ADVERTISEMENT

സീതയുടെ വിവാഹത്തിന് അവളെ മണ്ഡപത്തിലേക്ക് ആനയിച്ചത് അവളുടെ അമ്മയാണ്. സീതയുടെ കൈ പിടിച്ചു വരനെ ഏൽപ്പിച്ചതും അമ്മതന്നെ. തൊട്ടരികിൽ ഈ കാഴ്ച കണ്ടു പ്രസന്നമായ ഭാവത്തോടെ അവളുടെ അച്ഛൻ നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അവളുടെ കൂട്ടുകാർ മുഴുവൻ അമ്പരന്നു. "ഈ നാട്ടിൽ ഇങ്ങനെയാണോ "ഞാൻ ചോദിച്ചത് അല്പം ഉറക്കെയായിപ്പോയി. തൊട്ടടുത്തിരുന്ന ഒരമ്മ ഇത് കേട്ട് പറഞ്ഞു. "അദ്ദേഹം സീതയുടെ അച്ഛനല്ല". സീതയും ഞങ്ങളും ഒരുമിച്ചു പഠിക്കാൻ തുടങ്ങിയിട്ട് വർഷം അഞ്ചായി. ഇക്കാലത്തിനിടയ്ക്ക് ഇക്കാര്യത്തെക്കുറിച്ച് ഒരു സൂചന പോലും സീത തന്നിട്ടില്ല. അച്ഛൻ, അമ്മ, അനുജൻ എന്നവൾ എപ്പോഴും പറയും. അവർ ഹോസ്റ്റലിൽ വന്ന് ഞങ്ങൾ കണ്ടിട്ടുമുണ്ട്..

ഏതായാലും ഒരു കടംകഥയുടെ വിഷമവുമായാണ് ഞങ്ങൾ മടങ്ങിയത്.ആരോടാണ് ഉത്തരം ചോദിക്കാനാവുക. കുറെ വർഷങ്ങൾക്കുശേഷം ഞാൻ സീതയെ കണ്ടു തികച്ചും യാദൃശ്ചികമായി ഒരു കല്യാണ സ്ഥലത്തു വച്ച് തന്നെ .ഞങ്ങളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഇരുവരും കുശലപ്രശ്നങ്ങൾ തുടങ്ങി. ഇപ്പോൾ എവിടെയാണ്? എന്ത് ചെയ്യുന്നു? എത്ര മക്കൾ? ഇങ്ങനെ ഇരുവരും തുടരുന്നതിനിടയിൽ സീത പറഞ്ഞു. "അച്ഛൻ മരിച്ചുപോയി.". "അച്ഛൻ?"ഞാനറിയാതെ എടുത്തു ചോദിച്ചു.അപ്പോൾ അവൾ ആ കഥ പറഞ്ഞു.

സീതയുടെ യഥാർത്ഥ അച്ഛൻ അമ്മയെ വിവാഹം കഴിച്ചത് വളരെ ആർഭാടപൂർവമാണ് . സീത ജനിച്ചു .ഒരു ധനികപുത്രന്റെ ദുർനടപടികൾ മുഴുവനു മുള്ള അച്ഛന് അമ്മയെ മടുത്തു.എന്നും വഴക്കിട്ടു.അമ്മ സങ്കടത്തിലായി.  ഒരുദിവസം സ്വന്തം കിടക്കയിൽ ഭർത്താവിനോടൊപ്പം മറ്റൊരു സ്ത്രീയെ കണ്ട ആ അമ്മ പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ കുട്ടിയെയുമെടുത്ത് കിണറ്റിൽ ചാടി. അയല്പക്കത്തെ ഒരു ചെറുപ്പക്കാരൻ കിണറ്റിലിറങ്ങി അമ്മയെയും കുഞ്ഞിനെയും രക്ഷിച്ചു.ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ കരയ്ക്കു കയറ്റി  അപ്പോൾ വാദി പ്രതിയായി.അമ്മയ്ക്ക് ഈ ചെറുപ്പക്കാരനുമായുള്ള അവിഹിതബന്ധം കണ്ടുപിടിച്ചതിന്റെ അവമാനം സഹിക്കാതെയാണ് കിണറ്റിൽ ചാടിയതെന്നു അവളുടെ അച്ഛനും ആ സ്ത്രീയും സമർത്ഥിച്ചു. പിന്നീട് അമ്മ ഒന്നും ആലോചിച്ചില്ല. രക്ഷിച്ച ആ ചെറുപ്പക്കാരനോടൊപ്പം ഇറങ്ങി പോകാൻ ഉറച്ചു. നിസ്സഹായയായ ആയമ്മയുടെ അപേക്ഷ കേട്ട് അവരെ സ്വീകരിക്കാൻ അയാളും തയാറായി.

പിന്നീടൊരിക്കലും ആ നാട്ടിലേക്കവർ മടങ്ങിയില്ല. ആ അച്ഛന്റെ മകളായി സീത വളർന്നു. അവൾക്കു ഒരനുജനും പിറന്നു. ജന്മം നൽകിയ പിതാവിനെ സീത കണ്ടിട്ടില്ല. അതാരാണെന്ന് പോലും അവൾക്കറിയില്ല. "പിന്നെ എന്തിനായിരുന്നു അന്ന് ആ നാടകം? നിന്നെ വളർത്തിയ ആൾ തന്നെയാണ് നിന്റെ അച്ഛൻ?" എനിക്കല്പം ദേഷ്യം വന്നു. സീതയുടെ വിവാഹം നിശ്ചയിച്ചപ്പോൾ പഴയ കഥകൾ ആരോ കുത്തിപ്പൊക്കി. അച്ഛനല്ലാത്ത അച്ഛൻ കന്യാദാനം നടത്തുന്നതിനെ ആരൊക്കെയോ എതിർത്തു. അദ്ദേഹം ഒരന്യമതസ്ഥനാണ് എന്നതാണ് അവർ അതിനു കണ്ടുപിടിച്ച ന്യായം. അങ്ങനെ യാണെകിൽ ആ കല്യാണം വേണ്ടാന്ന് വയ്ക്കാൻ വരെ സീത തീരുമാനിച്ചതാണ്. പക്ഷേ അച്ഛൻ സമ്മതിച്ചില്ല. സീതയുടേത് ഒരു പ്രണയവിവാഹമായിരുന്നു. മകൾക്ക് അവൾ ആശിച്ച ഭർത്താവിനെത്തന്നെ കിട്ടണം എന്ന് അച്ഛൻ ഉറപ്പിച്ചു. എന്തൊരു മനസ്സ്! എന്തൊരു സ്നേഹം! എന്തൊരു ത്യാഗം! കഥ തീർന്നപ്പോൾ സീതയുടെ മാത്രമല്ല എന്റെയും കണ്ണ് നിറഞ്ഞു. ഇങ്ങനേയും ചിലരുണ്ട്, മനസ്സിൽ നന്മ മാത്രം സൂക്ഷിക്കുന്നവർ!  

English Summary:

kadhayillamkal Column

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com