ആണവപദ്ധതി: യുഎസുമായി നേരിട്ടു ചർച്ച ഇല്ലെന്ന് ഇറാൻ

Mail This Article
ടെഹ്റാൻ ∙ ആണവപദ്ധതി വിഷയത്തിൽ യുഎസുമായി നേരിട്ടു ചർച്ചയ്ക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. നേരിട്ടു ചർച്ച നടത്താമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിക്കു കത്തയച്ചിരുന്നു. ഇതിനോടുള്ള ഇറാന്റെ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്.
അതേസമയം നേരിട്ടല്ലാതെ, മൂന്നാം കക്ഷി വഴി ചർച്ചയാകാമെന്ന് പെസഷ്കിയാൻ സൂചിപ്പിച്ചു. 2018ൽ ട്രംപിന്റെ ആദ്യ ഭരണകാലത്താണ് യുഎസ് ഏകപക്ഷീയമായി ഇറാനുമായുള്ള ആണവക്കരാറിൽനിന്നു പിന്മാറിയത്. അതേസമയം, യുഎസുമായി ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ ഇറാനു മറുപടി ബോംബിങ് ആയിരിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. യുഎസ്–ഇറാൻ ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച നടക്കുന്നുണ്ട്. ഇറാൻ വഴങ്ങുന്നില്ലെങ്കിൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും ട്രംപ് ടിവി അഭിമുഖത്തിൽ പറഞ്ഞു.