ഗാസയില്‍ റിയല്‍ എസ്റ്റേറ്റ് പ്ലാന്‍

Mail This Article
അമേരിക്കയുടെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു മുന്‍പ് ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്നു. ഇപ്പോഴും ആ രംഗത്തുളള അദ്ദേഹത്തിന്‍റെ താല്‍പര്യം കുറഞ്ഞിട്ടില്ല. അതിന് ഉദാഹരണമാണ് ഗാസയുടെ പ്രശ്നത്തിന് അദ്ദേഹം കണ്ടെത്തിയിട്ടുളള പരിഹാരം.
പലസ്തീന്‍ തീവ്രവാദികളായ ഹമാസും ഇസ്രയേലും തമ്മില്‍ യുദ്ധം നടന്നുവന്നിരുന്ന ഗാസ മനുഷ്യവാസ യോഗ്യമല്ലാതായിരിക്കുകയാണ്. അവിടെയുണ്ടായിരുന്ന 23 ലക്ഷം പലസ്തീന്‍കാരില്‍ ജീവനോടെ അവശേഷിച്ചവരെ ഒഴിപ്പിക്കുകയും ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ മറ്റ് അറബ് രാജ്യങ്ങളില്‍ കുടിയിരുത്തുകയും ചെയ്യും. അതിനുശേഷം അമേരിക്കയുടെ ചെലവില്‍ ഗാസ പൂര്‍ണമായും പുനര്‍ നിര്‍മിച്ച് ഒരു കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കും. ഇതാണ് ട്രംപിന്‍റെ പ്ളാന്‍.
വാഷിങ്ടണില്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയോടൊപ്പം മാധ്യമപ്രവര്‍ത്തകരെ കണ്ട ട്രംപ് ഇത് ആദ്യമായി ലോകത്തിനു മുന്‍പാകെ അവതരിപ്പിക്കുകയായിരുന്നു. നേരത്തെ അമേരിക്കയുടെ സഖ്യരാജ്യങ്ങളുമായോ സ്വന്തം ഉപദേഷ്ടാക്കളുമായി പോലുമോ ഇതിനെപ്പറ്റി ചര്‍ച്ച ചെയ്തിരുന്നില്ലത്രേ. രാജ്യാന്തര നിയമങ്ങള്‍ക്കും അമേരിക്കതന്നെ ഇതുവരെ തുടര്‍ന്നുവന്ന നയങ്ങള്‍ക്കും വിരുദ്ധമാണിതെന്നു പരക്കേ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ഇതിനിടയില്‍ ഗാസയില്‍ വെടിയൊച്ച മിക്കവാറും നിലച്ചിരിക്കുകയാണ്. അതിനെക്കുറിച്ചാണ് ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത്. ഇരു പക്ഷങ്ങളിലുമായി അരലക്ഷത്തോളം മനുഷ്യരുടെ (മിക്കവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന നിരപരാധികളുടെ) ജീവഹാനിക്കിടയാക്കിയ ഈ യുദ്ധത്തില്‍ ഇപ്പോഴെങ്കിലും വെടിനിര്‍ത്തല്‍ ഉണ്ടായതില്‍ ആശ്വാസം കൊള്ളാത്തവരുണ്ടാവില്ല. ഇനിയും ഇത്തരമൊരു യുദ്ധം പൊട്ടിപ്പുറപ്പടരുതേയെന്നു പ്രാര്‍ഥിക്കാത്തവരുമുണ്ടാവില്ല.
ഹമാസ് തീവ്രവാദികളെ നിശ്ശേഷം തുടച്ചുനീക്കുന്നതുവരെ വെടിനിര്‍ത്തുന്ന പ്രശ്നമേ ഇല്ലെന്നാണ് കഴിഞ്ഞ ചില ആഴ്ചകള്‍ക്കു മുന്‍പ് പോലും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നത്. ഇസ്രയേലിന്‍റെ സൈനിക-ആയുധ ശക്തിയിലുളള വിശ്വാസവും സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ ഇസ്രയേലിനെ സഹായിക്കാന്‍ അമേരിക്ക ഉണ്ടായിരിക്കുമെന്ന പ്രതീക്ഷയുമായിരുന്നു അതിന്‍റെ പിന്നില്‍.

യുദ്ധവിരാമമല്ല ഇപ്പോഴുണ്ടായിരിക്കുുന്നത്. പോരാട്ടം തല്‍ക്കാലത്തേക്കു നിര്‍ത്തിവയ്ക്കുന്നുവെന്നു മാത്രം. 2023 ഒക്ടോബര്‍ ഏഴിനു ഗാസയില്‍നിന്ന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലിലേക്കു പെട്ടെന്നു റോക്കറ്റ് ആക്രമണം നടത്തുകയും തുടര്‍ന്ന് ഇസ്രയേല്‍ പതിന്മടങ്ങ് ഉഗ്രമായി പ്രത്യാക്രമണം നടത്തുകയും ചെയ്തതോടെയായിരുന്നു യുദ്ധത്തിന്‍റെ തുടക്കം.
മൂന്നു ഘട്ടങ്ങളിലായിട്ടാണ് വെടിനിര്‍ത്തല്‍ നടപ്പില്‍ വരുത്തുക. 42 ദിവസം നീണ്ടുനില്‍ക്കുന്ന ആദ്യഘട്ടത്തില്‍ പൂര്‍ണ വെടിനിര്‍ത്തലുണ്ടായിരിക്കും. അതിനിടയില്‍ ഹമാസ് അവരുടെ അധീനത്തിലുളള 33 ബന്ദികളെ ഇസ്രയേലിനു വിട്ടുകൊടുക്കും. അതിനു പകരമായി ഇസ്രയേല്‍ അവരുടെ ജയിലുകളിലുളള 1900 പലസ്തീന്‍കാരെ മോചിപ്പിക്കും.
പലസ്തീന്‍കാര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍നിന്ന് ഇസ്രയേലി സൈനികര്‍ ഒഴിഞ്ഞുപോകണമെന്നതും ആദ്യഘട്ടത്തില്‍തന്നെ പാലിക്കപ്പെടേണ്ടതും 16 ദിവസത്തിനകം നടപ്പാക്കേണ്ടതുമായ നിബന്ധനയാണ്. യുദ്ധത്തിനിടയില്‍ പാര്‍പ്പിടങ്ങളില്‍ നിന്ന്ു ഓടിപ്പോകേണ്ടിവന്നവര്‍ക്ക് അവരുടെ സ്ഥലങ്ങളിലേക്കു മടങ്ങാം. പക്ഷേ മിക്കവരുടെയും വാസസ്ഥലങ്ങള്‍ നിലംപരിശായി കിടക്കുകയാണ്. മിക്കവര്‍ക്കും പോകാന്‍ ഇടവുമില്ല.
ഗാസാ നിവാസികള്‍ക്കുളള ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളുമായി ഓരോ ദിവസവും 600 വരെ ലോറികള്‍ക്ക് ഈജിപ്തിലെ റഫ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍നിന്നു ഗാസയിലേക്കു പ്രവേശിക്കാന്‍ അനുവാദമുണ്ടായിരിക്കും. തക്കതായ അടിയന്തര ചികില്‍സ ആവശ്യമുള്ളവരെ നാടുവിട്ടുപോകാന്‍ അനുവദിക്കുകയും ചെയ്യും.
ആദ്യഘട്ടത്തിലെ നടപടികള്‍ ഇരു കൂട്ടര്‍ക്കും എത്രമാത്രം തൃപ്തികരമാണെന്നതിനെ ആശ്രയിച്ചിരിക്കും രണ്ടും മൂന്നും ഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ വിജയം. മുഖ്യമായും ഇസ്രയേലി ബന്ദികളുടെയും ഇസ്രയേലിലെ ജയിലുകളില്‍ കഴിയുന്ന പലസ്തീന്‍കാരുടെയും മോചനവും പരസ്പരമുളള കൈമാറ്റവുമാണ് പ്രശ്നം. ഒരു ബന്ദിയെ വിട്ടുകിട്ടുവാനായി ഇസ്രയേലിനു ശരാശരി 120 പലസ്തീന്‍ തടവുകാരെ വിട്ടയക്കേണ്ടിരുന്നു. ഇവരില്‍ പലരും ഗാസയിലെ ഹമാസ് ആക്രമണത്തിനു മുന്‍പ്തന്നെ അറസ്റ്റ് ചെയ്യപ്പെട്ടവരാണ്. ഹമാസിന്‍റെ ബന്ദികളായവരില്‍ ഇസ്രയേലികളല്ലാത്ത സന്ദര്‍ശകരും ഉള്‍പ്പെടുന്നു.
ഗിലാദ് ഷലിത് എന്നൊരു യുവ ഇസ്രയേല്‍ സൈനികനെ 2006ല്‍ പലസ്തീന്‍ തീവ്രവാദികള്‍ അതിര്‍ത്തി കടന്നുവന്നു തട്ടിക്കൊണ്ടുപോയിരുന്നു. അഞ്ചു വര്‍ഷം കഴിഞ്ഞാണ് വിട്ടയച്ചത്. മാത്രമല്ല അതിനു പകരമായി ഇസ്രയേലിലെ ജയിലികളിലുളള 1027 പലസ്തീന്‍കാരെ വിട്ടയക്കേണ്ടി വരികയുമുണ്ടായി.

ഇത്തവണ 2023 ഒക്ടോബര്‍ ഏഴിനു 250 പേരെ ഹമാസ് തട്ടിക്കൊണ്ടു പോയപ്പോള്‍ ഇസ്രയേലികളുടെ ഉള്ളിലുണ്ടായ ഭീ്തിയുടെയും ആശയക്കുഴപ്പത്തിന്‍റെയും മുഖ്യകാരണവും ആ സംഭവമായിരുന്നു. യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കേ നിരപരാധികളായ പലസ്തീന്‍കാര്‍ കുട്ടത്തോടെ കൊല്ലപ്പെടുക മാത്രമായിരുന്നില്ല. നിരപരാധികളായ ഇസ്രയേലി ബന്ദികളുടെ ഭാവി തുലാസ്സില്‍ തൂങ്ങുകയുമായിരുന്നു.
ഒന്നേകാല്‍ വര്‍ഷത്തെ യുദ്ധത്തിനിടയില്‍ ഒരു തവണ (2023 നവംബറില്‍) നാലു ദിവസത്തക്കു മാത്രമാണ് വെടിനിര്‍ത്തിയിരുന്നത്. ഏതാനും ദിവസത്തേക്കു കൂടി അതു നീട്ടിയെങ്കിലും അതില്‍ കൂടുതല്‍ നീട്ടാനുള്ള മധ്യസ്ഥരുടെ (മുഖ്യമായും ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നിവയുടെ) ശ്രമം വിജയിക്കുകയുണ്ടായില്ല. അവരുടെതന്നെ മാസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകളും കൂടിയാലോചനകളുമാണ് പുതിയ വെടിനിര്‍ത്തലിനു വഴി തുറന്നിട്ടതും.
രണ്ടും മൂന്നും ഘട്ടങ്ങളിലായി മോചിപ്പിക്കപ്പെടുന്ന ഇസ്രയേലി ബന്ദികളെയും പലസ്തീന്‍ തടവുകാരെയും സംബന്ധിച്ച വിശദ വിവരങ്ങള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ല. പല ബന്ദികളും മരിച്ചുപോയി. വെടിനിര്‍ത്തല്‍ കാര്യത്തില്‍ ഇത്രയും വൈകാതെ തീരുമാനമെടുത്തിരുന്നുവെങ്കില്‍ അവരുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നുവെന്നു കരുതുന്നവര്‍ ഇസ്രയേലില്‍ തന്നെയുണ്ട്. അവരുടെ മരണത്തിന് പ്രധാനമന്ത്രി നെതന്യാഹു കൂടിഉത്തരവാദിയാണെന്ന് വിമര്‍ശിക്കപ്പെടുന്നു.
അതേസമയം, ഹമാസിനെ ഉന്മൂലനം ചെയ്യാതെ വെടിനിര്‍ത്തില്ലെന്നു പ്രതിജ്ഞ ചെയ്ത നെതന്യാഹു ആ പ്രതിജ്ഞ ലംഘിച്ചുകൊണ്ട് ജനങ്ങളെ വഞ്ചിച്ചുവെന്നു കുറ്റപ്പെടുത്തുന്നവരുമുണ്ട്. അദ്ദേഹത്തിന്‍റെ കൂട്ടൂമന്ത്രിസഭയിലെ തീവ്രവലതു പക്ഷക്കാരായ ചില പാര്‍ട്ടികളും അക്കൂട്ടത്തില്‍ ഉള്‍പ്പെടന്നു. അവരില്‍ ഒരാളായ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമാര്‍ ബെന്‍ഗ്വിര്‍ രാജി വയ്ക്കുകയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയെ മന്ത്രിസഭയില്‍നിന്നു പിന്‍വലിക്കുകയും ചെയ്തു.
ധനമന്ത്രി ബിസലേല്‍ സ്മോട്രിച്ചു രാജിഭീഷണി മുഴക്കിയെങ്കിലും തല്‍ക്കാലം തുടരാന്‍തന്നെ തീരുമാനിച്ചിരിക്കുകയാണ്. വെടിനിര്‍ത്തലിന്‍റെ പുരോഗതിയെ ആശ്രയിച്ചിരിക്കും അതിനോടുളള അവരുടെ ഭാവിയിലെ സമീപനം.
ഗാസയില്‍ വെടിനിര്‍ത്താന്‍ തീരുമാനിക്കുമ്പോള്‍ അമേരിക്കയിലെ പ്രസിഡന്‍റ് ജോ ബൈഡനായിരുന്നു. അദ്ദേഹത്തെ തുടര്‍ന്നു പ്രസിഡന്‍റായ ഡോണള്‍ഡ് ട്രംപ് അതിനെ എതിര്‍ക്കുകയുണ്ടായില്ല. എങ്കിലും പിന്നീട് ട്രംപ് നടത്തിയ ചില പ്രസ്താവനകള്‍ സംശയം ജനിപ്പിക്കുന്നു. ഈ വെടിനിര്‍ത്തല്‍ അധികനാളുകള്‍ നിലനില്‍ക്കാന്‍ ഇടയില്ലെന്ന പ്രസ്താവന അതിനുദാഹരണമാണ്. ഗാസയില്‍നിന്ന് പലസ്തീന്‍കാരെ മാറ്റിപ്പാര്‍പ്പിക്കാനുളള അദ്ദേഹത്തിന്‍റെ പ്ലാന്‍ അതിന് അടിവരയിടുന്നു.