ADVERTISEMENT

പൊട്ടിപ്പോകും എന്നറിഞ്ഞുകൊണ്ടു തന്നെ കാലെടുത്തു വയ്ക്കുന്ന ഒട്ടേറെ ബിസിനസുകളുണ്ട്. സിനിമയാണ് ബെസ്റ്റ് ഉദാഹരണം. എഴുപതുകളിൽ ഗൾഫിലേക്കു കൂട്ടത്തോടെ പോയ മലയാളികൾക്കു കാശ് ആയതോടെ സിനിമാ മോഹമുദിച്ചു. ഒരു പടം പിടിക്കണം, നാട്ടിൽ അറിയപ്പെടണം. കന്നിച്ചിത്രം നിർമിക്കാൻ കന്നി നിർമാതാവ് വരുന്നു. അനന്തരം കന്നിക്കാരൻ കുത്തുപാളയെടുത്ത് സ്ഥലം വിടുന്നു. ഈ കഥ മാറ്റമില്ലാതെ ഇന്നും തുടരുന്നുണ്ട്.

എല്ലാക്കൊല്ലവും ഇറങ്ങുന്ന പടങ്ങളുടെ നിർമാതാക്കളിൽ 80% എങ്കിലും ആദ്യമായി പടം പിടിക്കുന്നവരാണ്. അവർ മിക്കവാറും ഒരു പടം മാത്രമേ പിടിക്കൂ, രണ്ടാമതൊന്നിനുള്ള ത്രാണി കാണില്ല. ചിലർ ആദ്യത്തേതിന്റെ നഷ്ടം നികത്താൻ ഒന്നു കൂടി പിടിക്കുന്നു. അതോടെ അസ്ഥികൂടം തെളിയും. കയ്യിൽ മുഴുവൻ പണവും ഇല്ലാതെ ബാക്കി പലിശയ്ക്കെടുക്കുന്നവരും കുറേപ്പേർ ഗ്രൂപ്പായി പണം മുടക്കുന്നവരുമുണ്ട്. ഇവിടെയെല്ലാം മോഹാവേശമോ, അഭിനിവേശമോ വെറുമൊരു പൂതി തീർക്കലോ ആകുന്നു ലക്ഷ്യം.

കുട്ടിക്കാലം മുതൽ താരമാവാൻ കൊതിച്ചു നടക്കുന്നതുപോലെ കുട്ടിക്കാലം മുതൽ പടം പിടിക്കാനും കൊതിക്കുന്നവരുണ്ട്. ഒടിടി, ഓവർസീസ് എന്നൊക്കെ പറഞ്ഞ് ഇവരെ കമഴ്ത്താൻ കഴിവുള്ള വേന്ദ്രൻമാർ ഒരുപാടുണ്ട്. ഒടുവിൽ ഒരു കുന്തവുമില്ല. വെറുതെയല്ല വർഷം 200 പടം ഇറങ്ങുന്നതും 1000 കോടി മുടക്കുന്നതും അതിൽ 700 കോടി നഷ്ടമായാലും കാശു മുടക്കിയവരുടെ ദണ്ണം ആരും കാണാത്തതും.

സിനിമ പിടിച്ച 2 ഓട്ടോ ഡ്രൈവർമാരുടെ കഥയിങ്ങനെ– ഒരാൾ ചെറുകിട വ്യവസായം നടത്തി കുറച്ചു കാശുണ്ടാക്കി. മറ്റെയാൾക്ക് സംവിധായകനാവാൻ മോഹാവേശം. രണ്ടു പേരും ചേർന്നപ്പോൾ പടം...! പിന്നെ അവർ തമ്മിൽ തർക്കമായത്രെ. നിർമാതാവിന് സംവിധായകൻ ഹാർഡ് ഡിസ്ക് കൊടുക്കുന്നില്ല! ഡിജിറ്റൽ പൊല്ലാപ്പുകളാണേ.

ചെറുകിട താരങ്ങളെയാണ് ചെറിയ പടത്തിനു വേണ്ടി കാസ്റ്റ് ചെയ്യുക. ദിവസം 2–3 ലക്ഷം കൊടുക്കാം 5 ദിവസം ഷൂട്ട്. അങ്ങനെ ചെറിയ താരം പത്തോ പതിനഞ്ചോ ലക്ഷം വാങ്ങി അഭിനയിച്ച് സ്ഥലം വിടുന്നു. ഇതൊരു ഫ്ളോപ് ഷോ ആണെന്ന് അറിഞ്ഞു കൊണ്ടു തന്നെ താരം റേറ്റ് കൂട്ടി സമ്മതിക്കുന്നതാണ്.

അഭിനയിക്കാൻ ചാൻസിനായി അങ്ങോട്ട് കാശ് കൊടുക്കുന്നവർ പോലുമുണ്ട്. നമ്മുടെ ഒരു കൊച്ചൻ അച്ഛനുണ്ടാക്കിവച്ച ഒരു കോടി കൊടുത്ത് കന്നഡ പടത്തിൽ അഭിനയിച്ച്, പടം പൊട്ടി, പൂതി തീർത്തു.

ഒടുവിലാൻ∙ കന്നി നിർമാതാവായി വന്ന് ആദ്യ പടം ഹിറ്റായപ്പോഴും, പലപടം പൊട്ടി ഒരു പടം സൂപ്പർ ഹിറ്റായപ്പോഴും ആ കാശുമായി വേഗം സ്ഥലം കാലിയാക്കിയവരുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com