കംഫർട്ട് ലവലിന് ക്രീംബണ്ണ് മതി

Mail This Article
നാടൻ ഓലപ്പുര ചായക്കടയിൽ ഉച്ചയ്ക്ക് വൻ തിരക്കാണ്. കോഴി കുമ്പളങ്ങ കറിയും മട്ടൻ തലക്കറിയും പോലുള്ള ഐറ്റംസ് കഴിക്കാൻ പൂത്തകാശുകാർ കൊടുംചൂടത്ത് ആഡംബര കാറുകളുടെ എസി സുഖശീതളിമയിൽ നിന്നു പുറത്തിറങ്ങി ബഞ്ചുകളിൽ ഇരുന്നു വിയർക്കുന്നു. വിഭവങ്ങൾക്ക് വെറും 60 രൂപ പോലുള്ള നിരക്കുകൾ. ഇവർക്കെന്താ കട ഒന്നു വലുതാക്കിയാൽ? ഓലപ്പുര മാറ്റി കൂടുതൽ മേശകളിട്ട് വിശാലമാക്കിയാൽ വിൽപ്പനയും വരുമാനവും കൂടില്ലേ?
അങ്ങനിപ്പം വേണ്ടെങ്കിലോ? ഇത്ര വിൽപ്പനയും വരുമാനവും മതിയെന്ന് ചായക്കട മുതലാളി വിചാരിക്കുന്നുണ്ടെങ്കിലോ? അങ്ങനെ അനേകം ചെറുകിട ബിസിനസുകൾ കേരളത്തിലുണ്ട്. ഏതെങ്കിലും ഉത്പന്നം ഉണ്ടാക്കുന്ന ചെറുകിട വ്യവസായി വല്ല വ്യവസായ പ്രദർശനത്തിലും വന്നു സ്റ്റാൾ ഇട്ടാൽ മറ്റു നാടുകളിൽ നിന്നെത്തുന്നവർ വലിയ ഓർഡർ കൊടുക്കാൻ റെഡിയാണ്. വലിയ ഓർഡർ കേട്ടാൽ വ്യവസായി പിണങ്ങും.
ജ്ജ് ദ്ദിലും ബൽതാവാൻ നോക്ക് എന്നു പറഞ്ഞാൽ വ്യവസായിക്കു ‘മാണ്ട.’ സ്വന്തം കംഫർട്ട് ലവൽ (സുഖസൗകര്യം) ആകുന്നു ഇവിടെ പ്രശ്നം. അതു വിട്ട് വലിയ രീതിയിൽ പോകാൻ യാതൊരുദ്ദേശ്യവുമില്ല. കൈവിട്ടു പോയാലോ? കൂടുതൽ ആളെ നിയമിക്കണം, പ്ളാന്റ് വലുതാക്കണം. സ്കെയിൽ അപ് ചെയ്യാൻ പേടിയാണ്.
ക്രീം ബണ്ണിന്റെ കഥ നോക്കുക. ചെറിയൊരു ബേക്കറിയുടെ പേരു പോലും അത്ര അറിയപ്പെടുന്നില്ല. പക്ഷേ അവിടെയും കാറുകളും ടുവീലറുകളും കാത്തുകിടക്കുന്നു. മൊരിഞ്ഞ ബണ്ണും മൊരിയാത്തതുമുണ്ട്. ബട്ടർ ബണ്ണുണ്ട്. ഇതിനൊക്കെ ആരാധകരുണ്ട്. ബണ്ണുകൾ എത്തിയാൽ ടപ്പേന്നാണു വിറ്റു പോകുന്നത്. വിറ്റു തീർന്നാൽ ബണ്ണ് തീർന്നു, ഇനി നാളെ. അവർക്കും വലിയ ടെൻഷനില്ലാതെ, വിറ്റുവരവ്കൂട്ടി ജിഎസ്ടിയുടെ പൊല്ലാപ്പുകളിലേക്കു പോകാതെ ഒതുങ്ങി നിന്നാൽ മതി. ട്രെയിനിലെ പരസ്യം ‘ലെസ് ലഗേജ്, ബിഗ് കംഫർട്ട്’ തമിഴിലാക്കിയപ്പോൾ ‘ചിന്ന സാമാനം പെരിയ സുഖം’ എന്നായതു പോലെ ചിന്ന ബിസിനസ്, പെരിയ കംഫർട്ട്.
വയനാട്ടിൽ അങ്ങനെയൊരു ബേക്കറിയുണ്ട്. ക്രീം ബണ്ണ് നേരത്തേ ബുക്ക് ചെയ്യണം, ടോക്കൺ എടുത്ത് കാത്തു നിന്നു വാങ്ങണം...ഒരാൾക്ക് 5 എണ്ണത്തിൽ കൂടുതൽ കൊടുക്കില്ല. ബൾക്ക് ആയി വാങ്ങിക്കൊണ്ടു പോയി മറിച്ചു കച്ചവടം ചെയ്താലോ...?
ഒടുവിലാൻ∙ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്തിരുന്ന മൂപ്പീന്ന് പറഞ്ഞു: 62 വയസിൽ വിരമിച്ചു, എന്നിട്ട് അവിടെ തന്നെ കൺസൽട്ടന്റായി! പരമ സുഖം! പത്രാസുകൾ പലതും ഇല്ലെന്നേയുള്ളു, കാശിനു കുറവില്ല. ഉത്തരവാദിത്തങ്ങളില്ല, അനുഭവ സമ്പത്തിൽ നിന്ന് അഡ്വൈസ് വീശിയാൽ മതി! അത് വയസുകാലത്തെ കംഫർട്ട്ലവൽ.!