സ്പോർട്സും സ്ട്രീമിംഗും: കളി മാറി കളം മാറി
Mail This Article
ഇഎസ്പിഎൻ ആയിരുന്നല്ലോ ലോകത്തെ ഏറ്റവും വലിയ സ്പോർട്സ് ടിവി ചാനൽ! ഉടമകളായ ഡിസ്നിയുടെ കാഷ്കൗ ആയിരുന്നു ഇഎസ്പിഎൻ. കളികളുടെ ലൈവ് സ്ട്രീമിംഗിലേക്ക് കാണികളും കച്ചവടവും മാറുന്നതു കണ്ടതോടെ ഇഎസ്പിഎൻ അടുത്ത വർഷം സ്ട്രീമിംഗ് പ്ലാറ്റ്ഫോം തുടങ്ങുകയാണ്. കൂട്ടിന് ഫോക്സ് ഗ്രൂപ്പും വാർണർ ബ്രദേഴ്സുമുണ്ട് – സ്ട്രീമിംഗ് പ്ലാറ്റ്ഫോമിന്റെ പേര് കേട്ടാൽ നമുക്കു ചിരിവരും – വേണു!! (VENU). പക്ഷേ ഉച്ചരിക്കേണ്ടത് വെന്യു എന്നാണത്രെ.
സ്പോർട്സ് കാണുന്നതിലാണ് യുവതലമുറയെന്നു കണ്ടതോടെ പരസ്യങ്ങളെല്ലാം അങ്ങോട്ടായി. പക്ഷേ പിള്ളേര് സാറ്റലൈറ്റ് ടിവി വഴിയല്ല, ഡിജിറ്റലായി മാത്രമേ കാണൂ. അതോടെ ആമസോൺ പ്രൈമും ഗൂഗിളും ആപ്പിളുമെല്ലാം ആ വഴിക്കാണ്. അമേരിക്കയിൽ ബേസ് ബോൾ, ബാസ്ക്കറ്റ് ബോൾ, ഫുട്ബോൾ, സോക്കർ മൽസരങ്ങളെല്ലാം വൻ തുകയ്ക്കാണ് സ്ട്രീമിംഗ് അവകാശം വിൽക്കുന്നത്.
കഴിഞ്ഞ ഐപിഎൽ സീസണിൽ കളി കാണിക്കാനുള്ള അവകാശം ഏതാണ്ട് തുല്യ തുകയ്ക്കാണ് ജിയോയും സ്റ്റാറും സ്വന്തമാക്കിയത്. ജിയോ സ്ട്രീമിംഗിനും സ്റ്റാർ ടിവി ചാനലിനും. ഇന്ത്യയിലെ സ്റ്റാറിനെ ജിയോ ഏറ്റെടുക്കുന്നതോടെ അടുത്ത സീസണിൽ രണ്ടിന്റേയും അവകാശം ജിയോയ്ക്കായിരിക്കും. ഇന്റർനെറ്റ് അംബാനിയുടെ കൈപ്പിടിയിലായതിനാൽ അവർക്കിതു ലാഭക്കച്ചവടവുമാണ്.
സ്പോർട്സ് ടിവിയിൽ കാണിക്കുന്നതിന്റെ തുടക്കം 1936ലെ ബർലിൻ ഒളിംപിക്സിലായിരുന്നു. സ്റ്റേഡിയത്തിനുചുറ്റും മാത്രമാണ് പരിപാടികൾ കാണിച്ചത്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് 1948ൽ ലണ്ടൻ ഒളിംപിക്സിൽ സംപ്രേഷണാവകാശത്തിന് കാശ് തരാമെന്നു ബിബിസി പറഞ്ഞപ്പോൾ ഒളിംപിക്സ് കമ്മിറ്റിക്കാർ ഏയ് കാശൊന്നും വേണ്ടെന്നു പറഞ്ഞത്രെ. അവിടെ തുടങ്ങിയതിന്റെ ഇന്നത്തെ സ്ഥിതിയോ?
പാരിസ് ഒളിംപിക്സിൽ 300 കോടി കാണികൾ. കളികൾ കാണിക്കുന്ന മീഡിയ കമ്പനികളിൽ നിന്ന് ഒളിംപിക്സ് അസോസിയേഷൻ വരുമാനം 330 കോടി ഡോളർ. 28000 കോടി രൂപ! ലോകമാകെ സകല കളികളുടേയും ടിവി–സ്ട്രീമിംഗ് അവകാശം അനേകം കമ്പനികൾക്കായി കഴിഞ്ഞ വർഷം വിറ്റുപോയത് 15900 കോടി ഡോളറിനാണ്. രൂപയിൽ പറഞ്ഞാൽ അന്തവും കുന്തവുമില്ല.– 12.8 ലക്ഷം കോടി രൂപ!!
കഴിഞ്ഞ ഒളിംപിക്സിന്റെ കാണികളിൽ മൂന്നിലൊന്ന് സ്ട്രീമിംഗിലായിരുന്നു. യുഎസിൽ ടിവി കാണലിന്റെ 40% സ്ട്രീമിംഗ് വഴിയാണത്രെ. നെറ്റ്ഫ്ളിക്സ് തുടങ്ങിവച്ച വിപ്ളവം!. സിനിമകളും സീരിയലുകളുമായിട്ടു കഴിഞ്ഞിരുന്ന നെറ്റ്ഫ്ളിക്സും പരസ്യവും കാശും സ്പോർട്സിലാണെന്നു കണ്ടിരിക്കുന്നു.
ലക്ഷുറി ബ്രാൻഡുകൾ സ്പോർട്സ് മൽസരങ്ങൾക്ക് എത്ര കാശുമുടക്കാനും റെഡിയാണ്. ഒളിംപിക്സ് ദീപശിഖ വച്ചിരുന്നത് ലൂയി വ്വിറ്റോണിന്റെ ബാഗിൽ. ഫ്രഞ്ച് ഫാഷൻ ബ്രാൻഡായ എൽവിഎംഎച്ചിനായിരുന്നു പ്രധാന സ്പോൺസർഷിപ്പ്.
ഒടുവിലാൻ∙ ഹോട്ട്ഡോഗ് തീറ്റ മൽസരം വരെ സ്പോർട്സ് കവറേജിന്റെ ഭാഗമായി! നമുക്ക് ഇഡ്ഡലി തീറ്റ മൽസരം നോക്കാവുന്നതാണ്.