സായിപ്പിന്റെ ചങ്കിൽ ഇടിവെട്ടി ചൈന

Mail This Article
യുകെയിൽ നിന്നു വന്ന ചങ്ങാതിക്ക് നാട്ടിൽ ഒസ്യത്തായി കിട്ടിയ പത്തുമുപ്പത് സെന്റ് സ്ഥലം വിൽക്കണം. കിട്ടുന്ന കാശ് അങ്ങോട്ടു കൊണ്ടു പോകാനാണ്. നാടുവിട്ടിട്ട് കാലമേറെ ആയതിനാൽ ഇവിടെ കാര്യങ്ങൾ എങ്ങനെയൊക്കെയാണു നടക്കുന്നതെന്നറിയില്ല.
നാട്ടിലെ പഴയ സഹപാഠി ‘കുടിക്കമ്പനി’കളോടു ചോദിക്കാതെ ചൈനീസ് എഐ കമ്പനിയായ ഡീപ് സീക്കിനോടു ചോദിച്ചു. വിശദമായ മറുപടി കണ്ടു കണ്ണുതള്ളിപ്പോയി. എന്തൊക്കെ ചെയ്യണമെന്നു കൃത്യമായി പറയുന്നു. ഒരു സബ് റജിസ്ട്രാർ പോലും ഇത്ര കൃത്യമായി കാര്യങ്ങൾ പറഞ്ഞു തരണമെന്നില്ല.
ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി വന്നപ്പോൾ സ്കൂൾ കോളജ് കുട്ടികളൊക്കെ അതിന്റെ പിറകേയായിരുന്നു. പിള്ളേര് ഹോംവർക്ക് ചാറ്റ്ജിപിടിയെ ഏൽപ്പിച്ചു. പിജിക്കാരും പിഎച്ച്ഡിക്കാരും വരെ അതിൽ കിട്ടുന്നതൊക്കെ തിസിസിൽ കേറ്റും. ഇതിലപ്പുറമൊന്നുമില്ലെന്നു വിചാരിച്ചിരിക്കുമ്പോഴാണ് ചൈനയിലെ ഹാങ്ഷൂവിൽ നിന്നു ഡീപ്സീക്ക് വരുന്നത്.
സായിപ്പിന്റെ ചങ്കിൽ ചൈനയുടെ ഇടിവെട്ടി. ഏറ്റവും നൂതന ചിപ്പുകളുണ്ടാക്കുന്ന എൻവിഡിയയുടെ ഓഹരിവില 17% താഴ്ന്ന് കമ്പനി മൂല്യം 60000 കോടി ഡോളർ ഇടിഞ്ഞു. യുഎസ് ഓഹരി വിപണിയുടെ ചരിത്രത്തിൽ ഒറ്റ ദിവസത്തെ ഏറ്റവും വലിയ ഇടിവ്!
ഡീപ്സീക്ക് ഉണ്ടാക്കാൻ ചെലവ് 60 ലക്ഷം ഡോളർമാത്രം (52 കോടി രൂപ) എന്നു കേട്ടപ്പോഴാണ് സഹിക്കാൻ പറ്റാതായത്. പതിനായിരക്കണക്കിനു കോടി ചെലവഴിക്കുന്ന ഓപ്പൺ എഐയുടെ സാം ആൾട്ട്മാനു വൈക്ളബ്യമായി. ഡീപ്സീക്ക് സ്ഥാപകൻ ലിയാങ് വെൻഫെങ് ആഗോള സെലിബ്രിറ്റിയായി. ഇവനാര്...? ലോകമാകെ ചോദ്യമായി.
പടങ്ങൾ പോലും അപൂർവം. വലിയ കട്ടിക്കണ്ണടയും മീശയും. ഷാൻജിയാങ് നഗരത്തിൽ അധ്യാപകരുടെ മകനായി 1985ലാണു കഥാപുരുഷൻ ഭൂജാതനായത്. (ജനിച്ചെന്നു പറഞ്ഞാലൊരു ഗുമ്മില്ല.) മിഡിൽ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കണക്കിന് എംഎസ്‌സി മാത്‌സ് നിലവാരത്തിലുള്ള ജ്ഞാനം ഉണ്ടായിരുന്നു പറയുന്ന പാണൻമാരുണ്ട്. ഷിജിയാങ് സർവകലാശാലയിൽ നിന്ന് ഇലക്ട്രോണിക്–ഇൻഫർമേഷനിൽ പിജി.
ആദ്യം തുടങ്ങിയത് ഹൈഫ്ളയർ ഹെഡ്ജ് ഫണ്ടാണ്. സ്വന്തമായുണ്ടാക്കിയ അൽഗോരിതം ഉപയോഗിച്ച് വിപണിയിൽ കളിച്ച് ശതകോടികളുണ്ടാക്കി. ആ കാശും കൊണ്ടാണ് ഡീപ് സീക്കിലേക്ക് ഇറങ്ങിയത്. ചൈനയിലേക്ക് അമേരിക്കയുടെ ചിപ്പ് കയറ്റുമതി നിരോധനം വരും മുമ്പേ എൻവിഡിയയുടെ ഏറ്റവും മുന്തിയ എ100 ഗ്രാഫിക് പ്രോസസിങ് ചിപ്പുകൾ 10000 എണ്ണം ഇവർ വാങ്ങി സ്റ്റോക്ക് ചെയ്തിരുന്നു. സായിപ്പിന്റെ തുറുപ്പ് ഗുലാൻ ചിപ്പ് ഉപയോഗിച്ചു തന്നെ സായിപ്പിനെ വെട്ടി.
ഒടുവിലാൻ∙ എഐയിൽ ഇന്ത്യ എവിടെ നിൽക്കുന്നു? നാലാം സ്ഥാനമുണ്ട്. 4 ലക്ഷത്തിലേറെ എഐ എൻജിനീയർമാരുണ്ട്. ഐടി പോലെ എഐയിലും കേറും എന്നാണു മപ്പടിക്കുന്നത്.