ADVERTISEMENT

പശ്ചാത്താപം എന്നു പറഞ്ഞാൽ ഇതാണ്. ഒരു രാജ്യം മുഴുവൻ പശ്ചാത്തപിക്കുന്നു. ബ്രിട്ടനാണ് രാജ്യം. ഒരു വാശിക്ക് യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തു പോയി–ബ്രെക്സിറ്റ്! ഒരു വാശിക്ക് കിണറ്റിൽ ചാടിയാൽ ഒരുപാടു വാശിക്കും കയറി വരാനൊക്കില്ലല്ലോ. ബ്രിട്ടിഷ് എക്സിറ്റ് ആണു ബ്രെക്സിറ്റ് എങ്കിൽ ഇപ്പോഴത് ബ്രെഗ്രറ്റ് ആകുന്നു. ബ്രിട്ടിഷ് റിഗ്രറ്റ്!

ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ ബ്രെക്സിറ്റിനു ശേഷം ചുരുങ്ങുകയായിരുന്നു. ഇക്കൊല്ലം അവസാനിക്കുമ്പോഴേക്കും ബ്രിട്ടിഷ് ജിഡിപി 3% കൂടി ചുരുങ്ങുകയാണ്. ബ്രെക്സിറ്റിനു ശേഷം ഏകദേശം 6% വരെ ചുരുങ്ങി. അതായത് ഇന്ത്യയുടെ ജിഡിപി 6.5 ശതമാനത്തിലേറെ വർഷം തോറും കേറുമ്പോൾ അവിടെ താഴോട്ടാണ് വളർച്ച. ബ്രെക്സിറ്റിനു ശേഷം അവരുടെ കയറ്റുമതിയിൽ 27% ഇടിവുണ്ടായി.

പൊതുജനം കഴുത എന്നാണല്ലോ ചൊല്ല്. അവരോട് ഭൂരിപക്ഷാഭിപ്രായം ചോദിച്ചാൽ അപകടമാവും എന്നതിന് ലോകത്തു തന്നെ ഏറ്റവും വലിയ ഉദാഹരണമാണ് ബ്രെക്സിറ്റ്. 2016 ജൂണിൽ റഫറണ്ടം നടത്തിയപ്പോൾ 51.8% പേർ യൂറോപ്യൻ യൂണിയനിൽ നിന്നു വിട്ടു പോകുന്നതിനെ പിന്തുണച്ചു. നേരിയ ഭൂരിപക്ഷം. ഈ അവിവേകം കാട്ടിയ അന്നത്തെ പ്രധാനമന്ത്രി ജയിംസ് കാമറൺ രാജിവച്ചു. ബ്രെക്സിറ്റിനായി പ്രചാരണം നടത്തിയ ബോറിസ് ജോൺസണും പ്രധാനമന്ത്രിയായി. ഇന്ന് ബഹുഭൂരിപക്ഷം പേരും ബ്രെക്സിറ്റ് അബദ്ധമായെന്നും തിരികെ ഇയുവിൽ കയറണമെന്നും കരുതുന്നു.

ലോകത്തെ സർവ വൻകിട കമ്പനികളുടേയും യൂറോപ്പിലെ ആസ്ഥാനം ലണ്ടൻ ആയിരുന്നു മുമ്പ്. ബ്രെക്സിറ്റിനു ശേഷം അനേകം കമ്പനികൾ ആസ്ഥാനം ലണ്ടനിൽ നിന്നു മാറ്റുകയോ സ്റ്റാഫിനെ കുറയ്ക്കുകയോ ചെയ്തു. എയർബസ്, ഫോഡ്, ഹോണ്ട, പാനാസോണിക്, ഫിലിപ്സ്, സോണി... എന്നു വച്ചാൽ അത്രയും തൊഴിലവസരങ്ങളും  പോവുകയാണ്.

ബാങ്ക് ഓഫ് അമേരിക്ക, മെറിൽ ലിഞ്ച്, ബാർക്ളെയ്സ്, ക്രെഡിറ്റ് സ്യൂസ്, ഗോൾഡ്മാൻ സാക്സ്, എച്ച്എസ്ബിസി...ഇമ്മാതിരി ബാങ്കുകളും മറ്റും പോയതോടെ ലോകധനകാര്യ തലസ്ഥാനങ്ങളിൽ ഒന്നെന്ന സ്ഥാനവും ലണ്ടന് നഷ്ടമായി.

യൂറോപ്പിൽ നിന്ന് സീസണൽ ജോലികൾക്കായും മറ്റും അനേകർ കുടിയേറുന്നതിലെ ഇഷ്ടക്കേടായിരുന്നു ബ്രെക്സിറ്റിനു പ്രേരണയായത്. ഇപ്പോഴെന്താ സ്ഥിതി? കൃഷിപ്പണികൾക്ക് ആളെ കിട്ടാനില്ല. മുന്തിരി പറിച്ചെടുക്കാനും വൈനുണ്ടാക്കാനുമൊന്നും ആളില്ല. യൂറോപ്പിലെ കാർഷിക വിപണിയും ബ്രിട്ടിഷ് കർഷകർക്കു നഷ്ടമായി. ബ്രിട്ടനിൽ സർവതിനും വില ഇരട്ടിയിലേറെയായി. സാമ്രാജ്യത്ത ശക്തിയായിരുന്ന ബ്രിട്ടൻ വെറുമൊരു യൂറോപ്യൻ ദ്വീപ് രാജ്യമായി മാറുകയാണ്.

ഒടുവിലാൻ∙ നമുക്കൊരു ബക്സിറ്റ് ആയാലോ? ബംഗാളി എക്സിറ്റ്! സർവ ബംഗാളികളും ഔട്ട്. പിറ്റേന്നു മുതൽ തട്ടുകട പോലും തുറക്കില്ല. ഒരാഴ്ചയ്ക്കകം വരും കെഗ്രറ്റ്–കേരള റിഗ്രറ്റ്.

English Summary:

Business boom column by P Kishore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com