ഒരു സങ്കടകഥ

Mail This Article
ഓർമ്മകൾ ഒരുപാടു തരത്തിലുണ്ട്. ചിരിപ്പിക്കുന്നത്, കരയിക്കുന്നത്, ചിന്തിപ്പിക്കുന്നത്, അദ്‌ഭുതപ്പെടുത്തുന്നത്. ചില ഓർമ്മകൾ നമ്മിലുണർത്തുന്നത് നിർവചിക്കാനാവാത്ത വികാരങ്ങൾ ആവും. അത്തരം ഒരു ഓർമ്മക്കഥ പറയട്ടെ.
എന്റെ സാഹചര്യങ്ങൾ പരിഗണിച്ച് എന്റെ മകളുടെ വിവാഹം അല്പം നേരത്തെ നടത്താൻ ഞങ്ങൾ തീരുമാനിച്ചു.അവൾ അഗ്രിക്കൾച്ചർ പഠിക്കുകയായിരുന്നു. പ്രഫഷണൽ കോഴ്‌സിന് ഡിഗ്രി കഴിയാൻ തന്നെ നാലുനാലര വർഷം എടുക്കും. ഞങ്ങൾ ആശിച്ചതു പോലെ അവൾ ഫൈനൽ ഈയർ. ആയപ്പോൾ തന്നെ നല്ല ഒരു ആലോചന വന്നു.അത് ഉറപ്പിക്കുകയും ചെയ്തു. തിരുവനന്തപുരത്താണ് എന്റെ അച്ഛനും അമ്മയും ബന്ധുക്കളും ഉള്ളത്. അതുകൊണ്ട് വിവാഹം അവിടെ വച്ചു നടത്താൻ തീരുമാനിച്ചു. വരന്റെ വീടും അവിടെത്തന്നെ. ഞാൻ ജോലി ചെയ്യുന്ന നഗരത്തിൽ നിന്ന് അടുത്ത സുഹൃത്തുക്കളെ മാത്രം ക്ഷണിച്ചു.
വിവാഹത്തിന് മുൻപ് അയൽക്കാരെ കൂടി ക്ഷണിച്ചിട്ട് ഞങ്ങൾക്ക് തിരുവനന്തപുരത്തേയ്ക്ക് പോകണം. വിവാഹത്തിന് ഇനി രണ്ടാഴ്ചയേയുള്ളു. ഒരുക്കങ്ങൾ എല്ലാം അവിടെയാണ്. എന്റെ മകനും ഞാനും കൂടി ക്ഷണക്കത്തുകളുമായി അടുത്ത വീടുകളിൽ ഒക്കെ കയറി ഇറങ്ങി. നേരം ഇരുട്ടി തുടങ്ങി .എന്നാലും ഞങ്ങൾ ക്ഷണം തുടർന്നു.ഞങ്ങൾ ലിസിയുടെ വീട്ടിൽ എത്തി. കറന്റു പോയതിനാൽ ലിസിയുടെ വീട്ടിൽ ഇരുട്ടായിരുന്നു.അവർ ഒരു മെഴുകുതിരി കൊളുത്തി. ഞാൻ ക്ഷണക്കത്ത് നീട്ടി.വളരെ സന്തോഷത്തോടെ പറഞ്ഞു. "മോളുടെ വിവാഹമാണ്. തീർച്ചയായും വരണം".
പെട്ടെന്ന് ലിസി പൊട്ടിക്കരഞ്ഞു. എന്റെ മകനും ഞാനും അമ്പരന്നു. ലിസി ഒരു വിധവയാണ്. ഭർത്താവു മരിച്ചിട്ടു വർഷങ്ങളായി. അവരുടെ മകൾ എന്റെ മകളേക്കാൾ രണ്ടു മൂന്നു വയസ്സു മൂത്തതാണ്. ആ കുട്ടി എം എ കഴിഞ്ഞ് എം ഫിൽ ചെയ്യുന്നു.പിന്നെ ഒരു മകൻ ഉള്ളത് സ്കൂളിൽ പഠിക്കുന്നു. രണ്ടാളും പഠിക്കാൻ മിടുക്കരാണ്. ലിസി വിദ്യാസമ്പന്നയും ഹൈസ്കൂൾ അദ്ധ്യാപികയുമാണ് .ഇപ്പോൾ കരയാൻ എന്താണ് കാര്യം എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. ലിസി കരച്ചിൽ തുടരുകയാണ്. എന്തുപറയണമെന്നറിയാതെ മകനും ഞാനും നിൽക്കെ ലിസി കരച്ചിലിനിടയിൽ പറഞ്ഞു.
"എന്റെ മകളുടെ കൂട്ടുകാരുടെയൊക്കെ കല്യാണം കഴിഞ്ഞു.ഇപ്പോഴിതാ അവളെക്കാൾ ഒരുപാട് ഇളയവർക്കും കല്യാണമാകുന്നു. അവൾക്കു മാത്രം ഇതുവരെ ഒന്നുമായില്ല "
ഇതിനു എന്ത് മറുപടി പറയാനാണ്. അവരുടെ വിഷമം എനിക്ക് മനസ്സിലാകും.. പക്ഷേ സ്വന്തം മകളുടെ കല്യാണത്തിനു ക്ഷണിക്കാൻ ചെന്ന എന്റെ മുന്നിൽ അങ്ങനെ സങ്കടം പ്രകടിപ്പിച്ചത് ശരിയല്ല. എന്നാലും ഞാൻ ലിസിയെ സമാധാനിപ്പിച്ചു.
"ഞങ്ങൾക്ക് ജാതകമൊക്കെ വലിയ പ്രശ്നമാണ്. അതാണ് ഒരെണ്ണം ഒത്തു വന്നപ്പോൾ അങ്ങ് നടത്തുന്നത്. നിങ്ങൾക്ക് അങ്ങനെയുള്ള തടസ്സങ്ങൾ ഇല്ലല്ലോ. മോൾക്ക് ഇരുപത്തിമൂന്നു വയസ്സല്ലേ ആയുള്ളൂ. ഈ വർഷം പഠിത്തം കഴിയില്ലേ? അപ്പോൾ നല്ല കല്യാണം വരും."
ലിസിക്ക് ആശ്വാസമായോ എന്തോ. എന്റെ പ്രവചനം ശരിയായി. അടുത്ത വർഷം തന്നെ ആ കുട്ടിയുടെ വിവാഹം നടന്നു. ഇപ്പോൾ രണ്ടു കുട്ടികളുമായി വിദേശത്തു കഴിയുന്നു .
ലിസി എനിക്കിന്നും സങ്കടമുള്ള ഒരോർമ്മയാണ്. കാണുമ്പൊൾ എനിക്ക് ചെറിയ ഭയമാണ്. ഇനിയും മറ്റെന്തെങ്കിലും പറഞ്ഞ് പൊട്ടിക്കരഞ്ഞാലോ!