ട്രംപിനു വഴങ്ങി കൊളംബിയ സർവകലാശാല; അറസ്റ്റു ചെയ്യാൻ അധികാരമുള്ള പ്രത്യേക സുരക്ഷാ ഓഫിസർമാരെ നിയമിക്കും

Mail This Article
ന്യൂയോർക്ക് ∙ സഹായധനം ലഭിക്കില്ലെന്നു വന്നതോടെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച ചില നിർദേശങ്ങൾ കൊളംബിയ സർവകലാശാല അംഗീകരിച്ചു. ക്യാംപസിനകത്ത് അറസ്റ്റു ചെയ്യാൻ അധികാരമുള്ള പ്രത്യേക സുരക്ഷാ ഓഫിസർമാരെ നിയമിക്കും. ആരോഗ്യപരമോ മതപരമോ ആയ കാരണങ്ങളാലല്ലാതെ മാസ്ക് ധരിക്കാൻ അനുവദിക്കില്ല. മാസ്ക് ധരിക്കുന്നതുമൂലം പ്രതിഷേധക്കാരെ തിരിച്ചറിയാൻ കഴിയാതെ വന്നിരുന്നു.
മധ്യേപൂർവദേശവുമായി ബന്ധപ്പെട്ട കോഴ്സുകളുള്ള വകുപ്പുകളിൽ ഇനി മേൽനോട്ടത്തിന് അഡ്മിനിസ്ട്രേറ്ററുണ്ടാകും. സർവകലാശാല ഇടക്കാല പ്രസിഡന്റ് കത്രീന ആംസ്ട്രോങ്ങാണ് നിലപാട് വ്യക്തമാക്കിയത്. ഇസ്രയേൽ വിരുദ്ധ പ്രകടനങ്ങളുടെ കേന്ദ്രമായി സർവകലാശാല മാറിയെന്നാരോപിച്ചാണ് ട്രംപ് ഭരണകൂടം സഹായധനം മരവിപ്പിച്ചത്.