമാണെന്നു യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കല്ലാസ് പറഞ്ഞു.