ബോയിങിന് പറ്റാത്ത മസ്കിന്റെ മുഷ്ക്ക്

astronaut-lit-l
Photo Credit: Representative image created using AI Image Generator
SHARE

നാസയും ബോയിങും വിചാരിച്ചിട്ടു നടക്കാത്തത് ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കമ്പനി നടത്തി കാണിക്കുന്നു. അവരുടെ പ്രോജക്ടുകൾക്ക് ചെലവും അതു പൂർത്തിയാക്കാൻ വേണ്ട സമയവും നാസ–ബോയിങ് ദൗത്യങ്ങളുടെ പാതിയിലും താഴെ. ഇതെങ്ങനെ സംഭവിക്കുന്നു? എന്തുകൊണ്ട് നാസ–ഐഎസ്ആർഒ പോലുള്ള സ്ഥാപനങ്ങൾക്ക് ഇത്തരം സ്റ്റാർട്ടപ്പുകളുടെ വേഗതയും കാര്യക്ഷമതയും കഴിയുന്നില്ല?

ബഹിരാകാശ യാത്രികരെ സ്പേസ് സ്റ്റേഷനിലെത്തിക്കാനും തിരികെ കൊണ്ടു വരാനുമുള്ള ബോയിങിന്റെ ചെലവേറിയ പദ്ധതിക്ക് നാസ കരാർ കൊടുത്തത് പൊളിഞ്ഞു പാളീസായി. നാസ–ബോയിങ് ഉദ്യോഗസ്ഥർ തമ്മിൽ വാക്കേറ്റമായി. സ്പേസ് എക്സ് പുഷ്പം പോലെ പേടകം അയച്ച് യാത്രികരെ കൊണ്ടുവന്നു. ഇനി സുനിത വില്യംസിനേയും കൊണ്ടു വരും. 

ആഷ്‌ലി വാൻസ് എഴുതിയ ഇലോൺ മസ്കിന്റെ ജീവചരിത്രത്തിൽ അതിന്റെ രഹസ്യം പറയുന്നുണ്ട്. നാസയ്ക്കും ബോയിങിനുമെല്ലാം വലിയൊരു ശാസ്ത്രഗവേഷണ സ്ഥാപനത്തിന്റെ രീതിയിലേ നടത്താൻ കഴിയൂ. എച്ച്ആർ നയങ്ങളും ജോലി സമയവും പെൻഷനുമെല്ലാമുണ്ട്. സ്പേസ് എക്സിലോ? ഇത്തരം ബ്യൂറോക്രസി ഇല്ല.  ഒരു എക്വിപ്മെന്റ് വേണമെന്നു തോന്നിയാൽ ലോകത്ത് എവിടെ കിട്ടുമെങ്കിലും ഉടൻ വിമാനം അയച്ച് കൊണ്ടുവരും. ഏറ്റവും മിടുക്കരായ വിദഗ്ധരെ എണ്ണം പറഞ്ഞ സർവകലാശാലകളിൽ നിന്നോ കമ്പനികളിൽ നിന്നോ റിക്രൂട്ട് ചെയ്യും. 

റിക്രൂട്ട്മെന്റ് തന്നെ രസമാണ്. ചില വിദഗ്ധരെ കൊണ്ടു വരണം എങ്കിൽ അവർ ലോകത്ത് എവിടെയുണ്ടെന്നു കണ്ടെത്തുന്നു. ഉടൻ എച്ച്ആർ കക്ഷി അവിടെ പറന്നിറങ്ങി ആളെ ഒരു കോഫി ഷോപ്പിലേക്ക് ക്ഷണിക്കുന്നു. കുശലപ്രശ്നം പോലെ ഇന്റർവ്യൂ. കൊള്ളാമെന്നു തോന്നിയാലുടൻ വൻ ഓഫർ! സമ്മതിച്ചാലുടൻ പൊക്കി അടുത്ത പ്ളെയിനിൽ എത്തിക്കും. ഉറങ്ങുന്ന സമയം ഒഴികെ ബാക്കി മുഴുവൻ സമയവും ജോലി! റിലാക്സ് ചെയ്യാൻ ബാർ ഉണ്ടാക്കിയിട്ടുണ്ട്. ബോറടിച്ചാൽ ബിയറടിക്കാം. ഗുണമില്ലെന്നു കണ്ടാൽ പറഞ്ഞുവിടും, അത്രതന്നെ. മസ്കും ഇതുപോലെ തന്നെ ഓഫിസിൽ ഉറങ്ങിയെണീറ്റ് ജോലി ചെയ്യുകയാണ്.

ജീവനക്കാരിൽ അത്തരം ‘മൊറാലും മോട്ടിവേഷനും’ എങ്ങനെ വരുന്നു? ഹോമോ സാപിയനെ മൾട്ടി പ്ളാനറ്റ് സ്പീഷിസ് ആക്കാനുള്ള (എന്നു വച്ചാൽ മനുഷ്യമ്മാരെ പല ഗ്രഹങ്ങളിൽ അധിവസിക്കുന്ന ജീവിവർഗമാക്കാനുള്ള) മഹത്തായ യജ്ഞമാണ്. ആ പ്രചോദന പ്രകർഷത്തിൽ സകലരും പണിയെടുക്കുന്നു. 

ലോകം മാറ്റി മറിക്കാനുള്ള വിപ്ളമാണ്, അല്ലാതെ ശമ്പളത്തിനു വേണ്ടിയുള്ള ജോലിയല്ല. ടെസ്‌ല ബാറ്ററി കാറും സ്റ്റാർ ലിങ്ക് ഉപഗ്രഹ ഇന്റർനെറ്റും എല്ലാം വിപ്ളവങ്ങളാണ്. 

ഒടുവിലാൻ∙ അകലെ ചുവന്ന പ്രഭാതം എന്നതായിരുന്നല്ലോ പതിനായിരങ്ങളെ പ്രചോദിപ്പിക്കാൻ പണ്ടുപയോഗിച്ച മുദ്രാവാക്യം. ഇപ്പോഴത് അകലെ ബഹിരാകാശവും ചൊവ്വയും വ്യാഴവും എന്നായിട്ടുണ്ടെന്നു മാത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS